Connect with us

Kerala

നരഭോജി കടുവയെ കൊല്ലാന്‍ നീക്കങ്ങള്‍ ശക്തം

കൂടുതല്‍ ആര്‍ ആര്‍ ടി സംഘം വനത്തില്‍ തെരച്ചില്‍ നടത്തുന്നതിനായി തയ്യാറെടുക്കുകയാണ്

Published

|

Last Updated

വയനാട് | മാനന്തവാടിയില്‍ ഇറങ്ങിയ നരഭോജി കടുവയെ വെടിവച്ചുകൊല്ലാനുള്ള നീക്കങ്ങള്‍ ശക്തം. പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപെടുത്തിയ കടുവയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് തെരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും.

കൂടുതല്‍ ആര്‍ ആര്‍ ടി സംഘം വനത്തില്‍ തെരച്ചില്‍ നടത്തുന്നതിനായി തയ്യാറെടുക്കുകയാണ്. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ തുടരും. ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക ദൗത്യ സംഘവും ഉടന്‍ സ്ഥലത്തെത്തും. പ്രദേശത്ത് കടുവക്കായി ഇന്നലെ കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തെരച്ചിലിനായി സ്ഥലത്ത് എത്തിക്കും.

കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ഇന്നലെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയിരുന്നു. മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടത് ആശങ്ക ആയിട്ടുണ്ട്.

വന്യജീവി ആക്രമണത്തിനെതിരെ യു ഡി എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ മാനന്തവാടി മുന്‍സിപ്പാലിറ്റി മേഖലയിലാണ് ഹര്‍ത്താല്‍.