Connect with us

cover story

പെരുന്നാൾ ഒരു വിശ്വഭാഷയാണ്

കുട്ടിക്കാലത്തെ പെരുന്നാളുകൾ ഒരു വിതുമ്പലായി മനസ്സിൽ വരും.സത്യത്തിൽ ആ കാലത്ത് രണ്ടേ രണ്ട് ആഘോഷങ്ങളേ ഉണ്ടായിരുന്നുള്ളൂ.ഒന്ന്, അന്നാണ് നല്ല ഭക്ഷണം കഴിക്കുന്ന ദിനം.അന്നാണ് ഒരു പുത്തനുടുപ്പ് ഉടുക്കുന്ന ദിവസം. അക്കാലത്ത്, ചിലപ്പോൾ പെരുന്നാൾ കാലത്ത് റേഷൻ കടയിൽ തുണി വരും. ഒരേ നിറമുള്ള തുണിയാണ്. ഒരു തവണ പൊയ്ത്തും കടവിലെ ഞങ്ങളുടെ റേഷൻ കടയിൽ വന്ന തുണി കറുത്ത നിറത്തിൽ വെള്ള വരയുള്ള ഒന്നായിരുന്നു. ജാതിമത രാഷ്ട്രീയ കുല ഭേദമന്യേ ഒരേയൊരു ബ്ലാക്ക് കോട്ടൺ വിത്ത് വൈറ്റ് ലൈൻസ് !

Published

|

Last Updated

പെരുന്നാളിന്റെ ഉത്സാഹസത്ത അവസാനിക്കുന്നില്ല. പക്ഷേ, പെരുന്നാൾ ആഘോഷത്തിന്റെ സ്വഭാവം മാറുന്നു.ഗൾഫിലൊക്കെ പോയി നാം നേടിയ സാമ്പത്തികാശ്വാസത്തിനോട് നമ്മുടെ ഓരോ പെരുന്നാൾ ദിനവും കടപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ വെറുതെയൊന്ന് ആലോചിച്ചു നോക്കൂ. വിരലിലെണ്ണാവുന്ന സമ്പന്നരേ മുസ്‎ലിം സമുദായത്തിലുണ്ടായിരുന്നുള്ളൂ.കഷ്ടപ്പാടുകളുടെ ആ നാളുകൾ ഒരു പരിധി വരെ മാറ്റിയതിന് ദൈവത്തോടും ഗൾഫ് മണിയോടും ഗൾഫ് പ്രവാസികളോടും നാം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.

സത്യത്തിൽ പുതിയ പെരുന്നാൾക്കാലത്ത് നാം അവരെപ്പറ്റി ഓർക്കണം.പെരുന്നാൾ പ്രഭാഷണത്തിലൊക്കെ ഗൾഫ് കാരെപ്പറ്റിയും നന്ദിപൂർവം സ്മരിക്കണം എന്നാണെന്റെ അഭിപ്രായം. അവർ കൊണ്ട പൊരിവെയിലാണ് ഇന്നത്തെ തണുവാർന്ന തണൽ.അവ നൽകുന്ന വിഭവങ്ങളാണ് മനുഷ്യർ എന്ന നിലയിൽ ഇന്ന് നാം കാണുന്ന കേരളീയ മുസ്‎ലിംകളുടെ അസ്തിത്വം.പണ്ടത്തെ പെരുന്നാളിനെപ്പറ്റി എഴുതൂ എന്ന് പെരുന്നാൾക്കാലം വരുമ്പോൾ പല പത്രങ്ങളും എന്നോട് ആവശ്യപ്പെടാറുണ്ട്.അപ്പോഴൊക്കെ കുട്ടിക്കാലത്തെ പെരുന്നാളുകൾ ഒരു വിതുമ്പലായി മനസ്സിൽ വരും. സത്യത്തിൽ ആ കാലത്ത് രണ്ടേ രണ്ട് ആഘോഷങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്: അന്നാണ് നല്ല ഭക്ഷണം കഴിക്കുന്ന ദിനം. അന്നാണ് ഒരു പുത്തനുടുപ്പ് ഉടുക്കുന്ന ദിവസം.

അക്കാലത്ത്, ചിലപ്പോൾ പെരുന്നാൾ കാലത്ത് റേഷൻ കടയിൽ തുണി വരും. ഒരേ നിറമുള്ള തുണിയാണ്.ഒരു തവണ പൊയ്ത്തും കടവിലെ ഞങ്ങളുടെ റേഷൻ കടയിൽ വന്ന തുണി കറുത്ത നിറത്തിൽ വെള്ള വരയുള്ള ഒന്നായിരുന്നു. ജാതിമത രാഷ്ട്രീയ കുല ഭേദമന്യേ ഒരേയൊരു ബ്ലാക്ക് കോട്ടൺ വിത്ത് വൈറ്റ് ലൈൻസ് !

റേഷനിലായതിനാൽ നല്ല വിലക്കുറവാണ്.അതു തന്നെ വാങ്ങാൻ പണമില്ലാത്തവർ ഞങ്ങളുടെ ഗ്രാമത്തിൽ ഉണ്ടായിരുന്നു.കാലഘട്ടം എഴുപതുകളുടെ ആദ്യമാണെന്നോർക്കണം. ഏതായാലും ഈ കറുത്ത തുണി വിത്ത് വൈറ്റ് ലൈൻ വാങ്ങിച്ച് പെരുന്നാൾത്തലേന്ന് രാത്രി ഉറക്കമിളച്ച് ഞങ്ങൾ മൂന്ന് ആൺമക്കൾ ഒരു വിധം കുപ്പായം ടൈലർഷാപ്പിൽ നിന്ന് വാങ്ങിച്ചെടുത്തു. തമാശ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഉപ്പ നന്നായി ദർസിൽ പഠിച്ച ആളാണ്. അത്യാവശ്യം നന്നായി അറബി അറിയാം. അത് കൊണ്ട് ഉപ്പാക്ക് ബഹുമാനസൂചകമായി ഒരു നിക്ക് നെയിം ഇട്ട് കൊടുത്തിട്ടുണ്ട് നാട്ടുകാർ. അറബി ഇബ്രാഹിം എന്നാണത്. ഞങ്ങൾ മൂന്ന് സഹോദരങ്ങളും ആ പെരുന്നാൾ ദിനം വലിയ ആഹ്ലാദത്തോടെ ഈ ബ്ലാക് ആൻഡ് വൈറ്റ് വര കുപ്പായമിട്ട് പെരുന്നാൾ നിസ്കാരം കഴിഞ്ഞ് റോഡിലിറങ്ങിയതും പിന്നിൽ നിന്ന് ഞങ്ങളെ ചൂണ്ടി കമന്റുകൾ വന്നു തുടങ്ങി: ” ഡാ, നോക്കെടാ! അറബിപ്പട്ടാളം പോകുന്ന പോക്ക് നോക്കെടാ’.

ഈ പെരുന്നാൾ കുപ്പായം കാരണം ഞാൻ മാത്രമല്ല പലരും കഷ്ടപ്പെട്ടു. അതിലൊരാൾ നാട്ടിലെ ഒരു അമുസ്‎ലിം സഹോദരിയാണ്.പേര് ശ്യാമള. ഒരു ദിവസം നോക്കുമ്പോൾ എതിരെ വരുന്നു ശ്യാമള. ഈ കറുത്ത വെള്ളവരത്തുണി അവൾ പാവാടയാക്കി തയ്ച്ച് നല്ല സ്റ്റൈലായി ആടിപ്പാടി വരികയാണ്.എന്റെ കുപ്പായത്തിന്റെ നിറവും അതു തന്നെ! അവളും ഞാനും നാണക്കേട് കൊണ്ട് ഒരു നിമിഷം പരുങ്ങി. ഒട്ടും താമസിച്ചില്ല. രണ്ടാളും രണ്ട് വഴിക്ക് തിരിച്ചു നടന്നു, പല സ്ഥലത്ത് വെച്ചും ഞങ്ങൾ ഒരേ ഉടുപ്പിൽ കണ്ടുമുട്ടി. കണ്ടാലുടൻ രണ്ട് പേരും നാണക്കേട് കാരണം തിരിച്ച് നടക്കും. ഇത് പല തവണ ആവർത്തിച്ചു. പാവം ശ്യാമള എന്നെക്കാൾ കഷ്ടപ്പെട്ടത് അവൾ തന്നെയാവും. കാരണം പെണ്ണുങ്ങൾക്ക് നാണം കൂടുതലാണല്ലോ. പ്രത്യേകിച്ച് അന്നത്തെ കാലത്തെ പെണ്ണുങ്ങൾക്ക്.

കാലങ്ങൾ പല മഴകളായും പല ഇടിമിന്നലായും വേനലായും കടന്നുപോയി. ഇപ്പോൾ ശ്യാമള എവിടെയാണെന്നറിയില്ല. ഈ പെരുന്നാൾത്തുണിയുടെ കഥ ഓരോ പെരുന്നാൾ വരുമ്പോഴും എന്റെ മനസ്സിലെത്തും. അന്നത്തെ കഠിന ദാരിദ്ര്യത്തിൽ നിന്ന് നമ്മൾ ഒരു വിധം കയറിയെന്ന് പറയാം.

ഇന്ന് ടൈലർ ഷാപ്പിൽ പെരുന്നാൾത്തലേന്ന് പുത്തൻ ഉടുപ്പിനായി ഉറക്കമൊഴിച്ച് കാത്തിരിക്കേണ്ട. ഇപ്പോൾ എങ്ങും റെഡിമെയ്ഡ് ഷോപ്പുകളുണ്ട് . അവയിൽ നിറയെ പല നിറത്തിലും രൂപത്തിലുമുള്ള വസ്ത്രങ്ങൾ ഉണ്ട്. പോയി എടുക്കുകയേ വേണ്ടൂ. പക്ഷേ, പെരുന്നാൾ ദിനം വരുന്നതിന്റെ വമ്പിച്ച കൗതുകവും ആഹ്ലാദവും പഴയ കാലത്തോളം ഇന്നത്തെ തലമുറ അനുഭവിക്കുന്നുണ്ടോ? സാധ്യത കുറവാണ്. കാരണം, വർഷത്തിൽ രണ്ട് പെരുന്നാളിന്റെ ഉടുപ്പ് മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു. ഇന്ന് അങ്ങനെയല്ല. ആ പുത്തൻ ഉടുപ്പിന്റെ മണവും ഊഷ്മളതയും ഇന്ന് ഉണ്ടാകാൻ തരമില്ല. ഇന്ന് കഴിക്കുന്ന പെരുന്നാൾ വിഭവങ്ങൾക്കും ഇത്രയേറെ രുചിയുണ്ടാവാൻ സാധ്യതയില്ല. ഏറ്റവും വിശന്നിരിക്കുന്ന ഭക്ഷണത്തോളം രുചി ഏത് ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും കിട്ടില്ല. ഏറ്റവും ദാഹിച്ചു വലഞ്ഞു കിട്ടുമ്പോഴുള്ള പച്ചവെള്ളത്തോളം മധുരം ഒരു സർബത്തിനുമില്ല.
പക്ഷേ , നാം മറന്നു കൂടാത്ത ഒന്നുണ്ട്. ഗൾഫ് പണം എത്താത്ത ഇന്ത്യൻ സംസ്ഥാനങ്ങളിലെ മനുഷ്യരുടെ ദാരിദ്ര്യം ഒരു പരിധി വരെ അവരൊക്കെ നമ്മുടെ എഴുപതുകളുടെ അവസ്ഥയിൽത്തന്നെയാണ്.

കേരളത്തിലെ ആദിവാസികളുടെ സ്ഥിതിയും അത്രയേറെ ആശ്വാസകരമല്ല. അത്തരം മനുഷ്യരെ ഓരോ പെരുന്നാൾ ദിനത്തിലെങ്കിലും നാം ഓർക്കേണ്ടതുണ്ട്. ആ പ്രസിദ്ധമായ നബി വചനം വീണ്ടും വീണ്ടും സ്മരിച്ചേ മതിയാവൂ “അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് ഉണ്ണുന്നവർ നമ്മിൽ പെട്ടവരല്ല ‘. റസൂൽ സൂചിപ്പിച്ച ആ പട്ടിണിക്കാരായ അയൽവാസിക്ക് ജാതിയും മതവുമില്ല.
ലോകത്തെ ഏത് മനുഷ്യർക്ക് വേണ്ടിയുമാണ് ഈ പ്രവാചക വചനം. അവർ ഏത് മതത്തിലുള്ളവരാകട്ടെ, രാജ്യക്കാരാകട്ടെ , ദേശക്കാരാകട്ടെ അവരെയൊക്കെ സഹായിക്കുവാൻ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. അവർക്ക് വേണ്ടി പ്രാർഥിക്കാനും പ്രേരിപ്പിക്കുന്നു. ഫലസ്തീനിൽ ഓരോ നിമിഷവും വംശഹത്യക്ക് വിധേയമാകുന്ന കുഞ്ഞുങ്ങളെപ്പറ്റി ഓർക്കുകയും അവർക്കായി പ്രാർഥിക്കുകയും വേണം. ഈ പെരുന്നാൾ ദിനത്തിൽ അത്തരം ഒട്ടേറെ കാര്യങ്ങളിൽക്കൂടിയും നാം കടന്നു പോകേണ്ടതുണ്ട്.

ലോകത്തിലെ എല്ലാ മനുഷ്യരെയും ഒന്നായിത്തീർക്കുന്നു, പെരുന്നാൾ ദിനങ്ങൾ. ഇസ്‌ലാം ലോകത്തെയാണ് അഭിസംബോധന ചെയ്യുന്നത്. പ്രാദേശികതയെയല്ല.പ്രശസ്ത കവി എൻ വി കൃഷ്ണവാരിയർ ആഫ്രിക്കൻ ജനത അനുഭവിക്കുന്ന വേദനയിൽ അനുഭാവം പ്രകടിപ്പിച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു കവിത എഴുതിയിട്ടുണ്ട്.ആഫ്രിക്ക എന്നാണ് ആ കവിതയുടെ പേര്. ആ കവിതയിലെ രണ്ട് വരികൾ ലോകാവസാനം വരേക്കുമുള്ളതാണ്. ഇന്നായിരുന്നെങ്കിൽ ആഫ്രിക്ക എന്നതിന് പകരം ഫലസ്തീൻ എന്നാകുമായിരുന്നു ആ കവിതക്ക് പേര് നൽകുക.
ആഫ്രിക്ക എന്ന കവിതയിലെ ആ രണ്ടു വരികൾ ഇങ്ങനെയാണ് :
“എങ്ങ് മനുഷ്യന് ചങ്ങലകൈകളി
ലങ്ങെൻ കൈകൾ നൊന്നീടുക
യാണെങ്ങോ മർദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു’.

Latest