Connect with us

Editorial

സ്ത്രീസുരക്ഷാ നിയമങ്ങളുടെ ഫലപ്രാപ്തി

എന്താണ് തൊഴിലിടങ്ങളിലും പൊതുവേദികളിലും സ്ത്രീകള്‍ക്ക് ഞരമ്പുരോഗികളായ പുരുഷന്മാരുടെ ശല്യത്തില്‍ നിന്നൊഴിവാകാനുള്ള മാര്‍ഗം? ഇന്റേണല്‍ കമ്മിറ്റികള്‍ രൂപവത്കരിച്ചതു കൊണ്ടോ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ പരാതി സമര്‍പ്പിച്ചതു കൊണ്ടോ തടയാനാകുമോ?

Published

|

Last Updated

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്റേണല്‍ കമ്മിറ്റികള്‍ (ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി) രൂപവത്കരിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. പോഷ് ആക്ട് പ്രകാരം അന്താരാഷ്ട്ര വനിതാ ദിനമായ 2025 മാര്‍ച്ച് എട്ടിനകം ഇന്റേണല്‍ കമ്മിറ്റികള്‍ രൂപവത്കരിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമെ ഐ ടി പാര്‍ക്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയും ഇന്റേണല്‍ കമ്മിറ്റി സ്ഥാപനങ്ങളാക്കി മാറ്റും. തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് 2013ല്‍ കേന്ദ്ര സര്‍ക്കാറാണ് പോഷ് ആക്ട് (ലൈംഗിക പീഡന നിരോധന നിയമം) പാസ്സാക്കിയത്. 2023 ജനുവരിയില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് പോഷ് കംപ്ലയ്ന്റ്സ് പോര്‍ട്ടല്‍ ആരംഭിച്ചു. പത്തോ അതിലധികമോ ജീവനക്കാരുള്ള ഓരോ തൊഴിലിടങ്ങളിലും നിര്‍ബന്ധമായും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപവത്കരിക്കണമെന്ന് പോഷ് നിയമം അനുശാസിക്കുന്നു.

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ പൂര്‍വോപരി വര്‍ധിച്ചിരിക്കുകയാണ്. നോട്ടത്തിലും ഭാവത്തിലും തുടങ്ങി സ്പര്‍ശനത്തിലും ബലാത്സംഗത്തിലും കൊലപാതകത്തിലും വരെയെത്തുന്നു പുരുഷാതിക്രമങ്ങള്‍. ഇന്ത്യയില്‍ ഓരോ മിനുട്ടിലും ഒരു സ്ത്രീ അക്രമിക്കപ്പെടുന്നുവെന്നാണ് കണക്ക്. ഉദ്യോഗസ്ഥരും തൊഴിലാളികളുമായ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലിടത്തെ സുരക്ഷയാണ്. ജോലിയുമായി ബന്ധപ്പെട്ട ശാരീരിക, മാനസിക പീഡനങ്ങള്‍ക്കു പുറമെ ലൈംഗിക പീഡനവും നേരിടേണ്ടി വരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍, കമ്പനികളില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, പൊതുവാഹനങ്ങളില്‍, കായിക രംഗങ്ങളില്‍, സിനിമാ മേഖലയില്‍, പോലീസില്‍, സൈന്യത്തില്‍, നീതിന്യായ മേഖലകളിലൊന്നും സുരക്ഷിതമായും നിര്‍ഭയമായും ജോലി ചെയ്യാനാകുന്നില്ല സ്ത്രീകള്‍ക്ക്.

ഇന്ത്യയില്‍ മാത്രമല്ല, സ്ത്രീകള്‍ പുരുഷനൊപ്പം ജോലി ചെയ്യുന്നിടങ്ങളിലെല്ലാം ഇതാണ് അവസ്ഥ. 2013ല്‍ അമേരിക്കയില്‍ 26,000ത്തോളം വനിതാ സൈനികരാണ് സഹപ്രവര്‍ത്തകരായ പുരുഷന്മാരുടെ പീഡനത്തിനിരയായത്. വാഷിംഗ്ടണ്‍ ടൈംസിലെ ഫോട്ടോ ജേര്‍ണലിസ്റ്റ് മേരി കാര്‍വര്‍ട്ട് വെളിപ്പെടുത്തിയ കണക്കാണിത്. ഇതുതന്നെ പൂര്‍ണമല്ല. പീഡനത്തിനിരയായവരില്‍ ഏഴില്‍ ഒരാള്‍ മാത്രമേ വിവിരം തുറന്നു പറയുന്നുള്ളൂവെന്നും പത്തിലൊരാളേ നിയമപരമായി ഇതിനെ നേരിടുന്നുള്ളൂവെന്നും മേരി കാര്‍വര്‍ട്ട് പറയുന്നു.

എന്താണ് തൊഴിലിടങ്ങളിലും പൊതുവേദികളിലും സ്ത്രീകള്‍ക്ക് ഞരമ്പുരോഗികളായ പുരുഷന്മാരുടെ ശല്യത്തില്‍ നിന്നൊഴിവാകാനുള്ള മാര്‍ഗം? ഇന്റേണല്‍ കമ്മിറ്റികള്‍ രൂപവത്കരിച്ചതു കൊണ്ടോ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ പരാതി സമര്‍പ്പിച്ചതു കൊണ്ടോ തടയാനാകുമോ? ഇല്ലെന്നാണ് 2024 ആഗസ്റ്റില്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത്. സ്ത്രീപീഡന പരാതികളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ വിമുഖത കാണിക്കുകയാണെന്നും പരാതി നല്‍കുന്ന സ്ത്രീകളെ മാനസികമായും വൈകാരികമായും തകര്‍ക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീവിരുദ്ധ മനോഭാവമാണ് തൊഴിലിടങ്ങളില്‍ വ്യാപകമായി കാണുന്നത്. പീഡന പരാതികളില്‍ ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ എതിര്‍ കക്ഷികള്‍ക്കെതിരെ വര്‍ഷങ്ങളായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് അദാലത്തില്‍ ബോധ്യപ്പെട്ടതായും അഡ്വ. പി സതീദേവി അറിയിച്ചു. ഗുസ്തി താരങ്ങളുടെയും സിനിമാ മേഖലകളിലെ സ്ത്രീകളുടെയും അനുഭവം നമ്മുടെ മുമ്പിലുണ്ട്. ഡല്‍ഹിയില്‍ മാസങ്ങള്‍ നീണ്ട സമരം നടത്തിയിട്ടും ലൈംഗിക പീഡനത്തിനിരയായ വനിതാ ഗുസ്തി താരങ്ങള്‍ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. സിനിമാ മേഖലയിലെ അനുഭവവും വ്യത്യസ്തമല്ല. നടിമാര്‍ നേരിടുന്ന ലൈംഗിക പീഡന കഥകള്‍ ഹേമ കമ്മിറ്റി സര്‍ക്കാര്‍ മുമ്പാകെ വിശദമായി സമര്‍പ്പിച്ചെങ്കിലും വേട്ടക്കാര്‍ക്കെതിരെ നടപടിയില്ല.

പുരുഷന്മാരുമായുള്ള ഇടകലരുകള്‍ പരമാവധി ഒഴിവാക്കുന്നതുള്‍പ്പെടെ സ്വയം കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ് സ്ത്രീകള്‍ സുരക്ഷിതമായിരിക്കാനുള്ള ഒരു മാര്‍ഗം. സ്ത്രീകള്‍ കേവലം ഉപഭോഗ വസ്തു മാത്രമാണ് ആധുനിക സമൂഹത്തില്‍. സ്ത്രീകളുടെ നടപ്പിലും പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും വന്ന മാറ്റങ്ങളും പൊതുരംഗത്തെ സ്വതന്ത്രമായ പെരുമാറ്റവുമാണ് പുരുഷന്മാരെ ഞരമ്പു രോഗികളാക്കുന്നത്. മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അംഗമായിരുന്ന ആശാ മിര്‍ജെ, ബോളിവുഡ് നടി മല്ലികാ ഷെരാവത്ത് തുടങ്ങി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തന്നെ ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്. ലിംഗനീതിയുടെ പേരുപറഞ്ഞ് സ്ത്രീ സമൂഹത്തെ പൊതുരംഗത്തേക്ക് ഇറക്കി വിടുകയാണ് പലരും. പരസ്യങ്ങളിലും സ്‌ക്രീനിലും പെണ്ണുടലുകള്‍ യഥേഷ്ടം പ്രദര്‍പ്പിക്കുന്നു. സ്ത്രീസുരക്ഷാ നിയമങ്ങള്‍ ഫലം കാണണമെങ്കില്‍ സാമൂഹികാന്തരീക്ഷം അതിനനുസൃതമായി ചിട്ടപ്പെടുത്തുകയോ പരിവര്‍ത്തിതമാകുകയോ വേണം. അന്യപുരുഷന്മാരുമായുള്ള സ്ത്രീകളുടെ കൂടിച്ചേരലുകള്‍ നിയന്ത്രിക്കാത്ത കാലത്തോളം ലൈംഗികാതിക്രമങ്ങള്‍ തടയാനാകില്ല. ഇതടിസ്ഥാനത്തിലാണ് സ്ത്രീസമൂഹത്തോട് അച്ചടക്കം പാലിക്കാനും പൊതുരംഗ പ്രവേശം നിയന്ത്രിക്കാനും മതസംഘടനകളും നേതാക്കളും ഉപദേശിക്കുന്നത്. സ്ത്രീസമൂഹത്തിന്റെ സുരക്ഷയും നല്ല ഭാവിയുമാണ് അവരുടെ ലക്ഷ്യം.

 

Latest