Kerala
ഗവര്‍ണര്‍ പരിണതപ്രജ്ഞനായ വ്യക്തിയല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
ഗവര്‍ണറുടെ ഏകാധിപത്യ നിലപാടുകളും പരാമര്‍ശങ്ങളുമാണ് എസ്എഫ്‌ഐയെ സമരത്തിലേക്ക് നയിച്ചതെന്നും മന്ത്രി
തിരുവനന്തപുരം | ഗവര്‍ണര്‍ പരിണതപ്രജ്ഞനായ വ്യക്തിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ചൊവ്വാഴ്ച്ച സ്പീക്കര്‍ എന്‍ ഷംസീര്‍ ഗവര്‍ണര്‍ പരിണതപ്രജ്ഞനായ രാഷ്ട്രീയ നേതാവാണെന്ന് അഭിപ്രായപെട്ടിരുന്നു. ഈ പ്രസ്താവന തള്ളിയാണ് ശിവന്‍കുട്ടി ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.
വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും ഗവര്‍ണര്‍ പരിണതപ്രജ്ഞനായ വ്യക്തിയല്ലെന്നും, സംസ്‌കാരമുള്ള ഒരാളുടെ വായില്‍ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവര്‍ണറില്‍ നിന്നുമുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണറുടെ ഏകാധിപത്യ നിലപാടുകളും പരാമര്‍ശങ്ങളുമാണ് എസ്എഫ്‌ഐയെ സമരത്തിലേക്ക് നയിച്ചത് . ഇതിന് എസ്എഫ്‌ഐയെ ബ്ലഡി ക്രമിനല്‍സ് എന്നാണ് ഗവര്‍ണര്‍ വിളിച്ചത്. കണ്ണൂരിനെ ബ്ലഡി കണ്ണൂരെന്നും, പോലീസിനെ ഷെയിംലെസ്സ് പീപ്പിള്‍ എന്നും അഭിസംബോധന ചെയ്ത ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ എന്ന നിലയിലും ചാന്‍സലര്‍ എന്ന നിലയിലും പരിണതപ്രജ്ഞനായ വ്യക്തിയല്ലെന്ന് മന്ത്രി ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.