TRIVANDRAUM GOLD SMUGGLING
സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റാന്‍ ഇ ഡി
സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹരജി ഫയല്‍ ചെയ്തു
ന്യൂഡല്‍ഹി | സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹരജി നല്‍കി. കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഇ ഡി ആവശ്യം. കേരളത്തില്‍ കേസ് അന്വേഷണം നടന്നാല്‍ അട്ടിമറിക്കപ്പെടുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും ഇ ഡി പറയുന്നു. കേരളത്തില്‍ സര്‍ക്കാറിന്റേയും പോലീസിന്റേയും പിന്തുണ ലഭിക്കുന്നില്ലെന്നും ഇ ഡി പറയുന്നു. ബെംഗളൂരുവിലേക്ക് മാറ്റിയാല്‍ കേസിന്റെ മേല്‍നോട്ടം കൂടുതല്‍ കാര്യക്ഷമമാകുമെന്നും ഇ ഡി പറയുന്നു.
എം ശിവശങ്കര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ടെ കേസ് നിലവില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണുള്ളത്. ഇതിനാലാണ് ഇപ്പോള്‍ ഇ ഡി പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ധന-നിയമ മന്ത്രാലയങ്ങളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ഇ ഡി ഇത്തരം ഒരു ഹരജി നല്‍കിയിരിക്കുന്നത്. ഇതിനാല്‍ കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയിലാണ് ഇ ഡിയുടെ നീക്കമെന്ന് വ്യക്തമാണ്.
ഇ ഡിയുടെ നീക്കത്തെ പിന്തുണക്കുന്ന സമീപനമാണ് ബി ജെ പിയും കോണ്‍ഗ്രസിനുമുള്ളത്. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പുറമെ മുഖ്യമന്ത്രിക്കുമെതിരെ ആരോപണമുണ്ടെന്നും ഇതിനാല്‍ കേസ് മാറ്റുന്നത് നല്ലതാണെന്നും ഈ പാര്‍ട്ടികളുടെ നേതാക്കള്‍ പറയുന്നു. എന്നാല്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമിട്ടാണ് ഇ ഡിയുടെ നീക്കമെന്നാണ് സി പി എം കേന്ദ്രങ്ങള്‍ പറയുന്നത്. അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്നും ഇവര്‍ പറയുന്നു.