Kerala
ആത്മീയ വളര്‍ച്ചയുടെയും നവീകരണത്തിന്റെയും അതുല്യവേളയായി പെരുന്നാളിനെ മാറ്റണം:സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഷ്ടതയനുഭവിക്കുന്നവരിലേക്ക് ആശ്വാസത്തിന്റെ കരങ്ങള്‍ നീളണം.

കോഴിക്കോട് | സഹനത്തിന്റെയും ആത്മ സംസ്‌കരണത്തിന്റെയും വ്രതക്കാലത്തിന് വിരാമം . ഇനി സന്തോഷ പെരുന്നാള്‍ . ഇത് നവീകരണത്തിന്റെയും നന്ദിയുടെയും നന്മകള്‍ക്കായുള്ള സമര്‍പ്പണത്തിന്റെയും സമയമാണ്. അനുഗൃഹീതമായ നോമ്പിന്റെ മാസത്തില്‍ നാം പഠിച്ച ക്ഷമ, അനുകമ്പ, ആത്മനിയന്ത്രണം തുടങ്ങിയവയോടൊത്തുള്ള പുതുജീവിതത്തിന്റെ തുടക്കമാണ് ഈദ്- സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഈദ് സന്ദേശത്തില്‍ പറഞ്ഞു
ഈ ഈദ് എല്ലാവര്‍ക്കും സമാധാനവും സന്തോഷവും സമൃദ്ധിയും നല്‍കട്ടെ. നമ്മുടെ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന ആത്മീയ വളര്‍ച്ചയുടെയും നവീകരണത്തിന്റെയും അതുല്യവേളയായി പെരുന്നാളിനെ മാറ്റാന്‍ നാം ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഷ്ടതയനുഭവിക്കുന്നവരിലേക്ക് ആശ്വാസത്തിന്റെ കരങ്ങള്‍ നീളണം. പ്രാര്‍ത്ഥനകളില്‍ അവരെ ഓര്‍ക്കേണ്ടതുണ്ട്. നമ്മുടെ രാജ്യവും സമൂഹവും നേരിടുന്ന വിവിധ വെല്ലുവിളികളെ നേരിടാനുള്ള ജാഗ്രതയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള സഹനബോധവും വിശുദ്ധ റമളാന്‍ നമുക്ക് നല്‍കിയിട്ടുണ്ട്. ആ കരുത്തുമായി മുന്നേറാനുള്ള പ്രചോദനമാകട്ടെ ഈദുല്‍ ഫിത്ര്‍.
എല്ലാവര്‍ക്കും ഈദ് മുബാറക്! നമുക്ക് ഈദിന്റെ ചൈതന്യം ഉള്‍ക്കൊള്ളുകയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വര്‍ഷം മുഴുവനും വഹിക്കുകയും ചെയ്യാമെന്നും അദ്ദേഹം സന്ദേശത്തില്‍ തുടര്‍ന്ന് പറഞ്ഞു