Kerala
സംസ്ഥാനത്ത് പി എഫ് ഐ കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്
വിവിധ ജില്ലകളിലായി 11 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
തിരുവനന്തപുരം | സംസ്ഥാനത്ത് നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പി എഫ് ഐ)യുടെ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റി(ഇ ഡി)ൻ്റെ റെയ്‌ഡ്. രാവിലെ മുതൽ ഒരേ സമയം വിവിധ ജില്ലകളിലായി 11 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. മലപ്പുറം, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് റെയ്ഡ്.
ചാവക്കാട് മുനയ്ക്കകടവിൽ പോപ്പുലർ ഫ്രണ്ട് നേതാവ് ലത്തീഫ് പോക്കാക്കില്ലത്ത്, കൊച്ചി കുമ്പളം പി എഫ് ഐ മുൻ ജില്ലാ പ്രസിഡന്റ് ജമാൽ മുഹമ്മദ്, മലപ്പുറം അരീക്കോട് എസ് ഡി പി ഐ നേതാവ് നൂറുൽ അമീൻ, മലപ്പുറം മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്ദുൾ ജലീൽ, കാരാപ്പറമ്പ് സ്വദേശി ഹംസ എന്നിവരുടെ വീടുകളിലും വയനാട്ടിലും റെയ്ഡ് പുരോഗമിക്കുന്നുണ്ട്. കേരളത്തിൽ പി എഫ് ഐ സ്ലീപ്പർ സെല്ലുകൾ സജീവമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
കേരളത്തിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നുവെന്നും ഇ ഡി സംശയിക്കുന്നു. കൊച്ചി ഇ ഡി ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതലാണ് പരിശോധന തുടങ്ങിയത്. സി ആർ പി എഫ് ആണ് സുരക്ഷയൊരുക്കുന്നത്.