From the print
നൂതന വിദ്യാഭ്യാസ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്ത് എജ്യു സിമ്പോസിയം
സോഷ്യല്‍ മീഡിയ അല്‍ഗോരിതങ്ങളില്‍ തലച്ചോറുകള്‍ പണയംവെക്കുന്ന പുതിയകാല പ്രവണതകളില്‍ നിന്ന് വിദ്യാർഥികള്‍ മാറിനില്‍ക്കണമെന്ന്് ഡോ. കെ എം ശരീഫ് പറഞ്ഞു

കോഴിക്കോട് | പുതിയ തലമുറയിലെ വിദ്യാഭ്യാസ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്ത് മര്‍കസ് ഖത്മുല്‍ ബുഖാരി സനദ്്ദാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എജ്യുസിമ്പോസിയം.
സോഷ്യല്‍ മീഡിയ അല്‍ഗോരിതങ്ങളില്‍ തലച്ചോറുകള്‍ പണയംവെക്കുന്ന പുതിയകാല പ്രവണതകളില്‍ നിന്ന് വിദ്യാർഥികള്‍ മാറിനില്‍ക്കണമെന്ന്് ഡോ. കെ എം ശരീഫ് പറഞ്ഞു.അതിവേഗം സഞ്ചരിക്കുന്ന വിദ്യാഭ്യാസ മേഖലയില്‍ കാലത്തിനൊപ്പമുള്ള ആലോചനകളും പുതിയ കർമപദ്ധതികളുമായി വിദ്യാഭ്യാസരംഗം കൂടുതല്‍ ക്രിയാത്മകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതര രാജ്യങ്ങളിലെ വിദ്യാഭ്യാസ മാതൃകകള്‍ സ്വീകരിച്ച് നിലവിലുള്ള എജ്യുക്കേഷന്‍ സിസ്റ്റം മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് ഡോ. എം അബ്ദുസ്സലാം പറഞ്ഞു.
കാലത്തിനൊത്ത് വിദ്യാർഥികളും വികസിക്കുമ്പോഴാണ് ലക്ഷ്യങ്ങളിലേക്ക് നമുക്ക് സഞ്ചരിക്കാന്‍ കഴിയുകയെന്ന് കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു കെ അബ്ദുന്നാസര്‍ അഭിപ്രായപ്പെട്ടു. ക്ലാസ്സ് റൂമുകള്‍ പ്രാക്ടിക്കല്‍ ഹബ്ബുകളായി മാറിയാല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ സാധ്യമാകും. വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നാം ആര്‍ജിച്ചെടുത്ത വിജ്ഞാനങ്ങള്‍ എവിടെ വിതരണം ചെയ്യണമെന്നതിനെ കുറിച്ചുള്ള ആലോചനകള്‍ പ്രധാനമാണെന്ന് എന്‍ ഐ ടി റിസര്‍ച്ച് സ്‌കോളര്‍ സി എം സ്വാബിര്‍ സഖാഫി പറഞ്ഞു. നിർമിത ബുദ്ധികള്‍ സംഭാവന ചെയ്യുന്ന അറിവുകളിലെ ശരിതെറ്റുകള്‍ തിരിച്ചറിയുകയും അടിസ്ഥാന വിദ്യാഭ്യാസം കൂടുതല്‍ മികവുറ്റതാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ആല്‍ഫ ജനറേഷനിലെ അധ്യാപന വെല്ലുവിളികള്‍, വിദ്യാഭ്യാസത്തിലെ സാങ്കേതിക സംയോജനം, കെ ജി-പ്ലസ്ടു സ്‌കൂളിംഗ്, വിദ്യാഭ്യാസത്തിലെ നൈതികത തുടങ്ങിയ വിഷയങ്ങളിലായിരുന്നു സിമ്പോസിയം.
കേരള കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലർ ജി ഗോപകുമാര്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്തു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. ജാമിഅ മര്‍കസ് റെക്ടര്‍ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി കീ നോട്ട് അവതരിപ്പിച്ചു. ഡോ:നാസര്‍ കുന്നുമ്മല്‍ ചര്‍ച്ച നിയന്ത്രിച്ചു. ഡോ. ശറഫ് എ കല്‍പാളയം, ഡോ. ബി എച്ച് ശ്രീപതി റാവു, അഡ്വ. പി ടി എ റഹീം എം എല്‍ എ, പ്രൊഫ. കെ വി ഉമറുല്‍ ഫാറൂഖ്, എന്‍ മുഹമ്മദ് അലി സംബന്ധിച്ചു. കെ അബ്ദുല്‍ കലാം സ്വാഗതവും ഉനൈസ് മുഹമ്മദ് പി ടി നന്ദിയും പറഞ്ഞു.