National
ഇഡി സമന്‍സ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവും; കെജ്രിവാള്‍
ഇഡി അയച്ച സമന്‍സ് പിന്‍വലിക്കണം. തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നും കെജ്‌രിവാള്‍
ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)നെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മദ്യനയ അഴിമതിക്കേസില്‍ തനിക്കെതിരെയുള്ള ഇഡിയുടെ സമന്‍സ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കെജ്രിവാള്‍ പറഞ്ഞു. തനിക്ക് ഇഡി അയച്ച സമന്‍സ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്രിവാളിനെ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ഇന്ന് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇതിന് പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് രണ്ടാം തവണയാണ് ഇഡി കെജ്രിവാളിന് സമന്‍സ് അയയ്ക്കുന്നത്. നിയമപരമായ എല്ലാ സമന്‍സുകളും സ്വീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ ഇഡി അയച്ച സമന്‍സ് മുന്‍കാല സമന്‍സ് പോലെ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കെജ്രിവാള്‍ പറഞ്ഞു. ഇഡി സമന്‍സ് പിന്‍വലിക്കണം. തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നും സത്യസന്ധവും സുതാര്യവുമായ ജീവിതമാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.