Connect with us

National

ഝാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുജോലിക്കാരനില്‍ നിന്ന് കള്ളപ്പണം പിടികൂടി ഇഡി

ഇരുപത് കോടിയിലധികം രൂപ ഇഡി പിടിച്ചെടുത്തതായാണ് വിവരം.

Published

|

Last Updated

റാഞ്ചി|ഝാര്‍ഖണ്ഡ് ഗ്രാമവികസന മന്ത്രി ആലംഗീര്‍ ആലത്തിന്റെ പേഴ്സണല്‍ സെക്രട്ടറിയുടെ വീട്ടുജോലിക്കാരനില്‍ നിന്ന് കള്ളപ്പണം പിടികൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).  മന്ത്രിയുടെ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരനില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.  തിങ്കളാഴ്ച രാവിലെയായിരുന്നു റെയ്ഡ്. ഒരു മുറിയില്‍ നിറയെ നോട്ടുകെട്ടുകള്‍ ഉള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. 20 കോടിയിലധികം രൂപ ഇഡി പിടിച്ചെടുത്തതായാണ് വിവരം. ഝാര്‍ഖണ്ഡിലെ വിവിധ ഇടങ്ങളില്‍ ഇ.ഡി പരിശോധന തുടരുകയാണ്.

ഝാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയര്‍ വീരേന്ദ്ര റാമുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇഡിയുടെ റെയ്ഡ് പുരോഗമിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റാമിനെ 2023 ഫെബ്രുവരിയില്‍ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

ഝാര്‍ഖണ്ഡില്‍ അഴിമതി അവസാനിക്കുന്നില്ലെന്ന് സംഭവത്തില്‍ ബി.ജെ.പി വക്താവ് പ്രതുല്‍ സഹ്ദേവ് പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ ചെലവഴിക്കാനാണ് ഈ പണം കൊണ്ടുവന്നതെന്നും ഇലക്ഷന്‍ കമ്മീഷന്‍ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.