Kerala
കോഴിക്കോട് ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിൽ
കണ്ടെയ്ൻമെൻ്റ് സോണിൽ ഓൺലൈൻ ക്ലാസുകൾ തുടരും.
കോഴിക്കോട് | നിപ്പാ ഭീഷണി കുറഞ്ഞ സാഹചര്യത്തില്‍ ജില്ലയില്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. ഒരിടവേളക്ക് ശേഷം മാസ്‌കും സാനിറ്റൈസറുമെല്ലാം ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുക. കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഏറെ കാലം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് ഇത്തരം നിയന്ത്രണങ്ങളോടെയായിരുന്നു.
പിന്നീട് കൊവിഡിന് ശമനം വന്നതോടെ സാനിറ്റൈസറും മാസ്‌കുമെല്ലാം മെല്ലെ പടിക്ക് പുറത്തായി. ഇപ്പോള്‍ നിപ്പായുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടച്ചുപൂട്ടിയ സ്‌കൂളുകള്‍ വീണ്ടും തുറക്കുകയാണ്. വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
വിദ്യാലയങ്ങളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ്സ് മുറികളിലും സാനിറ്റൈസര്‍ വെക്കേണ്ടതും എല്ലാവരും ഇതുപയോഗിച്ച് കൈകള്‍ സാനിറ്റൈസ് ചെയ്യേണ്ടതുമാണെന്നും നിര്‍ദേശമുണ്ട്. അതേസമയം, കണ്ടെയ്ൻമെൻ്റ് സോണിൽ ഓൺലൈൻ ക്ലാസുകൾ തുടരും.