National
പശ്ചിമ ബംഗാള്‍ മന്ത്രി സുജിത് ബോസിന്റെ വസതിയില്‍ ഇഡി റെയ്ഡ്
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് മന്ത്രിക്കെതിരെ ഇഡിയുടെ നടപടി.

ന്യൂഡല്‍ഹി| പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സുജിത് ബോസിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇഡി സംഘം സുജിത് ബോസിന്റെ കൊല്‍ക്കത്തയിലെ വസതിയില്‍ റെയ്ഡ് ആരംഭിച്ചത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് മന്ത്രിക്കെതിരെ ഇഡിയുടെ നടപടി. പരിശോധന നടക്കുന്ന ഇടങ്ങള്‍ കനത്ത പോലീസ് സുരക്ഷയിലാണ്.
കൊല്‍ക്കത്തയിലെ ബില്‍ഡറായ അയാന്‍ ഷീലിനെ മാര്‍ച്ച് 19 ന് സ്‌കൂള്‍ ജോലി തട്ടിപ്പില്‍ പങ്കാളിയായതിന് ഇഡി പിടികൂടിയതോടെയാണ് മുനിസിപ്പല്‍ റിക്രൂട്ട്മെന്റിലെ തട്ടിപ്പ് പുറം ലോകമറിഞ്ഞത്. 2014-നും 2016-നും ഇടയില്‍ മുനിസിപ്പല്‍ നിയമനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ 2023 ആഗസ്തില്‍ സിബിഐ സുജിത് ബോസിനെ ചോദ്യം ചെയ്തിരുന്നു.
മുനിസിപ്പല്‍ തൊഴില്‍ കുംഭകോണത്തെക്കുറിച്ച് സിബിഐ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന ബംഗാള്‍ സര്‍ക്കാരിന്റെ ഹരജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. 2010 മുതല്‍ 2021 വരെ സൗത്ത് ഡം ഡം മുനിസിപ്പാലിറ്റിയുടെ വൈസ് ചെയര്‍മാനായി സുജിത് ബോസ് സേവനമനുഷ്ഠിച്ചിരുന്നു. ഈ കാലയളവില്‍ അദ്ദേഹം ഏകദേശം 250 പേരുടെ നിയമനം നടത്തിയതായാണ് വിവരം. റെയ്ഡ് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.