Uae
ഈദ് അല്‍ ഇത്തിഹാദ് ഇന്ന്; മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം
53-ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷിക്കുമ്പോള്‍ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്ന് ദുബൈ പോലീസ് താമസക്കാരോടും സന്ദര്‍ശകരോടും അഭ്യര്‍ഥിച്ചു.
ദുബൈ | ഈദ് അല്‍ ഇത്തിഹാദ് ആഘോഷിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അപകടങ്ങള്‍ ഒഴിവാക്കാനാണിത്. എല്ലാവര്‍ക്കും സുരക്ഷിതവും ചിട്ടയുള്ളതും ആസ്വാദ്യകരവുമായ അനുഭവം സാധ്യമാകണം. 53-ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷിക്കുമ്പോള്‍ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്ന് ദുബൈ പോലീസ് താമസക്കാരോടും സന്ദര്‍ശകരോടും അഭ്യര്‍ഥിച്ചു. എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ പ്രധാനമാണ്. ഗതാഗതക്കുരുക്ക് സൃഷ്ടിക്കരുത്. സുഗമമായ ഗതാഗതത്തിന് ഈ കാലയളവില്‍ പട്രോളിംഗ് ശക്തമായിരിക്കും. ഉയര്‍ന്ന റോഡ് സുരക്ഷ ഉറപ്പാക്കുമെന്ന് അതോറിറ്റി അറിയിച്ചു.
മിക്ക ലംഘനങ്ങളും വാഹനം പിടിച്ചെടുക്കല്‍ സംബന്ധിച്ച 2023-ലെ ഡിക്രി നമ്പര്‍ 30ന് കീഴിലാണ് വരിക. കണ്ടുകെട്ടിയ വാഹനം വിട്ടുനല്‍കുന്നതിന് 50,000 ദിര്‍ഹം വരെ പിഴ ചുമത്താം. ക്രമരഹിതമായ മാര്‍ച്ചുകളും ഒത്തുചേരലുകളും സംഘടിപ്പിക്കരുത്. പങ്കെടുക്കുന്നതും ഒഴിവാക്കുക. എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുക. പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക. ഡ്രൈവര്‍മാരോ യാത്രക്കാരോ കാല്‍നടയാത്രക്കാരോ ആയാലും പാര്‍ട്ടി സ്പ്രേകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. വാഹനങ്ങളുടെ മുന്‍ഭാഗവും പിന്‍ഭാഗവും ലൈസന്‍സ് പ്ലേറ്റുകള്‍ ദൃശ്യമാക്കുകയും കാഴ്ച തടസ്സങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. വാഹനത്തിന്റെ നിറം മാറ്റുന്നതില്‍ നിന്നും വിന്‍ഡ്‌സ്‌ക്രീന്‍ നിറം മാറ്റുന്നതില്‍ നിന്നും വിട്ടുനില്‍ക്കുക.
ഈദ് അല്‍ ഇത്തിഹാദിന് മാത്രമുള്ളതും ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങളും വ്യവസ്ഥകളും പാലിക്കുന്നതുമായ സ്റ്റിക്കറുകളും അടയാളങ്ങളും ലോഗോകളും മാത്രം സ്ഥാപിക്കുക. വാഹനത്തിന്റെ വശങ്ങളിലോ മുന്‍വശത്തോ പിന്‍വശത്തോ സ്റ്റിക്കറുകള്‍ കൊണ്ട് മൂടുന്നത് നിരോധിച്ചിരിക്കുന്നു. ദൃശ്യപരതയെ തടയുന്ന സണ്‍ഷെയ്ഡുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. ആന്തരികമോ ബാഹ്യമോ ആയ റോഡുകളില്‍ സ്റ്റണ്ടുകള്‍ നടത്തുന്നതിനും ഗതാഗതം തടസ്സപ്പെടുത്തുന്നതിനും കര്‍ശന ശിക്ഷ ലഭിക്കും. അമിത ശബ്ദം സൃഷ്ടിക്കുന്നതോ കാഴ്ചയെ തടസ്സപ്പെടുത്തുന്നതോ ആയ അനധികൃത മാറ്റങ്ങള്‍ വാഹനത്തില്‍ അരുത്. ലൈസന്‍സില്ലാത്ത ഫീച്ചറുകള്‍ ചേര്‍ക്കുന്നത് വാഹന ഉടമകള്‍ ഒഴിവാക്കണം. ഒരു വാഹനത്തില്‍ അനുവദനീയമായ എണ്ണം യാത്രക്കാര്‍ മാത്രമേ ഉള്ളൂവെന്നും ജനലുകളിലേക്കോ സണ്‍റൂഫുകളിലേക്കോ തൂങ്ങിക്കിടക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ഡ്രൈവര്‍മാര്‍ ഉറപ്പാക്കണം.
നാല് എമിറേറ്റുകളില്‍ ട്രാഫിക് പിഴകളില്‍ ഇളവ്
യു എ ഇ ദേശീയ ദിനാഘോഷ ഭാഗമായി യു എ ഇയില്‍ നാല് എമിറേറ്റുകളില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് ലഭിക്കും. ഡിസംബര്‍ രണ്ട് മുതല്‍ 53 ദിവസത്തേക്ക് ഇളവ് ബാധകമാകുമെന്ന് ഫുജൈറ പോലീസ് അറിയിച്ചു. ഡിസംബര്‍ ഒന്നിന് മുമ്പുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് ഇളവ്. വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് റദ്ദാക്കല്‍, ട്രാഫിക് ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കല്‍ എന്നിവയും ഈ സംരംഭത്തിലുണ്ട്. എന്നിരുന്നാലും, ഗുരുതരമായ ലംഘനങ്ങള്‍ക്ക് ഓഫര്‍ സാധുതയുള്ളതല്ല. നേരത്തെ, റാസ് അല്‍ ഖൈമ പോലീസ് 50 ശതമാനം പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ ഒന്നിന് മുമ്പ് ചെയ്യുന്ന നിയമലംഘനങ്ങളുടെ പിഴയില്‍ ഇളവ് നല്‍കുമെന്ന് അതോറിറ്റി അറിയിച്ചു. എന്നിരുന്നാലും, ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഉമ്മുല്‍ ഖുവൈന്‍ പോലീസ് ഡിസംബര്‍ ഒന്ന് മുതല്‍ 2025 ജനുവരി അഞ്ച് വരെ 50 ശതമാനം ട്രാഫിക് പിഴ ഇളവ് പ്രഖ്യാപിച്ചിരുന്നു.
2024 ഡിസംബര്‍ ഒന്നിന് മുമ്പ് ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റില്‍ നടക്കുന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഈ തീരുമാനം ബാധകമാണ്. വാഹനങ്ങള്‍ പിടിച്ചെടുക്കല്‍, ട്രാഫിക് ബ്ലാക്ക് പോയിന്റുകള്‍ എന്നിവ റദ്ദാക്കുന്നതും ഈ സംരംഭത്തില്‍ ഉള്‍പ്പെടുന്നു. തീരുമാനം പ്രയോജനപ്പെടുത്താനും അവരുടെ സഞ്ചിത പിഴ അടക്കാനും ട്രാഫിക് നിയമങ്ങള്‍ പാലിക്കാനും എല്ലാ വാഹന ഉടമകളോടും പോലീസ് ആവശ്യപ്പെട്ടു. ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ആസൂത്രണത്തെ പിന്തുണക്കുന്നതിനുമുള്ള പോലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. അജ്മാന്‍ പോലീസ് 2024 ഡിസംബര്‍ 15 വരെ ട്രാഫിക് പിഴകളില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 31ന് മുമ്പ് ചുമത്തിയ എല്ലാ പിഴകള്‍ക്കും ഇളവ് ലഭിക്കും.
ഒരുങ്ങി ആര്‍ ടി എയും
ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ദുബൈ ക്രീക്കില്‍ അബ്ര പരേഡില്‍ 70 പരമ്പരാഗത തടി ബോട്ടുകള്‍ പങ്കെടുക്കും. ഡിസംബര്‍ മൂന്നിന് അല്‍ സബ്ഖ മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനില്‍ നിന്നാണ് പരേഡ് ആരംഭിക്കുക. ഇന്ന് ഇ& മെട്രോ സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് യു എ ഇ പതാകകള്‍ വിതരണം ചെയ്യും. കൂടാതെ, യു എ ഇ നേതൃത്വത്തിന് അഭിനന്ദന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരസ്യ ക്യാമ്പയിനുകള്‍ നഗരത്തിലുടനീളമുള്ള ഡിജിറ്റല്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും. വാട്ടര്‍ കനാല്‍ വെള്ളച്ചാട്ടങ്ങള്‍ യു എ ഇ പതാകയുടെ നിറത്തില്‍ പ്രകാശിപ്പിക്കുമെന്നും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും (ആര്‍ ടി എ) അറിയിച്ചു. ഈദ് അല്‍ ഇത്തിഹാദ് തീം സ്മാര്‍ട്ട് ട്രാഫിക് സിസ്റ്റം ബോര്‍ഡുകളിലും മെട്രോ, ട്രാം സ്‌ക്രീനുകളിലും പ്രദര്‍ശിപ്പിക്കും.
പാര്‍ക്കുകളുടെ പ്രവര്‍ത്തന സമയം
യു എ ഇ ദേശീയ ദിന അവധി ദിനങ്ങളില്‍ പാര്‍ക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തന സമയം ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. സഅബീല്‍ പാര്‍ക്ക്, അല്‍ ഖോര്‍ പാര്‍ക്ക്, അല്‍ സഫ പാര്‍ക്ക്, അല്‍ മംസാര്‍ പാര്‍ക്ക്, മുശ്രിഫ് പാര്‍ക്ക് എന്നിവ രാവിലെ 8 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും. മുശ്രിഫ് പാര്‍ക്കിലെ മൗണ്ടന്‍ ബൈക്ക് ട്രാക്കും മൗണ്ടന്‍ വാക്കിംഗ് ട്രയലും രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറന്നിരിക്കും.
ശൈഖ് സായിദ് ഫെസ്റ്റിവലില്‍ ദേശീയ ദിനാഘോഷം
അബൂദബി അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ നാളെ വരെ യു എ ഇയുടെ 53-ാമത് ദേശീയ ദിനം ആഘോഷ പരിപാടികള്‍ നടക്കും. കരിമരുന്ന് പ്രദര്‍ശനം, ഡ്രോണ്‍ ഡിസ്പ്ലേകള്‍, ഹെറിറ്റേജ് ഷോകള്‍ എന്നിവ രാത്രി 9.49ന് ആരംഭിക്കും. ഡ്രോണ്‍ പ്രദര്‍ശനം 20 മിനിറ്റ് നീണ്ടുനില്‍ക്കും, തുടര്‍ന്ന് രാത്രി 10 മണിക്ക് വലിയ വെടിക്കെട്ട് പ്രദര്‍ശനം നടക്കും.