Kerala
ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട് ആറ് മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
മിനിമം മാര്‍ക്കില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ്സ്

കോഴിക്കോട് | ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട് ആറ് മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നും വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റം കൊണ്ടുവരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കെ എസ് ടി എ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് സമഗ്ര ഗുണമേന്മാ പദ്ധതി നടപ്പാക്കും. സബ്ജക്ട് മിനിമം എട്ടാം ക്ലാസ്സില്‍ നടപ്പാക്കും. ഘട്ടം ഘട്ടമായി ഒമ്പതാം ക്ലാസ്സിലും പിന്നീട് പത്താം ക്ലാസ്സിലും ഇത് നടപ്പാക്കും. കേന്ദ്ര സര്‍ക്കാറിന്റെ നയം പോലെ വിദ്യാര്‍ഥികളെ തോല്‍പ്പിക്കലല്ല സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. ഒന്നാം ക്ലാസ്സുകളില്‍ പരീക്ഷ നടത്തിയുള്ള പ്രവേശം അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
മിനിമം മാര്‍ക്കില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ്സ് നല്‍കും. കുട്ടിയെ തോല്‍പ്പിക്കില്ല. റാഗിംഗിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. റാഗിംഗ് വിരുദ്ധ സെല്ലുകള്‍ എല്ലാ സ്‌കൂളുകളിലും നടപ്പാക്കും. അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. മാനദണ്ഡം പാലിക്കാത്തവര്‍ക്ക് അനുമതി നല്‍കില്ല. എന്‍ ഒ സി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.