National
ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും; സര്‍ക്കാര്‍ ഓഫീസുകളും സാധാരണ പോലെ പ്രവര്‍ത്തിക്കും
സര്‍ക്കാര്‍ ജീവനക്കാരും തിങ്കളാഴ്ച മുതല്‍ ഓഫീസിലെത്തണമെന്നു ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
ന്യൂഡല്‍ഹി | വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ട ഡല്‍ഹിയിലെ സ്‌കൂളുകളും കോളജുകളും തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ലൈബ്രറികള്‍ തുടങ്ങിയവയെല്ലാം തിങ്കളാഴ്ച മുതല്‍ സാധാരണ പോലെ പ്രവര്‍ത്തിച്ച് തുടങ്ങും.കൊവിഡിനെ തുര്‍ന്നു 20 മാസം അടച്ചിട്ട ഡല്‍ഹിയിലെ വിദ്യാലയങ്ങള്‍ ഈ മാസം ഒന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നുവെങ്കിലും 15ന് വീണ്ടും അടച്ചിടുകയായിരുന്നു. വായു മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിലായിരുന്നു നടപടി.
അതേ സമയം പ്രകൃതിവാതകം, ഇലട്രിക് എന്നിവ ഒഴികെയുള്ള എല്ലാ ലോറികളും ഡിസംബര്‍ മൂന്നു വരെ ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിനു വിലക്കിയെന്നും ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി അറിയിച്ചു.
അവശ്യസാധനങ്ങളെ മാത്രം വിലക്കില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ നിര്‍മാണ വിലക്കുകളും നീക്കി. വീട്ടില്‍ നിന്നു ജോലി ചെയ്യുന്ന ഡല്‍ഹി സര്‍ക്കാര്‍ ജീവനക്കാരും തിങ്കളാഴ്ച മുതല്‍ ഓഫീസിലെത്തണമെന്നു ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.