Connect with us

Ongoing News

ഈഡൻ ഗാർഡൻ പോരാട്ടം ഇന്ന്

വിജയത്തോടെ പരമ്പര നേടാൻ ഇന്ത്യ; തടയാൻ ലങ്ക

Published

|

Last Updated

കൊൽക്കത്ത | ഏഷ്യൻ ചാമ്പ്യന്മാരായ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര പിടിച്ചെടുക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ 67 റൺസിന് ഇന്ത്യ ജയിച്ചിരുന്നു.

ഇന്ന് ഉച്ചക്ക് 1.30ന് കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് മത്സരം. ബാറ്റ്‌സ്മാന്മാർക്ക് തിളങ്ങാവുന്ന കൊൽക്കത്തയിലെ പിച്ചിൽ കഴിഞ്ഞ മത്സരത്തിലേത് പോലെ റൺമല ഉയർത്താൻ തന്നെയാകും ഇന്ത്യ ശ്രമിക്കുക. എന്നാൽ, ഒന്നാം മത്സരത്തിൽ സംഭവിച്ചത് പോലെ ഫീൽഡിംഗ് പിഴവ് ഒഴിവാക്കിയില്ലെങ്കിൽ ഇന്ത്യയുടെ സാധ്യത മങ്ങും.

373 റൺസ് അടിച്ചുകൂട്ടിയിട്ടും ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 306 റൺസ് എടുത്തിരുന്നു. ഡെത്ത് ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമ രണ്ടും വിരാട് കോലി ഒരു ക്യാച്ചുമാണ് നഷ്ടപ്പെടുത്തിയത്. വലിയ സ്‌കോർ നേടാനായില്ലെങ്കിൽ ഫീൽഡിംഗ് ഇന്ത്യ നന്നാക്കേണ്ടിവരും.

ബാറ്റിംഗിൽ ഹാർദിക് പാണ്ഡ്യയും കെ എൽ രാഹുലും സ്ഥിരത കൈവരിക്കേണ്ടതുണ്ട്. മധ്യനിരയിൽ റൺസ് ഒഴുക്കിയാലേ വലിയ സ്‌കോറിലേക്ക് എത്താനാകൂ.

ആദ്യ മത്സരത്തിൽ സെഞ്ച്വറിയോടെ കലൻഡർ വർഷത്തിലെ തുടക്കം മികച്ചതാക്കിയ വിരാട് കോലി ഇത്തവണയും തിളങ്ങിയാൽ ലങ്ക പാടുപെടും.

അതേസമയം, ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റം വരുത്തിയേക്കില്ല. സ്പിൻ ബൗളർമാർക്ക് തിളങ്ങാവുന്ന പിച്ചായിട്ടും ഗുവാഹത്തിയിൽ യുസ്‌വേന്ദ്ര ചാഹലിനെ ലങ്കൻ ബാറ്റർമാർ തല്ലിച്ചതച്ചിരുന്നു. നേരത്തേ എതിർ ടീമുകളുടെ റണ്ണൊഴുക്ക് തടയുന്നതിൽ മിടുക്കനായിരുന്നു ചാഹൽ.

ചാഹലിനേക്കാൾ മികച്ച ഫോമിലാണ് കുൽദീപ് യാദവെന്നും നിരീക്ഷകർ വിലയിരുത്തുന്നു. ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഈഡൻ ഗാർഡൻ പിച്ചിൽ മികച്ച പ്രകടനം കുൽദീപ് നടത്തിയിരുന്നു. മുഹമ്മദ് സിറാജും ഉംറാൻ മാലികും നിർണായക വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളിംഗിന് നൽകിയ കരുത്ത് ഇന്നും ആവർത്തിക്കുകയാണെങ്കിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകും. ഇരുവരും ചേർന്ന് അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.

Latest