National
മധ്യപ്രദേശില്‍ കുഴല്‍ കിണറില്‍ വീണ ആറുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
18 മണിക്കൂറായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു
രേവ| മധ്യപ്രദേശിലെ രേവ ജില്ലയില്‍ സുഹൃത്തുക്കല്‍ക്കൊപ്പം കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ ആറുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. 18 മണിക്കൂറായി കുട്ടി കുഴല്‍ കിണറില്‍വീണിട്ടെന്നാണ് വിവരം. ഉത്തര്‍പ്രദേശ് അതിര്‍ത്തിക്കടുത്തുള്ള മണിക ഗ്രാമത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്കുശേഷമാണ് സംഭവം നടന്നത്. കുട്ടിയെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
160 അടി താഴ്ചയുള്ള കുഴല്‍ക്കിണറിനുള്ളില്‍ 60 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നതെന്നാണ് നിഗമനമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുഴല്‍ക്കിണറിന് സമാന്തരമായി വലിയ കുഴിയെടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഗോതമ്പ് വയലിലെ കുഴല്‍ക്കിണറിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുമ്പോഴായിരുന്നു മയൂര്‍ എന്ന ആണ്‍കുട്ടി കാല്‍ വഴുതി വീണത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ വീട്ടിലെത്തി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസിനെയും അധികൃതരെയും വിവരം അറിയിച്ചു.
വിവരം ലഭിച്ച ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി രേവ കലക്ടര്‍ പ്രതിഭാ പാല്‍ പറഞ്ഞു. സ്റ്റേറ്റ് ഡിസാസ്റ്റര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ഫോഴ്സിനെ സ്ഥലത്ത് വിന്യസിച്ചതായും കലക്ടര്‍ പറഞ്ഞു. കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിശോധിക്കാനുള്ള മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
സിസിടിവി കാമറ ഉപയോഗിച്ച് കുട്ടിയുമായി ആശയവിനിമയം നടത്താന്‍ ശ്രമിച്ചെങ്കിലും കുഴല്‍ക്കിണറിനുള്ളിലെ ചെളിയും കുറ്റിക്കാടുകളും തടസ്സമായെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് അനില്‍ സോങ്കര്‍ പറഞ്ഞു. പൈപ്പിലൂടെ കുട്ടിക്ക് ഓക്‌സിജന്‍ എത്തിക്കുന്നുമുണ്ടെന്നും പോലീസ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.