Kerala
കോഴിമുട്ട വില കുതിക്കുന്നു; ലോകകപ്പ് ക്ഷീണം മാറിയില്ല
മണ്ഡലകാല സീസണിലും മുട്ട വില കുറഞ്ഞില്ല

കോഴിക്കോട് | കോഴിമുട്ടക്ക് കടുത്ത ക്ഷാമം. ഒപ്പം വിലക്കയറ്റവും. കഴിഞ്ഞ രണ്ടാഴ്ചയോളമായി ആറ് രൂപയാണ് കോഴിമുട്ടയുടെ വില. ചില്ലറ മാർക്കറ്റിൽ 6.50 വരെയും വിൽപ്പന നടക്കുന്നുണ്ട്.
നേരത്തേ നാല് രൂപക്ക് വിൽപ്പന നടത്തിയിരുന്ന കോഴിമുട്ടക്കാണ് കുത്തനെ വില കയറിയത്. കേരളത്തിലേക്ക് പ്രധാനമായും മുട്ട എത്തുന്നത് തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നാണ്.
ഇവിടെ നിന്ന് കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോൾ സീസണിൽ കോടിക്കണക്കിന് കോഴിമുട്ട ഖത്വറിലേക്ക് കയറ്റിയയച്ചതാണ് ക്ഷാമത്തിന് കാരണം. അഞ്ച് കോടി മുട്ടകളാണ് ഖത്വറിലേക്ക് കയറ്റിയത്. സാധാരണഗതിയിൽ കേരളത്തിൽ മണ്ഡലകാല സീസണിൽ മുട്ട വില കുറയാറാണ് പതിവ്.
എന്നാൽ, ഇത്തവണ വില കൂടി. ജനുവരി ആയതോടെ വീണ്ടും വർധിച്ചു. കഴിഞ്ഞ ജൂണിൽ മുട്ട വില 5.70ൽ എത്തിയിരുന്നു.
സ്‌കൂളുകളിൽ മുട്ട വിതരണം വ്യാപകമായതോടെയായിരുന്നു പെട്ടെന്നുള്ള വിലക്കയറ്റം. ഗിരിരാജ ഇനം മുട്ടക്ക് നിലവിൽ എട്ടും നാടൻ കോഴിമുട്ടക്ക് 11 രൂപയും വിലയുണ്ട്.