Articles
പുരസ്കാരമാണ് ഈദുൽ ഫിത്വ‌്ർ; വിശുദ്ധിയോടെ ആഘോഷിക്കാം
പെരുന്നാള്‍ എന്നാല്‍ ഒരുമിച്ച് കൂടലാണ്, പ്രാര്‍ഥനയാണ്, നിസ്‌കാരമാണ്, ഖുതുബയാണ്, അല്ലാഹുവിലേക്കുള്ള മടക്കമാണ്. അന്നേ ദിവസം നല്ല ഭക്ഷണം, വസ്ത്രം, സുഗന്ധം, സ്വഭാവം, പുഞ്ചിരി, മുസാഫഹത്, കുടുംബ സന്ദര്‍ശനം, ദിക്‌റുകള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കണം. എവിടെയും ദുര്‍വ്യയങ്ങളുണ്ടാകുകയുമരുത്.

ശാരീരികവും മാനസികവുമായ വിശുദ്ധിയാണ് വിശ്വാസത്തിന്റെ അടിത്തറ. അല്ലാഹു മനുഷ്യനെ പടച്ചപ്പോള്‍ തന്നെ അവന്‍ നിര്‍വഹിക്കേണ്ട ദൗത്യത്തെ കുറിച്ചും അവന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ചും വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. പരിശുദ്ധനായ അല്ലാഹുവിന്റെ അടിമയും ഉദാരനും ഉത്കൃഷ്ടനും വിശുദ്ധിയുള്ളവനുമാകണമെന്നതാണ് അവന്റെ താത്പര്യം. ഭൗതിക താത്പര്യങ്ങളോട് അടുക്കുന്ന പ്രകൃതമായതുകൊണ്ടും പിശാചിന്റെ പ്രലോഭനങ്ങളില്‍ വീണുപോകുന്നത് കൊണ്ടും വിശുദ്ധ ജീവിതം തല്‍സ്ഥിതിയില്‍ തുടരാന്‍ സാധാരണ മനുഷ്യര്‍ക്ക് പലപ്പോഴും സാധിക്കാറില്ല. ജീവിത ചക്രത്തിനിടയില്‍ വന്നുപോകുന്ന കറകളും ഇരുളുകളും മായ്ക്കാനും തെളിച്ചമുള്ള ഹൃദയം വീണ്ടെടുക്കാനുമുള്ള സവിശേഷ വേളയാണ് റമസാന്‍.
റമസാനിലെ ഒരു മാസം നീണ്ടുനില്‍ക്കുന്ന സവിശേഷ ആരാധനകള്‍ മുഴുക്കെ മനുഷ്യന്റെ അകം മിനുക്കാനുള്ള വഴികളാണ്. ആഹാരം ഉള്‍പ്പെടെയുള്ള സര്‍വ ഇച്ഛകളെയും ഉപേക്ഷിച്ചും അനാവശ്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നും സ്വന്തത്തെ ചിട്ടപ്പെടുത്തുന്ന അനേകം കര്‍മങ്ങളാണ് വിശ്വാസികള്‍ റമസാനില്‍ ശീലിച്ചത്. അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം ഇഷ്ടപ്പെട്ട പലതും ഉപേക്ഷിച്ച് പ്രത്യേക ആരാധനകളില്‍ കഴിഞ്ഞുകൂടിയതിനുള്ള ഉപഹാരമാണ് ഓരോ ചെറിയ പെരുന്നാളും. വിശുദ്ധ മാസത്തില്‍ ഉള്ള് മിനുക്കിയ പുതു മനുഷ്യര്‍ക്കുള്ള ആഘോഷം. അഥവാ റമസാനില്‍ ആര്‍ജിച്ച ആത്മ വിശുദ്ധിയും ജീവിത മൂല്യങ്ങളും വരും കാലത്തും തുടരാനുള്ള സവിശേഷവേള. ആഘോഷപ്പൊലിമകള്‍ക്കൊപ്പം മറന്നുപോകാന്‍ പാടില്ലാത്ത കാര്യമിതാണ്; പെരുന്നാള്‍ ഒരു പുതുജീവിതത്തിന്റെ തുടക്കമാകണം.
നീണ്ട ദിനരാത്രങ്ങളില്‍ ആരാധനകളില്‍ മുഴുകിയ അടിമകള്‍ക്ക് അല്ലാഹു നല്‍കുന്ന പുരസ്‌കാര ദിനമാണ് ഈദുല്‍ ഫിത്വ‌്ർ. ഒരു ഹദീസില്‍ കാണാം: “ഈദുല്‍ ഫിത്വ‌്ർ ആഗതമായാല്‍ വഴികളില്‍ മലക്കുകളുടെ സാന്നിധ്യം ഉണ്ടാകും. എന്നിട്ടവര്‍ വിളിച്ചുപറയും. മുസ്‌ലിം സമുദായമേ, നിങ്ങള്‍ അത്യുദാരനായ രക്ഷിതാവിലേക്ക് സഞ്ചരിക്കുക. അവന്‍ നന്മകളാല്‍ നിങ്ങളെ അനുഗ്രഹിക്കുന്നു. വലിയ ഉപഹാരം നിങ്ങള്‍ക്ക് തരാനൊരുങ്ങുന്നു. നിങ്ങളോട് അവന്‍ രാത്രി നിസ്‌കരിക്കാന്‍ കല്‍പ്പിച്ചു. നിങ്ങള്‍ അത് പ്രവര്‍ത്തിച്ചു. പകല്‍ വ്രതമനുഷ്ഠിക്കാന്‍ പറഞ്ഞു. അതും നിങ്ങള്‍ നിര്‍വഹിച്ചു. രക്ഷിതാവിനെ നിങ്ങള്‍ അനുസരിച്ചു. അതുകൊണ്ട് നിങ്ങള്‍ക്കുള്ള പാരിതോഷികങ്ങള്‍ കൈപ്പറ്റാന്‍ നിങ്ങള്‍ ഒരുങ്ങുക. നിങ്ങള്‍ക്കവന്‍ മഹത്തായ മാപ്പ് സമ്മാനിച്ചിരിക്കുന്നു. നിങ്ങള്‍ ആമോദത്തോടെ സ്വന്തം സത്രങ്ങളിലേക്ക് നീങ്ങുക. ഇത് സമ്മാന സുദിനമാകുന്നു. ആകാശലോകത്ത് ഈ ദിനത്തിന്റെ നാമം തന്നെ പുരസ്‌കാര ദിനം (യൗമുല്‍ ജാഇസ) എന്നാകുന്നു’. ഒട്ടനേകം പവിത്രതയുള്ള ഈ ദിനത്തിന്റെ പ്രതിഫലം മതം വിലക്കിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് നശിപ്പിക്കാതിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം. അതേസമയം കൂടുതല്‍ നന്മകളില്‍ മുഴുകിയും ചുറ്റുമുള്ളവര്‍ക്ക് കരുണയും സഹായവും പകര്‍ന്നും ആഘോഷത്തെ മൂല്യമുള്ളതാക്കണം.
നാഥന്റെ പുരസ്‌കാരം ലഭിക്കുന്ന പെരുന്നാള്‍ ദിവസത്തെ ഏറെ ആഹ്ലാദത്തോടെയാണ് ലോകത്തെല്ലായിടങ്ങളിലുമുള്ള വിശ്വാസികള്‍ സ്വീകരിക്കേണ്ടത്. എല്ലാ ഭവനങ്ങളിലും ഈ ദിവസം സന്തോഷമുണ്ടാകണം. പുതുക്കമുണ്ടാകണം. പുതുവസ്ത്രവും സവിശേഷ വിഭവങ്ങളും അലങ്കാരങ്ങളും അതിന്റെ ഭാഗമാണല്ലോ. എന്നാല്‍ ആര്‍ഭാടവും ധൂര്‍ത്തും അതിരുവിടലും പാടില്ല. നമുക്കു ചുറ്റും കഷ്ടപ്പെടുന്ന ആരുമില്ലാതിരിക്കാന്‍ ഫിത്വ‌്ർ സകാത്ത് ഉള്‍പ്പെടെയുള്ള ദാനങ്ങളില്‍ ഏര്‍പ്പെടണം. കിടപ്പു രോഗികളെയും പ്രായമായവരെയും അനാഥരെയും വിധവകളെയും കണ്ട് ആവശ്യമായത് നല്‍കി സന്തോഷം പങ്കിടണം. കുടുംബങ്ങളിലെ കുട്ടികള്‍ക്ക് നന്മയുടെ പാഠങ്ങള്‍ പകരാനുള്ള വേള കൂടിയാകണം ഇത്. നിസ്‌കാര വേളയിലും ഫിത്വ‌്ർ സകാത്ത് നല്‍കുമ്പോഴും അയല്‍വീടുകളിലും ബന്ധുവീടുകളിലും പോകുമ്പോഴും അവരെ കൂട്ടണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം. ഹൃദയത്തിലെ തെളിമയുടെ പ്രതീകമാണ് പുതുവസ്ത്രമെന്ന് അവരെ ഉണര്‍ത്തണം. ആരാധനകളുടെ സാമൂഹിക മാനം ചെറിയ കുട്ടികള്‍ക്ക് ബോധ്യപ്പെടാനും നന്മയുടെ മൂല്യങ്ങള്‍ മനസ്സിലുറക്കാനും ഈ അനുഭവങ്ങള്‍ അവരെ തുണച്ചേക്കും.
അല്ലാഹു തൃപ്തിപ്പെടുന്ന വിധത്തിലാകണം പെരുന്നാള്‍ ആഘോഷം. അല്ലാതിരുന്നാല്‍, നിറംകെട്ട ആഘോഷമാകുമത്. റമസാന്‍ രൂപപ്പെടുത്തിയ ആത്മീയ ശേഷിപ്പുകള്‍ കൊഴിഞ്ഞുപോകാനും നിമിത്തമാകും. പലവിധത്തില്‍ നമ്മുടെ നാടിനെ ബാധിച്ചു തുടങ്ങിയ ലഹരി ഉള്‍പ്പെടെയുള്ള അധാര്‍മിക പ്രവര്‍ത്തനങ്ങളെ തുരുത്താനുള്ള അവസരമായി നന്മയുടെ ഈ നാളിനെ ഉപയോഗപ്പെടുത്തണം. കുട്ടികളെയും കൗമാര പ്രായക്കാരെയും പെരുന്നാള്‍ ദിനത്തിലെ സത്പ്രവൃത്തികളില്‍ ആവേശത്തോടെ പങ്കാളികളാക്കണം. അവരെ ചേര്‍ത്തുപിടിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കണം. നന്മയുടെ ഭാഗമാകാന്‍ നമ്മുടെ ക്ഷണം കാത്തുനില്‍ക്കുന്ന ഒട്ടേറെപ്പേര്‍ മഹല്ലുകളിലും യൂനിറ്റുകളിലും ഫ്‌ളാറ്റുകളിലും അയല്‍ക്കൂട്ടങ്ങളിലുമുണ്ടാകും. സത്പ്രവര്‍ത്തനങ്ങളിലേക്കുള്ള ഓരോ ചുവടിലും നമ്മെ പിന്‍പറ്റുന്ന ഒരു സംഘത്തെ രൂപപ്പെടുത്തിയെടുക്കാനും ആഘോഷങ്ങളിലൂടെ സാധിക്കും.
ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് സവിശേഷമായ കാരുണ്യത്തിന്റെ കരങ്ങള്‍ നീളണം. പിണങ്ങി ജീവിക്കുന്നവര്‍ക്കിടയില്‍ ഇണക്കം സാധ്യമാകാനുള്ള അവസരമാകണം ഇത്. ഈ മിണ്ടലും പറയലും സ്‌നേഹവും കരുണയും പങ്കുവെക്കലും ഭക്ഷണവും ധനവും അവശ്യവസ്തുക്കളും കൈമാറലുമെല്ലാം ഇബാദത്ത് തന്നെയാണ്. പെരുന്നാള്‍ എന്നാല്‍ ഒരുമിച്ച് കൂടലാണ്, പ്രാര്‍ഥനയാണ്, നിസ്‌കാരമാണ്, ഖുതുബയാണ്, അല്ലാഹുവിലേക്കുള്ള മടക്കമാണ്. അന്നേ ദിവസം നല്ല ഭക്ഷണം, വസ്ത്രം, സുഗന്ധം, സ്വഭാവം, പുഞ്ചിരി, മുസാഫഹത്, കുടുംബ സന്ദര്‍ശനം, ദിക്‌റുകള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കണം. എവിടെയും ദുര്‍വ്യയങ്ങളുണ്ടാകുകയുമരുത്.
ആഘോഷവും ആത്മീയതയും പരസ്പരവിരുദ്ധങ്ങളാണ് എന്നാണ് പലരുടെയും ധാരണ. അത് തെറ്റാണ്. അല്ലാഹു അനുവദിച്ച കാര്യങ്ങള്‍ മാത്രം ചെയ്യുക, ഉപേക്ഷിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ ഉപേക്ഷിക്കുക എന്നതാണല്ലോ ആത്മീയത. ശരീഅത്തിന്റെ അനുമതിയുള്ള ഏത് സന്തോഷവേളകളും വിശ്വാസിക്ക് ആഘോഷിക്കാവുന്നതാണ്. ദീനിന്റെ വിധിവിലക്കുകള്‍ ലംഘിക്കാതിരിക്കുക എന്നതാണ് മാനദണ്ഡം. ദുര്‍വ്യയങ്ങളുണ്ടാകുമ്പോള്‍ ആഘോഷങ്ങള്‍ അഹങ്കാരങ്ങളായി മാറും. ഒരു അടിമ എപ്പോഴും അവന്റെ ഉടമക്ക് വിധേയനായിരിക്കണം, അനുസരണയുള്ളവനായിരിക്കണം. റബ്ബിന്റെ കാരുണ്യവും അനുഗ്രഹവും കൊണ്ട് മാത്രമാണ് നമുക്ക് സന്തോഷവും സന്തുഷ്ടിയും സമാധാനവും ലഭിക്കുന്നത് എന്ന അചഞ്ചലമായ വിശ്വാസമായിരിക്കണം നമ്മെ മുന്നോട്ട് നയിക്കേണ്ടത്. ലഹരി ഉപയോഗിക്കരുത്, ഹറാമായ യാത്രകള്‍, വെടിക്കോപ്പുകള്‍, ഗാനമേളകള്‍, വാദ്യോപകരണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെടുക പോലും ചെയ്യരുത്.
നല്ല മനുഷ്യരാകണം നാം. റമസാന്‍ നമ്മില്‍ രൂപപ്പെടുത്തിയ ഗുണങ്ങള്‍ വരും നാളുകളിലും അതേപടി തുടരാന്‍ മനസ്സ് പാകപ്പെടുത്തണം. നിര്‍ബന്ധ നിസ്‌കാരങ്ങള്‍ക്ക് പുറമെ ഖുര്‍ആന്‍ പാരായണം, പാപമോചനം, ദാനശീലം തുടങ്ങി റമസാനില്‍ വര്‍ധിപ്പിച്ച സത്കര്‍മങ്ങള്‍ കൂടുതല്‍ തെളിച്ചത്തോടെ വര്‍ഷം മുഴുവന്‍ തുടരണം. റമസാന്‍ നമ്മില്‍ നിന്ന് അല്ലാഹു സ്വീകരിച്ചുവെന്നതിന്റെ അടയാളവും ഈ തെളിമയുള്ള തുടര്‍ ജീവിതമാണ്. നിസ്‌കാരം, ദൈവിക സ്മരണ, പുതുവസ്ത്രം, പുതുവിഭവം, കരുണ, പാരസ്പര്യം, ഉദാരത, സഹായ മനസ്‌കത, സാഹോദര്യം, ദാനശീലം തുടങ്ങി ഒട്ടനേകം നല്ല പ്രവര്‍ത്തനങ്ങളോടെ ചുറ്റുമുള്ളവര്‍ക്കെല്ലാം നന്മ ചെയ്ത് ഈ വിശുദ്ധിയുടെ പെരുന്നാള്‍ നമുക്ക് ആഘോഷിക്കാം. നോമ്പുകാലം കര്‍മങ്ങളാല്‍ സമൃദ്ധമാക്കിയവര്‍ക്കുള്ള അല്ലാഹുവിന്റെ പുരസ്‌കാരം ഈ പെരുന്നാളില്‍ നമ്മെയും തേടിയെത്തട്ടെ.