National
മണിപ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും; നിരോധനാജ്ഞ തുടരും
13 ദിവസത്തിനു ശേഷമാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. മൂന്ന് സ്ത്രീകളുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് മണിപ്പൂരില്‍ കലാപം വീണ്ടും രൂക്ഷമായത്.
ഇംഫാല്‍| മണിപ്പൂരിലെ ഇംഫാല്‍ താഴ്വരയിലെ ജില്ലകളിലും ജിരിബാമിലും ഇന്ന് മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും. 13 ദിവസത്തിനു ശേഷമാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. മൂന്ന് സ്ത്രീകളുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് മണിപ്പൂരില്‍ കലാപം വീണ്ടും രൂക്ഷമായത്. സംസ്ഥാനത്തെ കോളജുകളും സര്‍വകലാശാലകളും ഇന്ന് മുതല്‍ സാധാരണ ഗതിയിലാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിച്ചു. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ഇംഫാല്‍ താഴ്വരയിലും ജിരിബാമിലും ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ അധികൃതര്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഒമ്പത് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് വിലക്കുണ്ട്.
ജിരിബാമില്‍ സുരക്ഷാ ഉദ്യോഗസ്ഥരും കുക്കി-സോ വിഭാഗക്കാരും തമ്മില്‍ ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായതോടെയാണ് നവംബര്‍ 16ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്. ഏറ്റുമുട്ടലില്‍ പത്ത് കലാപകാരികള്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ആറ് മെയ്‌തെയ് വിഭാഗക്കാരെ തട്ടിക്കൊണ്ടുപോയി കൊന്ന് പുഴയിലൊഴുക്കി. ഇതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.
സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ജില്ലകളിലെ നിയന്ത്രണത്തില്‍ ഇളവ് വരുമോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന ‘അഫ്‌സ്പ’ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധവും സംസ്ഥാനത്ത് ശക്തമാണ്.