Connect with us

Kerala

മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മ്മാതാക്കള്‍ക്കെതിരായ ഇഡി അന്വേഷണം; നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്തു

നേരത്തെ സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെ ഇഡി ചോദ്യം ചെയ്തിരുന്നു.

Published

|

Last Updated

കൊച്ചി| മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മ്മാതാക്കള്‍ക്കെതിരായ അന്വേഷണത്തില്‍ നടനും സഹനിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. സൗബിനെ ഇഡി വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം. നേരത്തെ സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെ ഇഡി ചോദ്യം ചെയ്തിരുന്നു.

കള്ളപ്പണ ഇടപാടുകളിലാണ് നിര്‍മാതാക്കള്‍ക്കെതിരെ അന്വേഷണം. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തി സിറാജിന് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതല്‍ പോലും നല്‍കിയില്ലെന്നായിരുന്നു പരാതി. സിനിമാ നിര്‍മ്മാണത്തിലെ കള്ളപ്പണ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്. ജൂണ്‍ 11നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാണത്തിനായി പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിക്കാരനായ സിറാജ് വലിയത്തറ പരാതിയില്‍ പറഞ്ഞിരുന്നു. ഏഴ് കോടി രൂപയാണ് സിറാജ് നല്‍കിയതെന്നും ഇതില്‍ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബേങ്ക് വഴിയാണ് കൈമാറിയതെന്നും സിറാജ് പറഞ്ഞിരുന്നു. പറവ ഫിലിംസിന്റയും ഷോണ്‍ ആന്റണിയുടെയും ബേങ്ക് അക്കൗണ്ടുകള്‍ കോടതി മരവിപ്പിച്ചിരുന്നു

കേസില്‍ നിര്‍മാതാക്കള്‍ക്കെതിരെ പോലീസ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 18.65 കോടി രൂപയാണ് സിനിമക്ക് ചെലവായത്. എന്നാല്‍ 22 കോടിയെന്ന് പരാതിക്കാരനോട് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് കമ്പനി നല്‍കിയിട്ടില്ല. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

Latest