National
അതിര്‍ത്തി കടന്നതിന് പാക്കിസ്ഥാന്‍ പിടികൂടിയ ബി എസ് എഫ് ജവാനെ മോചിപ്പിക്കാന്‍ ശ്രമം ഊര്‍ജിതം
ഫ്‌ളാഗ് മീറ്റിംഗിലൂടെയാണ് ശ്രമം നടത്തുന്നത്. വ്യോമാഭ്യാസത്തിലൂടെ ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂഡല്‍ഹി | അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്നുപോയതിന് പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാനെ മോചിപ്പിക്കാന്‍ ഊര്‍ജിത ശ്രമം. ജവാനെ മോചിപ്പിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഫ്‌ളാഗ് മീറ്റിംഗിലൂടെയാണ് ശ്രമം നടത്തുന്നത്. വ്യോമാഭ്യാസത്തിലൂടെ ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘ആക്രമണ്‍’ എന്ന പേരില്‍ സെന്‍ട്രല്‍ സെക്ടറിലാണ് വ്യോമാഭ്യാസം നടത്തിയത്.
പഞ്ചാബിലെ ഫിറോസ്പൂരിനടുത്തുള്ള അതിര്‍ത്തിക്കു സമീപത്തായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയും ബി എസ് എഫ് 82-ാം ബറ്റാലിയന്‍ അംഗവുമായ പി കെ സിംഗ് എന്ന ജവാന്‍ അതിര്‍ത്തി കടന്നയുടന്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് വിവരം. കര്‍ഷകരോടൊപ്പം വിശ്രമിക്കാനായി തണല്‍ നോക്കി നടന്നപ്പോഴാണ് ജവാന്‍ അതിര്‍ത്തി കടന്നുപോയത്.
പാക്കിസ്ഥാന്റെ ഭാഗത്തെ അതിര്‍ത്തിയില്‍ മുള്ളുവേലി കെട്ടിയിട്ടില്ലാത്തതാണ് ജവാന് അബദ്ധം സംഭവിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.