Uae
പത്തരമാറ്റ് തിളക്കത്തോടെ രാജ്യമെങ്ങും ഈദ് അല്‍ ഇത്തിഹാദ്
യു എ ഇ സമൂഹം സ്വദേശി വിദേശി വ്യത്യാസമില്ലാതെ ആഘോഷങ്ങളില്‍ പങ്കുകൊണ്ടു.
ദുബൈ| യു എ ഇ 53-ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷപ്പൊലിമയില്‍. രാജ്യമാസകലം ഇന്നലെ വര്‍ണാഭമായ ആഘോഷ പരിപാടികള്‍ നടന്നു. മിന്നുന്ന ഷോകളും അതിമനോഹരമായ കരിമരുന്ന് പ്രദര്‍ശനങ്ങളും ഡ്രോണ്‍ പ്രദര്‍ശനവും അടക്കം വൈവിധ്യമായ പരിപാടികളാണ് നടന്നത്. യു എ ഇ സമൂഹം സ്വദേശി വിദേശി വ്യത്യാസമില്ലാതെ ആഘോഷങ്ങളില്‍ പങ്കുകൊണ്ടു. ഇന്നലെ ഡിസംബര്‍ രണ്ട്, ആഘോഷ പരിപാടികളുടെ തീവ്രത മുറ്റിനിന്ന ദിനമായിരുന്നു. നേരം വെളുത്തത് മുതല്‍ പാതിരാവ് വരെ ആഘോഷം നീണ്ടു. ഇന്ന് ഡിസംബര്‍ മൂന്ന് അവധിയുള്ളതിനാല്‍, ഉത്സവ പരിപാടി തുടരും.
സമാധാനത്തിന്റെ മരുപ്പച്ചയായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് ആഘോഷം വെറുമൊരു ആഘോഷപ്രകടനമല്ല, മറിച്ച് സ്ഥിരതയുടെയും പുതുമയുടെയും പ്രതീക്ഷയുടെയും ആഗോള കേന്ദ്രമായി മാറാനുള്ള യാത്രയില്‍ ജന സമൂഹങ്ങള്‍ക്ക് വെളിച്ചമായി നില്‍ക്കുന്നുവെന്നതിന്റെ പ്രഘോഷണമാണ്. ഇതുവരെ കൈവരിച്ചതും 2030-ലും 2050-ലും നേതൃത്വം നിശ്ചയിച്ച പുതിയ ലക്ഷ്യങ്ങളും മുന്നില്‍ കണ്ടുകൊണ്ടാണ് യു എ ഇ യാത്ര തുടരുന്നത്. അഭിവൃദ്ധി പ്രാപിക്കുകയും സാമ്പത്തികമായി വളരുകയും ലോക വേദിയില്‍ മുന്നേറുകയും ചെയ്യുമെന്ന ആത്മവിശ്വാസം രാജ്യത്തിന്റെ ഓരോ അണുവിലും പ്രകടമാണ്. അതോടൊപ്പം സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സ്വീകാര്യതയുടെയും ഒരു മരുപ്പച്ചയായി നിലനില്‍ക്കുന്ന എമിറേറ്റ്‌സിന്റെ ആഘോഷങ്ങള്‍ക്ക് അതുകൊണ്ടാണ് പത്തരമാറ്റ് തിളക്കം ഉണ്ടാകുന്നത്.
അബൂദബിയില്‍ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ സാംസ്‌കാരിക പ്രകടനങ്ങള്‍, പരമ്പരാഗത കലകള്‍, ആധുനിക വിനോദങ്ങള്‍ എന്നിവയുടെ സമന്വയം ഒരുക്കി. വിസ്മയിപ്പിക്കുന്ന പടക്കങ്ങളും രാത്രി ആകാശത്തെ പ്രകാശിപ്പിക്കുന്ന ഡ്രോണ്‍ ഷോകളും ശ്രദ്ധേയമായി. യാസ് ഐലന്‍ഡും സാദിയാത്ത് ദ്വീപും ആവേശകരമായ റൈഡുകള്‍ മുതല്‍ സാംസ്‌കാരിക പ്രകടനങ്ങള്‍ വരെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. നഗരത്തില്‍ 11 സ്ഥലങ്ങളില്‍ വെടിക്കെട്ട് പ്രദര്‍ശനം ഉണ്ടായിരുന്നു. കച്ചേരികളും പരമ്പരാഗത നാടോടി പ്രകടനങ്ങളും ഉള്‍പ്പെടെ നിരവധി വിനോദ, സാംസ്‌കാരിക പരിപാടികളും നടന്നു.
നാഷണല്‍ അറ്റ്ലസ് പ്രകാശനം ചെയ്തു
ഈദ് അല്‍ ഇത്തിഹാദില്‍ ഫെഡറല്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, യു എ ഇ നാഷണല്‍ അറ്റ്ലസ് പുസ്തകത്തിന്റെ പ്രകാശനം പ്രഖ്യാപിച്ചു. 1968 മുതല്‍ 1971 ഡിസംബറില്‍ യുഎഇ പ്രഖ്യാപനം വരെ സ്ഥാപക പിതാക്കന്മാര്‍ നടത്തിയ പ്രവര്‍ത്തനം എടുത്തുകാട്ടുന്നതും രാജ്യത്തിന്റെ ചരിത്ര പാതയിലൂടെയുള്ള ഒരു യാത്രയിലൂടെ വായനക്കാരനെ കൊണ്ടുപോകുന്നതുമായ പ്രത്യേക അധ്യായം ഉള്‍പ്പെടുന്നതാണ് പുസ്തകം. കഴിഞ്ഞ 50 വര്‍ഷത്തെ രാജ്യത്തിന്റെ വിജയവും വരും വര്‍ഷങ്ങളിലെ സര്‍ക്കാരിന്റെ ഭാവി അഭിലാഷങ്ങളും ഉള്‍ക്കൊള്ളുന്നത് കൂടിയാണിത്.
തൊഴിലാളികള്‍ക്കായുള്ള ആഘോഷങ്ങള്‍ക്ക് പ്രൗഢ തുടക്കം
ദേശീയദിന ആഘോഷത്തില്‍ ‘ഞങ്ങളുടെ തൊഴിലാളികളുടെ സന്തോഷം’ എന്ന പ്രമേയത്തില്‍ നടന്ന പരിപാടിയില്‍ ഒരു ദശലക്ഷത്തിലധികം തൊഴിലാളികള്‍ പങ്കെടുത്തു. രണ്ട് ദിവസത്തെ ആഘോഷങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് നടക്കുന്നത്. മത്സരങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവക്കൊപ്പം ഒരു കാര്‍ സമ്മാനമായി നറുക്കെടുപ്പും ഉള്‍പ്പെടുന്നു.
ആഭ്യന്തര മന്ത്രാലയമാണ് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ദുബൈ പോലീസ്, യു എ ഇയിലുടനീളമുള്ള മുനിസിപ്പാലിറ്റികള്‍, നാഷണല്‍ ആംബുലന്‍സ്, റാസ് അല്‍ ഖൈമ ഫ്രീ സോണ്‍ എന്നിവ അടക്കം നിരവധി സഹകാരികളുടെ പിന്തുണയോടെയാണ് പരിപാടികള്‍. മന്ത്രാലയത്തിന്റെ ആഘോഷ പരിപാടികള്‍ക്ക് സമാന്തരമായി നിരവധി കമ്പനികള്‍ സംഘടിപ്പിക്കുന്ന തൊഴില്‍ താമസ സൗകര്യങ്ങളില്‍ വിവിധ ആഘോഷങ്ങളും നടത്തുന്നുണ്ട്.