kannur university pg syllabus issue
കണ്ണൂര്‍ സര്‍വ്വകലാശാല വിവാദ സിലബസ് പ്രശ്‌നം നിറഞ്ഞെതെന്ന് ആവര്‍ത്തിച്ച് വിദ്യഭ്യാസ മന്ത്രി
സിലബസിന്റെ സാമൂഹ്യകാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങള്‍ ഉണ്ടായാല്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് തിരുത്തുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും അവര്‍ വ്യക്തമാക്കി
തിരുവനന്തപുരം | കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദമായ സിലബസ്സ് പ്രശ്‌നം നിറഞ്ഞതാണെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു. രാഷ്ട്രീയചിന്ത എന്നാല്‍ മത-ജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ്സ് തയ്യാറാക്കിയിട്ടുള്ളത്. മറ്റു പല കാഴ്ചപ്പാടുകള്‍ക്കും അതില്‍ ഇടം നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വര്‍ഗ്ഗീയവിഭജന അജണ്ടകള്‍ക്ക് ശക്തി കിട്ടാന്‍ സിലബസുകള്‍ കാരണം ആയിക്കൂടെന്ന സാമൂഹ്യകാഴ്ചപ്പാട് സര്‍ക്കാരിനുണ്ട്. സെക്യുലര്‍ ഇടമായി തുടരേണ്ട ക്ലാസ് റൂമുകളെ വിഭാഗീയചിന്തകളുടെ വേദിയാക്കുന്നത് അപകടകരമാകും. വിമര്‍ശനാത്മകപഠനത്തിനായിപോലും വര്‍ഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങള്‍ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യും. ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധമായ കൃതികള്‍ സിലബസ്സില്‍ ഉണ്ടാകുന്നത് ശരിയല്ലെന്നും അവര്‍ വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഈ കാഴ്ചപ്പാടുകള്‍ സര്‍വ്വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. പൊതുസംവാദത്തിലേക്ക് വന്ന വിഷയം പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ സിലബസില്‍ മാറ്റങ്ങള്‍ വരുത്തുമെന്നുമുള്ള സര്‍വ്വകലാശാലയുടെ മറുപടിയെ വിശ്വാസത്തിലെടുക്കുകയാണ്. സിലബസിന്റെ സാമൂഹ്യകാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങള്‍ ഉണ്ടായാല്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് തിരുത്തുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും അവര്‍ വ്യക്തമാക്കി.