Connect with us

National

പകപോക്കൽ; വിദ്യാഭ്യാസ വിചക്ഷണൻ മെഹ്‌ബൂബുൽ ഹഖ് അറസ്റ്റിൽ

മെഹ്ബൂബുൽ ഹഖിനെതിരെ "പ്രളയ ജിഹാദ്' ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരത്തേ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ ഉയർത്തിയിരുന്നു.

Published

|

Last Updated

ഗുവാഹത്തി | യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി മേഘാലയ (യു എസ് ടി എം) ചാൻസലർ മെഹ്‌ബൂബുൽ ഹഖ് അറസ്റ്റിൽ. സി ബി എസ് ഇ 12ാം ക്ലാസ്സ് ഫിസിക്‌സ് പരീക്ഷക്കിടെയുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഗുവാഹത്തിയിലെ വസതിയിൽ നിന്നാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. മെഹ്ബൂബുൽ ഹഖിനെതിരെ “പ്രളയ ജിഹാദ്’ ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരത്തേ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ ഉയർത്തിയിരുന്നു.

സിരിഭൂമിയിലെ പതാർകണ്ടി സെൻട്രൽ പബ്ലിക് സ്‌കൂളിൽ പ്ലസ് ടു ഫിസിക്സ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച ക്രമസമാധാന പ്രശ്നമുണ്ടായതായി പോലീസ് പറഞ്ഞു. ഹഖ് സ്ഥാപിച്ച എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ആണ് സ്‌കൂൾ നടത്തുന്നത്. ഇവിടെ പരീക്ഷയെഴുതുന്ന 274 കുട്ടികളിൽ 214 പേർ യു എസ് ടി എം നടത്തുന്ന പ്രത്യേക പരിശീലന പദ്ധതിയായ വിഷൻ 50ന് കീഴിൽ പ്രവേശനം നേടിയവരായിരുന്നു. പരീക്ഷാ സമയത്ത് ഇൻവിജിലേറ്റർമാർ വിദ്യാർഥികൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും ഇത് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥികൾ പ്രശ്നമുണ്ടാക്കിയെന്നുമാണ് പോലീസ് പറയുന്നത്. ഹഖിനും യു എസ് ടി എമ്മിനുമെതിരെ അസം മുഖ്യമന്ത്രി ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്.
വ്യാജ ബിരുദ സർട്ടിഫിക്കറ്റാണ് വിദ്യാർഥികൾക്ക് യൂനിവേഴ്സിറ്റി വിതരണം ചെയ്യുന്നതെന്നായിരുന്നു ഹിമന്തയുടെ ആരോപണം. മേഘാലയയിലെ റി ഭോയ് ജില്ലയിലുള്ള യൂനിവേഴ്സിറ്റിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അസമിൽ മിന്നൽപ്രളയത്തിന് കാരണമാകുന്നു എന്നായിരുന്നു ആരോപണം.

Latest