Connect with us

Kerala

ഗോകുലം ഗോപാലനെ അഞ്ചര മണിക്കൂറിലേറെ ചോദ്യം ചെയ്ത് ഇ ഡി

എമ്പുരാന്‍ സിനിമയുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഗോകുലം ഗോപാലൻ

Published

|

Last Updated

കൊച്ചി | എമ്പുരാന്‍ സിനിമാ സഹനിര്‍മാതാവ് ഗോകുലം ഗോപാലനെ ഇ ഡി ഇന്ന് അഞ്ചര മണിക്കൂറിലേറെ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസയച്ച് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഇന്ന് ഉച്ചക്ക് 12.40ന് ചോദ്യം ചെയ്യലിനെത്തിയ ഗോകുലം ഗോപാലനെ വൈകിട്ട് 6.30നാണ് വിട്ടയച്ചത്. എമ്പുരാന്‍ സിനിമയുമായി ചോദ്യം ചെയ്യലിന് ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ഗോകുലം ഗോപാലന്റെ ചെന്നൈ, കോഴിക്കോട് ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ചെന്നൈയില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തത് ഫെമ ചട്ടലംഘനം നടത്തിയെന്ന ആരോപണത്തില്‍ വ്യക്തത വരുത്താനാണെന്നാണ് വിവരം.

ഗോകുലം ഗ്രൂപ്പിന്റ ചെന്നൈ ഓഫീസില്‍നിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തെന്ന് ഇ ഡി അവകാശപ്പെട്ടിരുന്നു. പണത്തിന്റെ ഉറവിടവും സാമ്പത്തിക സ്രോതസുകളും സംബന്ധിച്ച വിവരങ്ങള്‍ അറിയാനുംകൂടിയാണ് ചോദ്യം ചെയ്യലെന്നാണ് ഇ ഡി പറഞ്ഞത്. എന്നാല്‍ ആരോപണങ്ങള്‍ ഗോകുലം ഗോപാലന്‍ നിഷേധിച്ചിരുന്നു. ഇ ഡി വിളിപ്പിച്ചത് എന്തിനാണെന്നറിയില്ലെന്നും തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ഗോകുലം ഗോപാലന്‍ ചെന്നൈയിലെ ചോദ്യം ചെയ്യലിനെ കുറിച്ച് പ്രതികരിച്ചത്.

 

Latest