International
ഈജിപ്ത് വഴി ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടയില്ല: ഇസ്റാഈൽ
തീരുമാനം യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശനത്തിന് പിന്നാലെ

ടെൽ അവീവ് | ഈജിപ്ത് വഴി ഗസ്സയിലേക്ക് സഹായം എത്തിക്കാൻ ഇസ്റാഈൽ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ്. എന്നാൽ ഇസ്റാഈൽ അതിർത്തി വഴി സഹായങ്ങൾ എത്തിക്കാൻ അനുവദിക്കില്ലെന്നും ഇസ്റാഈൽ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യർഥന പരിഗണിച്ചാണ് തീരുമാനമെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ബെഡൻ ഇപ്പോൾ ഇസ്റാഈൽ സന്ദർശനത്തിലാണ്.
ജോ ബൈഡന്റെ ആവശ്യം പരിഗണിച്ച്, ഹമാസിൽ എത്താത്തിടത്തോളം കാലം, തെക്കൻ ഗസ്സ മുനമ്പിലെ സാധാരണക്കാർക്ക് ഭക്ഷണവും വെള്ളവും മരുന്നും മാത്രമുള്ള മാനുഷിക സഹായങ്ങൾ ഈജിപ്ത് വഴി എത്തിക്കുന്നത് ഇസ്റാഈൽ തടയില്ല. ഹമാസിൽ എത്തുന്ന എല്ലാ സാധനങ്ങളും തടയുമെന്നും പ്രസ്താവനയിൽ പറയുന്നു.
തട്ടിക്കൊണ്ടുപോയ ഇസ്റാഈലികളെ തിരിച്ചയക്കാത്തിടത്തോളം കാലം ഗസ്സ മുനമ്പിലേക്ക് ഇസ്റാഈൽ വഴി മാനുഷികമായ ഒരു സഹായവും അനുവദിക്കില്ല. തട്ടിക്കൊണ്ടുപോയവരെ റെഡ് ക്രോസ് സന്ദർശിക്കണമെന്നും ഈ ആവശ്യത്തിനായി വിപുലമായ അന്താരാഷ്ട്ര പിന്തുണ സമാഹരിക്കുന്നതിന് പ്രവർത്തിക്കണമെന്നും ഇസ്റാഈൽ ആവശ്യപ്പെട്ടു.
ഗസ്സയിലേക്ക് ഒരു വിധത്തിലും മാനുഷിക സഹായം എത്തിക്കാൻ അനുവദിക്കില്ല എന്നതായിരുന്നു ഇസ്റാഈലിന്റെ മുൻ നിലപാട്. ഇതേ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗസ്സയിലേക്ക് അയച്ച മാനുഷിക സഹായങ്ങൾ റഫ അതിർത്തിയിൽ കെട്ടിക്കിടക്കുകയായിരുന്നു.
ഇസ്റാഈലിന്റെ രാപകൽ ഭേദമില്ലാത്ത അതിക്രമത്തിൽ അതീവ ദയനീയ സ്ഥിതിയിലാണ് ഗസ്സ നഗരം. കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ വൈദ്യുതിയോ പോലുമില്ലാതെ നരകയാതന അനുഭവിക്കുകയാണ് ആ ജനത.