ed raid
അയ്യന്തോൾ ബേങ്കിലെ ഇ ഡി റെയ്ഡ് അവസാനിച്ചു
24 മണിക്കൂറിലേറെ റെയ്ഡ് നടന്നു.
തൃശൂര്‍ | അയ്യന്തോള്‍ സര്‍വീസ് സഹകരണ ബേങ്കിൽ ഇന്നലെ രാവിലെ ആരംഭിച്ച എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് അവസാനിച്ചു. ഇന്ന് രാവിലെയാണ് അവസാനിച്ചത്. 24 മണിക്കൂറിലേറെ റെയ്ഡ് നടന്നു. കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം തുടരുന്നതിനിടെ തൃശൂർ, എറണാകുളം ജില്ലകളിലെ ഒമ്പത് ബേങ്കുകളിലാണ് ഇന്നലെ ഒരേ സമയം റെയ്ഡ് നടത്തിയത്. തൃശൂര്‍ സര്‍വീസ് സഹകരണ ബേങ്ക്, കുട്ടനെല്ലൂര്‍, അരണാട്ടുകര, പെരിങ്ങണ്ടൂര്‍, പാട്ടുരായ്ക്കല്‍ എന്നീ ആറ് ബേങ്കുകളിലായിരുന്നു റെയ്ഡ്. സായുധ സേനാംഗങ്ങളുമായെത്തിയായിരുന്നു ഇ ഡി ഉദ്യോഗസ്ഥരുടെ റെയ്ഡ്.
ഇന്നലെ രാവിലെ നാൽപ്പതംഗ സംഘം കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലെ ബേങ്കുകളിലെത്തി ഒരേസമയം പരിശോധന ആരംഭിക്കുകയായിരുന്നു. കരുവന്നൂര്‍ സഹകരണ ബേങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകള്‍ നടന്നുവെന്ന് ഇ ഡി കണ്ടെത്തിയതിന്റെ തുടര്‍ച്ചയായാണ് പുതിയ പരിശോധന. കരുവന്നൂരിലെ തട്ടിപ്പ് പണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികള്‍ മറ്റു സര്‍വീസ് സഹകരണ ബേങ്കുകളെ ആശ്രയിച്ചിരുന്നതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്. എ സി മൊയ്തീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വെളപ്പായ സതീശന്‍ എന്ന സതീഷ് കുമാര്‍ ഒന്നരക്കോടിയോളം രൂപ അയ്യന്തോള്‍ ബേങ്ക് വഴി വെളുപ്പിച്ചതായാണ് വിവരം. ഭാര്യയുടെയും ബന്ധുക്കളുടെയുമെല്ലാം പേരുകളില്‍ അഞ്ച് അക്കൗണ്ടുകളിലായി ഇയാള്‍ പണം നിക്ഷേപിച്ചതായി പറയപ്പെടുന്നു. ഈ അക്കൗണ്ടുകള്‍ നേരത്തേ ഇ ഡി മരവിപ്പിച്ചിരുന്നു. നിലവില്‍ അക്കൗണ്ട് വഴി നടത്തിയ ഇടപാടുകള്‍ എന്തെല്ലാമാണെന്ന് അറിയാനാണ് ഇ ഡി സംഘമെത്തിയത്.
ഒറ്റ ദിവസം തന്നെ 50,000 രൂപ വെച്ച് 25 ലേറെ തവണ ഇടപാടുകള്‍ എങ്ങനെ നടത്തിയെന്നതടക്കമാണ് പരിശോധിക്കുന്നത്. സതീഷ്‌കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. നിലവില്‍ ഇ ഡി കസ്റ്റഡിയിലാണ് ഇയാള്‍. സതീഷ് കുമാറിന്റെ ബിനാമികളുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. അയ്യന്തോള്‍ സഹകരണ ബേങ്ക് വഴി മാത്രം ഒന്നരക്കോടിയോളം രൂപയുടെ ഇടപാട് നടന്നെന്നാണ് ഇ ഡിക്ക് സതീഷ്‌കുമാര്‍ നല്‍കിയ മൊഴി.
സി പി എം സംസ്ഥാന സമിതി അംഗവും മുന്‍ എം എല്‍ എയുമായ എം കെ കണ്ണന്‍ പ്രസിഡന്റായ ബേങ്കാണ് തൃശൂര്‍ സര്‍വീസ് സഹകരണ ബേങ്ക്. കേരള ബേങ്കിന്റെ വൈസ് പ്രസിഡന്റ് കൂടിയായ കണ്ണന്റെ സാന്നിധ്യത്തിലായിരുന്നു ഇ ഡി റെയ്ഡ്.
കരുവന്നൂര്‍ ബേങ്കിലെത്തിച്ച് വെളുപ്പിച്ച കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം അയ്യന്തോള്‍ സര്‍വീസ് സഹകരണ ബേങ്ക് അടക്കം തൃശൂര്‍ ജില്ലയിലെ നാല് സഹകരണ ബേങ്കുകള്‍ വഴി പുറത്തേക്കു കടത്തിയെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. അയ്യന്തോള്‍ അടക്കം സി പി എം ഭരിക്കുന്ന പത്തോളം സഹകരണ ബേങ്കുകളിലൂടെ കരുവന്നൂര്‍ മോഡലില്‍ സതീഷ് കള്ളപ്പണ ഇടപാടുകള്‍ നടത്തിയതായാണ് വിവരം. ബേങ്കുകളിലെ രേഖകളും ഇടപാടുകളുടെ വിവരങ്ങളും ഇ ഡി സംഘം പരിശോധിക്കും. ഏതെങ്കിലും വിവരങ്ങള്‍ നശിപ്പിച്ചു കളഞ്ഞിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ആധാരം എഴുത്തുകാരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.