തെളിയോളം
അനായാസകരമായ അത്യധ്വാനം
ചലനാത്മകമായി പ്രവർത്തിക്കുന്ന ഒരാൾക്ക് നന്നായി ഉറങ്ങാൻ കഴിയും. നന്നായി മനഃപാഠമാക്കിയ ഒരു കാര്യം യാന്ത്രികമായി ഓർക്കാനാകും. നിസ്വാർഥമായി സേവനം ചെയ്യുന്നവർക്ക് കൂടുതൽ സ്പഷ്ടമായി ഹൃദയം തുറന്ന് സ്നേഹിക്കാൻ കഴിയും. അവബോധത്തോടു കൂടി ചെയ്യുന്ന ഏത് കാര്യവും ക്രമേണ അനായാസമാകുന്നത് നിങ്ങൾക്ക് അനുഭവിക്കാനാകും.

മുഴുസമയവും വിശ്രമിക്കുന്ന ഒരാൾ ശരിക്കും വിശ്രമിക്കുകയാണോ? തീർച്ചയായും അല്ല. അയാൾ മന്ദതയിലും അലസതയിലും മുങ്ങിപ്പോയിരിക്കാനേ വഴിയുള്ളു. പരിശ്രമത്തിന്റെ പാരമ്യം അറിയാത്ത ഒരാൾക്ക് എങ്ങനെ വിശ്രമത്തിന്റെ മധുരം മനസ്സിലാകും!. ജീവിതത്തെ അനായാസം സമീപിക്കാൻ കഴിയുന്ന ഒരാളെ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ഉറപ്പിക്കുക, അയാൾ പ്രയത്നത്തിന്റെ പരകോടിയിൽ എത്തിയ ആളായിരിക്കും.
ഒരു കലാകാരൻ അയാളുടെ അനായാസകരമായ സൃഷ്ടിവൈഭവം പ്രകടിപ്പിക്കുന്നത്, ഒരു കായിക താരം നിഷ്പ്രയാസം പുതിയ ഉയരങ്ങളും ദൂരങ്ങളും കീഴടക്കുന്നത്, ഒരു ബിസിനസ്മാൻ അയത്നലളിതമായി ഏറ്റവും വെല്ലുവിളി നിറഞ്ഞ സാധ്യതകളിലേക്ക് കുതിച്ചുകയറുന്നത് എല്ലാം കേവലം യാദൃച്ഛികമായ ഒരു നിമിഷപ്രവർത്തിയുടെ ഫലമല്ല. അത്യന്തം കഠിനമായ പരിശീലനപാതകളും വേദനാപൂർണമായ അനുഭവമേഖലകളും താണ്ടിയെത്തിയ ശേഷമാണ് വിസ്മയകരമായ അധ്വാനമില്ലായ്മയിൽ അവർ ഒഴുകി നീങ്ങുന്ന കാഴ്ച നാം കാണുന്നത്.
പത്ത് വർഷം പഠനം പൂർത്തിയാക്കി അധ്യാപനത്തിന് പോകാനൊരുങ്ങുന്ന ശിഷ്യൻ അനുഗ്രഹത്തിനായി ഗുരുവിന്റെ മുറിയിലെത്തി. “നിന്റെ ചെരുപ്പ് പുറത്ത് ഊരി വെച്ചത് അവിടെയുള്ള കുടയുടെ ഇടത് വശത്തോ, വലതു വശത്തോ?’ ഗുരു ചോദിച്ചു. ആലോചിച്ചു നിന്ന ശിഷ്യനോട് ഒരു വർഷം കൂടി അവിടെ കഴിഞ്ഞ് അവബോധം നേടാനാണ് ഗുരു നിർദേശിച്ചത്.
ചെയ്യുന്ന ഏതു ജോലിയും യാന്ത്രികമായിട്ടാണ് നിങ്ങൾ അഭിമുഖീകരിക്കുന്നതെങ്കിൽ അത് അതികഠിനമായിത്തന്നെയാണ് അനുഭവപ്പെടുക. നിങ്ങൾ സ്വാഭാവികമായി പുഞ്ചിരിക്കുമ്പോൾ, ആ പുഞ്ചിരി അനായാസമാണ്.എന്നാൽ നിങ്ങളോട് പുഞ്ചിരിക്കാൻ ആവശ്യപ്പെട്ടാൽ അത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
താത്പര്യത്തോടെ, സമ്പൂർണമായ മനസ്സമർപ്പണത്തോടെ ചെയ്യുന്ന ഏത് കാര്യവും ക്രമേണ സ്വാഭാവികമായിത്തീരും. സ്വാഭാവികമായി ചെയ്യുന്ന ഒന്നിനും പ്രയത്നം ആവശ്യവുമില്ല. പുതിയ ഒരു വൈദഗ്ധ്യം ആർജിക്കുന്നതിന് ക്ഷമാപൂർവമായ അധ്വാനം ഉണ്ടായാലേ പറ്റൂ. ദുർഘടമായ ഹിമാലയൻ ചെരിവുകളിലൂടെ അനായാസം അതിസാഹസികമായി ഡ്രൈവ് ചെയ്യുന്നയാൾ അതിനു വേണ്ടി നടത്തിയ പരിശീലനം എത്ര കഠിനമായിരിക്കും! കടുത്ത കാറ്റും കനത്ത മൂടൽമഞ്ഞും ചുറ്റും ഇടിമുഴക്കം പോലെയുള്ള വെള്ളച്ചാട്ടത്തിന്റെ ഘോരശബ്ദവും വകവെക്കാതെ നയാഗ്ര വെള്ളച്ചാട്ടത്തിന് കുറുകെ ഒരു ഇറുകിയ രണ്ട് ഇഞ്ച് കയറിൽ കൂടി നടക്കുന്നത് സങ്കൽപ്പിച്ചാൽ തന്നെ ഒരാളുടെ നട്ടെല്ലിൽ ഒരു വിറയൽ വരും. എന്നാൽ അനായാസം അത് സാധ്യമാക്കുന്ന അനേകമാളുകൾ സൃഷ്ടിക്കുന്ന അത്ഭുതത്തിന് പിന്നിൽ മാജിക് അല്ല, അത്യധ്വാനം തന്നെയാണ് ‘.
നിങ്ങൾ ഒരു പേര് മറക്കുന്ന സന്ദർഭമോർക്കുക, അത് നാവിന്റെ അറ്റത്ത് ഉണ്ടെന്ന് നിങ്ങൾക്ക് അനുഭവപ്പെടുന്നു, നിങ്ങൾ വളരെയധികം പരിശ്രമിക്കുന്നു, ബുദ്ധിമുട്ടുന്നു, അത് ബോധത്തിലേക്ക് കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുന്നു. അത് വരുന്നില്ല, എത്രത്തോളം പരിശ്രമിക്കുന്നുവോ അത്രയധികം ആഴത്തിൽ ഇല്ലാതാവുന്നതായി തോന്നുന്നു. നിങ്ങൾക്കറിയാമെന്ന് നിങ്ങൾക്കറിയാം, ഓർക്കാൻ കഴിയുമെന്ന് തുടർച്ചയായി നിങ്ങൾക്കറിയാം. ഓർമയുടെ ഒരു മൂലക്ക് ചുറ്റുമുണ്ട്.
പക്ഷേ, ചില തടസ്സങ്ങൾ, ഒരു ബ്ലോക്ക് പോലെയുള്ള ഒന്ന് അവിടെയുണ്ട്, അപ്പോൾ മുഴുവൻ പ്രയത്നവും നിഷ്ഫലമായിത്തീരുന്നു, നിങ്ങൾ അത് ഉപേക്ഷിക്കുന്നു. നിങ്ങൾ ഒരു പത്രം വായിക്കാൻ തുടങ്ങുന്നു, അല്ലെങ്കിൽ നിങ്ങൾ നടക്കാൻ പൂന്തോട്ടത്തിൽ പോകുന്നു. പെട്ടെന്ന് അത് പൊങ്ങിവരുന്നു. പിരിമുറുക്കവും അവബോധവും ഒത്തുപോകില്ല എന്നതാണ് ഇത് കാണിക്കുന്നത്. ബോധപൂർവമായ പരിശ്രമത്തിന്റെയും അനായാസതയുടെയും സംയോജനമാണ് ജീവിതം. അവ പരസ്പര പൂരകവുമാണ്. ചലനാത്മകമായി പ്രവർത്തിക്കുന്ന ഒരാൾക്ക് നന്നായി ഉറങ്ങാൻ കഴിയും. നന്നായി മനഃപാഠമാക്കിയ ഒരു കാര്യം യാന്ത്രികമായി ഓർക്കാനാകും. നിസ്വാർഥമായി സേവനം ചെയ്യുന്നവർക്ക് കൂടുതൽ സ്പഷ്ടമായി ഹൃദയം തുറന്ന് സ്നേഹിക്കാൻ കഴിയും. അവബോധത്തോടു കൂടി ചെയ്യുന്ന ഏത് കാര്യവും ക്രമേണ അനായാസമാകുന്നത് നിങ്ങൾക്ക് അനുഭവിക്കാനാകും.