National
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഡല്‍ഹിയിലെ വസതിയില്‍ ഇഡി സംഘമെത്തി
ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായാണ് ഇഡി സംഘം മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലെത്തിയത്
ന്യൂഡല്‍ഹി| ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘമെത്തി. കേസില്‍ ചോദ്യം ചെയ്യുന്നതിനായാണ് ഇഡി സംഘം മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലെത്തിയത്. ഇന്ന് രാവിലെയാണ് ഇഡി സംഘം ഹേമന്ത് സോറന്റെ ദക്ഷിണ ഡല്‍ഹിയിലുള്ള വസതിയിലെത്തിയത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയ്ക്ക് ഇതുവരെ 9 സമന്‍സുകളാണ് ഇഡി അയച്ചത്. എന്നാല്‍ ഒരു തവണപോലും അദ്ദേഹം ഇഡിയ്ക്ക് മുമ്പാകെ ഹാജരായിട്ടില്ല. ജനുവരി 16 നും 20 നുമിടയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ 20ന് വസതിയിലെത്തി മൊഴി രേഖപ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് ജനുവരി 29നോ 31നോ ഹാജരായില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ വസതിയിലെത്തി ചോദ്യം ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഇഡി സംഘം വസതിയിലെത്തിയത്. ഇഡി സമന്‍സിനെതിരെ ഹേമന്ത് സോറന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി ഹരജി തള്ളുകയായിരുന്നു.