Connect with us

Kerala

ഗോകുലം ഗോപാലനെ ഇ ഡി ഇന്നും ചോദ്യം ചെയ്‌തേക്കും

ആയിരം കോടിയുടെ നിയമലംഘനമാണ് കേന്ദ്ര ഏജന്‍സി ആരോപിക്കുന്നത്

Published

|

Last Updated

കൊച്ചി | ബി ജെ പി യെയും ആര്‍ എസ് എസിനേയും പ്രകോപിപ്പിച്ച എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവ് വ്യവസായി ഗോകുലം ഗോപാലനെ ഇ ഡി ഇന്നും ചോദ്യം ചെയ്‌തേക്കും. ആയിരം കോടിയുടെ നിയമലംഘനമാണ് കേന്ദ്ര ഏജന്‍സി ആരോപിക്കുന്നത്.

ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ തുടര്‍ച്ചയായാണ് ചോദ്യംചെയ്യല്‍ എന്നാണ് സൂചന. ഗോകുലം ഗോപാലന്റെ മൊഴി ഇ ഡി സംഘം പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍. ഇന്നലെ ഗോപാലന്റെ മകന്‍ ബൈജു ഗോപാലനില്‍ നിന്നും ഇ ഡി വിവരങ്ങള്‍ തേടിയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി അഞ്ചിടങ്ങളില്‍ ആയാണ് പരിശോധന നടന്നത്. കോഴിക്കോട്ടായിരുന്ന ഗോപാലനെ ഇന്നലെ വൈകീട്ട് ചെന്നൈയിലേക്ക് വിളിപ്പിച്ചശേഷം രാത്രി വൈകിയും ഇ ഡി ചോദ്യം ചെയ്തിരുന്നു.

ഗുജറാത്ത് വംശഹത്യയുടെ ഓര്‍മകള്‍ വീണ്ടും ഉണര്‍ത്തിവിട്ട സിനിമക്കെതിരെ ആര്‍ എസ് എസ് മുഖപത്രത്തിലൂടെ രംഗത്തുവരികയും സംഘപരിവാര്‍ നേതാക്കള്‍ ഭീഷണി ഉയര്‍ത്തുകയും ചെയ്തതോടെ നായകന്‍ മോഹന്‍ലാല്‍ ക്ഷമാപണവുമായി രംഗത്തുവന്നിരുന്നു. സംവിധായകന്‍ പൃഥ്വീരാജ് ക്ഷമാപണം ഏറ്റെടുക്കുകയും ചെയ്തു. ഭീഷണിക്കു വഴങ്ങി സിനിമാ സംഘം സിനിമയില്‍ സ്വമേധയാ മാറ്റത്തിനു തയ്യാറായി. പ്രധാന വില്ലന്റെ പേരുവരെ മാറ്റാന്‍ തയ്യാറാവും വിധം കീഴടങ്ങിയ ശേഷം, തിയേറ്ററുകളില്‍ എമ്പുരാന്‍ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് അതിന്റെ നിര്‍മാണ പങ്കാളിയായ ഗോകുലം ഗോപാലനെ തേടി കേന്ദ്ര ഏജന്‍സി എത്തിയത്. എമ്പുരാന്‍ സിനിമയിലും ഇതിനു സമാനമായ ഒരു രംഗമുണ്ട്.

ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ചെന്നെയിലും കോഴിക്കോട്ടുമടക്കം അഞ്ചിടങ്ങളില്‍ പരിശോധന തുടങ്ങിയത്. ചെന്നെയിലെ ഓഫീസ്, വീട്, കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസ്, ഗോകുലം മാള്‍ എന്നിവടങ്ങളിലെല്ലാം റെയ്ഡ് നടത്തി. പി എം എല്‍ എ ലംഘനം, വിദേശ നാണയ വിനിമയ ചട്ടങ്ങ ലംഘനം തുടങ്ങിയ പേരിലാണ് ഇ ഡി പരിശോധന. ഏതാണ്ട് 1,000 കോടിയോളം രൂപയുടെ കള്ളപ്പണ് ഇടപാട് ഗോകുലം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്നെന്നാണ് ആരോപിക്കുന്നത്. ഗോകുലം ഗോപാലന്‍ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്.

 

Latest