Kerala
സനാതന ധര്‍മ്മത്തെ ഉടച്ചുവാര്‍ത്ത ശ്രീനാരായണ ഗുരുവിനെ അതിന്റെ വക്താവും പ്രയോക്താവും ആക്കാന്‍ ശ്രമം: മുഖ്യമന്ത്രി
സനാതന ധര്‍മം എന്നതുകൊണ്ടു വിവക്ഷിക്കുന്നത് വര്‍ണാശ്രമ ധര്‍മമല്ലാതെ മറ്റൊന്നുമല്ല
തിരുവനന്തപുരം | സനാതന ധര്‍മ്മത്തെ ഉടച്ചുവാര്‍ത്തയാളാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇപ്പോള്‍ സനാതന ധര്‍മത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. . ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സനാതന ധര്‍മം എന്നതുകൊണ്ടു വിവക്ഷിക്കുന്നത് വര്‍ണാശ്രമ ധര്‍മമല്ലാതെ മറ്റൊന്നുമല്ല. ആ വര്‍ണാശ്രമ ധര്‍മ്മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനില്‍ക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധര്‍മമെന്നും -മുഖ്യമന്ത്രി പറഞ്ഞു
ഗുരു എന്തിനൊക്കെ വേണ്ടി നില കൊണ്ടോ, അതിനൊക്കെ എതിരായ പക്ഷത്തേക്ക് ഗുരുവിനെ തട്ടിയെടുത്ത് കൊണ്ടുപോയി പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നു.സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ശ്രീനാരായണഗുരുവിനെ കേവലം ഒരു മതനേതാവായി അല്ലെങ്കില്‍ മതസന്യാസിയായി കുറച്ചു കാണിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. ഗുരുവിനു മതമോ ജാതിയോ ഇല്ലെന്നതു മനസിലാക്കണം.
ഗുരുവിനെ ജാതിയുടേയോ മതത്തിന്റെയോ വേലി കെട്ടി അതിനുള്ളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചാല്‍ അതിലും വലിയ ഗുരുനിന്ദ വേറെയുണ്ടാകാനില്ല. അക്കാര്യം നാം ഓര്‍മിക്കേണ്ടതുണ്ട്. വെറുതെ ഓര്‍മിച്ചാല്‍ പോരാ, അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സദാ ജാഗ്രത പുലര്‍ത്തുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു