Connect with us

Kerala

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി; പോലീസ് മേധാവിക്ക് കത്ത് നല്‍കും

വായ്പയെടുത്ത് ബേങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും.

Published

|

Last Updated

കൊച്ചി| തൃശൂര്‍ കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിലെ സിപിഎമ്മിന്റെ പങ്ക് സംബന്ധിച്ച അന്വേഷണത്തിലെ കണ്ടെത്തലില്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി കത്ത് നല്‍കും. സിപിഎമ്മിനെ പ്രതിചേര്‍ത്തതും, പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ വിവരങ്ങളും ഇഡി പോലീസ് മേധാവിക്ക് കൈമാറും. പിഎംഎല്‍എ നിയമത്തിലെ സെക്ഷന്‍ 66(2) പ്രകാരമാണ് നടപടി. വായ്പയെടുത്ത് ബേങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും.

അതേസമയം, കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസിലെ പോലീസ് അന്വേഷണം വൈകുന്നത് ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നാലു വര്‍ഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് കോടതി ഇന്നലെ ചോദിച്ചിരുന്നു. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്. നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു. ഇഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഇങ്ങനെ പോയാല്‍ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്നും കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന പോലീസ് അന്വേഷണം വൈകുന്നതിനെതിരായ ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. കേസ് അന്വഷണത്തിന് ഒറിജിനല്‍ രേഖകള്‍ തന്നെ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാശിപിടിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. അന്വേഷണം വൈകുന്നതിന് വിചിത്രമായ വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇപ്പോഴത്തെ നിലയില്‍ അന്വേഷണം പൂര്‍ത്തിയാകാന്‍ മൂന്നു മാസത്തെ സമയം വേണ്ടിവരുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകാത്തത് എന്തുകൊണ്ടാണെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചിരുന്നു. കരുവന്നൂര്‍ കേസ് സി ബി ഐക്ക് കൈമാറണമെന്ന ഹരജി ഗൗരവമായി കാണേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

 

Latest