Connect with us

Educational News

എജ്യുസൈന്‍ കരിയര്‍ എക്സ്‌പോ ഇന്ന് ആരംഭിക്കും; മന്ത്രി രാജീവ് ഉദ്ഘാടനം ചെയ്യും

കൊച്ചി ഇടപ്പള്ളിയിലെ അല്‍ അമീന്‍ പബ്ലിക് സ്‌കൂളിലാണ് ഈ മാസം 26 വരെ മൂന്ന് ദിവസം രാത്രി പത്ത് വരെ നീണ്ടുനില്‍ക്കുന്ന എക്സ്‌പോക്കുള്ള വേദിയൊരുങ്ങുന്നത്.

Published

|

Last Updated

കൊച്ചി | വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വെഫി) കീഴില്‍ ഉന്നത വിദ്യാഭ്യാസവും മികച്ച കരിയറും ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന എജ്യുസൈന്‍ കരിയര്‍ എക്സ്‌പോ ഇന്ന് വൈകിട്ട് 4.30ന് ആരംഭിക്കും. കൊച്ചി ഇടപ്പള്ളിയിലെ അല്‍ അമീന്‍ പബ്ലിക് സ്‌കൂളിലാണ് ഈ മാസം 26 വരെ മൂന്ന് ദിവസം രാത്രി പത്ത് വരെ നീണ്ടുനില്‍ക്കുന്ന എക്സ്‌പോക്കുള്ള വേദിയൊരുങ്ങുന്നത്. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള വിവിധ സര്‍വകലാശാലകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് നടത്തുന്ന എക്‌സ്‌പോയില്‍ പഠനം, കരിയര്‍ എന്നിവയെക്കുറിച്ചുള്ള സ്റ്റാളുകള്‍, പേഴ്സനല്‍ കൗണ്‍സിലിംഗ്, പഠന ക്ലാസ്സ്, ചര്‍ച്ച, സെമിനാര്‍, സിമ്പോസിയം തുടങ്ങിയ വിവിധ സെഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ നിന്നുള്ള വ്യത്യസ്ത തൊഴില്‍ വിദഗ്ധര്‍ നേതൃത്വം നല്‍കും. ഓരോ സ്റ്റാളുകളിലും അതാത് മേഖലയിലെ വിദഗ്ധരുമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിട്ട് സംവദിക്കാം. വിദേശ യൂനിവേഴ്‌സിറ്റി പ്രതിനിധികള്‍, കേന്ദ്ര സര്‍വകലാശാല ഫാക്കല്‍റ്റികള്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങി പഠന മേഖലയിലെ പ്രഗത്ഭര്‍ സംബന്ധിക്കും. വ്യത്യസ്ത ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളുമായി സംവദിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ വെഫി കേരള സെക്രട്ടറിമാരായ ജാബിര്‍ നെരോത്ത്, സയ്യിദ് ആശിഖ് കോയ, മുഹമ്മദ് റഫീഖ്, ഇര്‍ഫാന്‍ കൊച്ചി, നിയാസ് സംബന്ധിച്ചു.

 

Latest