Kerala
മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം
പതിനൊന്നാം പ്രതിക്ക് മൂന്നു വർഷം തടവ് ശിക്ഷ

കണ്ണൂര്‍| കണ്ണൂര്‍ മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികൾക്ക് ജീവപര്യന്തം. രണ്ട് മുതൽ ഒൻപത് വരെ പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി വിചാരണക്ക് മുമ്പ് മരിച്ചിരുന്നു. പതിനൊന്നാം പ്രതിക്ക് മൂന്നു വർഷം തടവാണ് ശിക്ഷ. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
ഒന്നാം പ്രതിയും ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയുമായ ടി കെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്‍റെ സഹോദരനും അഞ്ചാം പ്രതിയുമായ മനോരാജ് നാരായണന്‍, എന്‍ വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പതിനൊന്നാം പ്രതി പ്രദീപന് മൂന്നു വർഷം തടവുശിക്ഷയും കോടതി വിധിച്ചു.
സിപിഎം നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒന്‍പത് പ്രതികള്‍ കുറ്റക്കാരെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. കേസിലെ പത്താം പ്രതി നാഗത്താന്‍കോട്ട പ്രകാശനെ കോടതി വെറുതെ വിട്ടിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട രജീഷ് ഉള്‍പ്പടെയുള്ള പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. പ്രതികളില്‍ രണ്ടുപേര്‍ വിചാരണവേളയില്‍ മരണപ്പെട്ടവരാണ്.
2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജിനെ കൊലപ്പെടുത്തിയത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തിലാണ് കൊല നടത്തിയത്. പ്രതികള്‍ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് സൂരജിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.