Connect with us

Uae

ആഘോഷപ്പൊലിമയിൽ ഈദ് അവധിക്കാലം

കുട്ടികൾക്കും മുതിർന്നവർക്കും നിവാസികൾക്കും സന്ദർശകർക്കും സമ്മാനങ്ങൾ നൽകിയാണ് ദുബൈ ജി ഡി ആർ എഫ് എ ആഘോഷത്തിൽ പങ്കുചേർന്നത്.

Published

|

Last Updated

ദുബൈ| ഈദുൽ ഫിത്വർ അവധി മികച്ച അനുഭവങ്ങൾ നൽകി അവസാനിച്ചു. യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാനും അവർക്ക് സുരക്ഷാ ഒരുക്കാനും മികച്ച ക്രമീകരണങ്ങളാണ് രാജ്യമാസകലം നടന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങളും നഗരങ്ങളും മാളുകളും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. കുടുംബങ്ങൾ ഒത്തുചേർന്ന്, നീണ്ട അവധിക്കാലം ആസ്വദിച്ചു. വേനൽച്ചൂട് എത്തുന്നതിന് മുമ്പുള്ള മിതമായ താപനില ആഘോഷങ്ങൾക്ക് സുഖകരമായ അന്തരീക്ഷം നൽകി. തുറസ്സായ സ്ഥലങ്ങളിൽ ഒത്തുചേർന്ന് ഉത്സവാന്തരീക്ഷം ആസ്വദിച്ചവരും ഏറെ.

ജി ഡി ആർ എഫ് എ

കുട്ടികൾക്കും മുതിർന്നവർക്കും നിവാസികൾക്കും സന്ദർശകർക്കും സമ്മാനങ്ങൾ നൽകിയാണ് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആർ എഫ് എ) ആഘോഷത്തിൽ പങ്കുചേർന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന സന്ദർശകർക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ ജീവചരിത്രമായ “ടു ബി ദ ഫസ്റ്റ്’ എന്ന പുസ്തകത്തിന്റെ 1,000 പകർപ്പുകൾ വിതരണം ചെയ്തു. ജി ഡി ആർ എഫ് എ മേധാവി ലെഫ്റ്റ. ജന. മുഹമ്മദ് അഹ്്മദ് അൽ മർറിയുടെ മേൽനോട്ടത്തിലാണ് ഇത് നടന്നത്. പാസ്പോർട്ടുകളിൽ “ഈദ് ഇൻ ദുബൈ’ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ചു. യാത്രക്കാർക്ക് ചോക്ലേറ്റുകളും നൽകി. ഈദ് അവധിക്കാലത്ത് വർധിച്ച യാത്രാത്തിരക്ക് കണക്കിലെടുത്ത്, യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി കൂടുതൽ ജീവനക്കാരെ എയർപോർട്ടിൽ വിന്യസിച്ചിരുന്നു.

മുതിർന്നവർക്ക് സമ്മാനങ്ങൾ

മുതിർന്ന ഇമാറാത്തി പൗരന്മാർക്കായി, പ്രത്യേകിച്ച് ഒറ്റക്ക് ജീവിക്കുന്നവർക്കായി, ജി ഡി ആർ എഫ് എയും കമ്മ്യൂണിറ്റി ഡവലപ്മെന്റ്അതോറിറ്റി (സി ഡി എ)യും ചേർന്ന് “വലീഫ്’ പദ്ധതിയിലൂടെ ഈദ് സമ്മാനങ്ങൾ നൽകി. 48 മുതിർന്നവരുടെ വീടുകളിൽ സന്ദർശനം നടത്തി പരമ്പരാഗത മധുരപലഹാരങ്ങളും നന്ദി സന്ദേശങ്ങളും നൽകി. സി ഡി എയും ഇസ്്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റും ചേർന്ന് 10,000 കുട്ടികൾക്ക് ഈദിയ എന്ന പേരിൽ ഈദ് സമ്മാനം നൽകി. കുട്ടികൾക്ക് പണമോ സമ്മാനങ്ങളോ നൽകുന്ന ആഘോഷമാണ് ഈദിയ.

റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) പൊതുഗതാഗത ഉപയോക്താക്കൾക്ക് മാർച്ച് 28 മുതൽ ഏപ്രിൽ നാല് വരെ ഷോപ്പിംഗ്, ഭക്ഷണ വൗച്ചറുകളും ഗതാഗത കിഴിവുകളും നൽകുന്ന ക്യാമ്പയിൻ ആരംഭിച്ചു.

തൊഴിലാളികൾക്ക് വിനോദ കായിക പരിപാടികൾ

മനുഷ്യവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്റെ), ഫെഡറൽ, പ്രാദേശിക സർക്കാരുകളുമായി സഹകരിച്ച് തൊഴിലാളികൾക്ക് പത്ത് സ്ഥലങ്ങളിൽ ഈദ് വിനോദ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങൾ ഉച്ചക്ക് 12 മുതൽ വൈകിട്ട് ആറ് വരെ നീണ്ടുനിന്നു. കായിക വിനോദ മത്സരങ്ങൾ ഉൾപ്പെടുത്തിയാണ് പരിപാടി നടന്നത്. ഈദിന്റെ രണ്ടാം ദിവസം പ്രത്യേക നറുക്കെടുപ്പും നടന്നു. കാർ, ഇ-സ്‌കൂട്ടറുകൾ, മൊബൈൽ ഫോണുകൾ, വിമാന ടിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകുകയും ചെയ്തു.

മുസഫ്ഫ, അൽ മഫ്‌റഖ്, ജബൽ അലി, ഷാർജ അൽ സജാ, അജ്മാൻ അൽ ജുർഫ്, ഉമ്മുൽ ഖുവൈൻ, റാസ് അൽ ഖൈമ റാകിസ്, ഫുജൈറ അൽ ഹെയ്ൽ ഇൻഡസ്ട്രിയൽ, ദുൽസ്‌കോ ലേബർ വില്ലേജ് എന്നിവിടങ്ങളിലാണ് പരിപാടികൾ നടന്നത്. മൊഹ്റെ ഉദ്യോഗസ്ഥരും മറ്റും തൊഴിലാളികളോടൊപ്പം ഈദ് നിസ്‌കാരത്തിൽ പങ്കെടുക്കുകയും ആശംസകൾ പങ്കിടുകയും ചെയ്തു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പിൻസ്, ശ്രീലങ്ക, നേപ്പാൾ, തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 100,000-ത്തിലധികം തൊഴിലാളികൾ പരിപാടിയുടെ ഭാഗമായി.

അൽഖുസ് ഏരിയയിൽ നടന്ന പരിപാടിയിൽ ജി ഡി ആർ എഫ് എ ദുബൈ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബൈ എമിറേറ്റ്‌സിന്റെ വർക്ക് റെഗുലേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഉമർ മത്വർ അൽ മുസൈന അടക്കുമുള്ള ഉന്നത ഉദ്യോഗസ്ഥർ നേതൃത്വം നൽകി. ദുബൈ ഹോൾഡിംഗ് ആതിഥേയത്വം വഹിച്ച പ്രത്യേക മാർക്കറ്റിൽ ആയിരക്കണക്കിന് ഡ്രൈവർമാർക്ക് സൗജന്യമായി അവശ്യവസ്തുക്കൾ ലഭിക്കുന്നതിന് അവസരമൊരുക്കിയിരുന്നു.

 

 


---- facebook comment plugin here -----


Latest