Connect with us

Travelogue

എട്ട് കവാടങ്ങളുള്ള അത്ഭുതം

സുബ്ഹി നിസ്കാരത്തിന്റെ അൽപ്പം മുന്പായി ഗേറ്റുകൾ തുറക്കപ്പെടുകയും അവിടെ പരിശോധനക്ക് വേണ്ടി സൈന്യം സജീവമാകുകയും ചെയ്യും. ഇശാ നിസ്കാരവും കഴിഞ്ഞു കുറച്ചു സമയം ആയാൽ 10 മണിക്ക് ഗേറ്റുകൾ അടയ്ക്കും. ഗേറ്റ് അടയ്ക്കുന്ന സമയങ്ങളിൽ പള്ളിയുടെ ഉള്ളിൽ മുസ്്ലിംകളായ ഒരാൾക്കും പ്രവേശനമില്ല. പട്ടാളത്തിന്റെ സമ്പൂർണ നിയന്ത്രണത്തിലായിരിക്കും "മസ്ജിദുൽ അഖ്സ' സമുച്ചയം. ഗേറ്റുകൾ തുറക്കുന്ന സമയത്ത് പള്ളിയിലെ നിസ്കാരത്തിനും മറ്റു കാര്യങ്ങൾക്കും നിയന്ത്രണം ഉണ്ടാകാറില്ല. പൂർണ സ്വാതന്ത്ര്യത്തോടു കൂടി ഇബാദത്തുകൾ നിർവഹിക്കാനും വിദേശികളായ സഞ്ചാരികൾക്കും അതിനു അവസരം ലഭിക്കുകയും ചെയ്യും.

Published

|

Last Updated

മസ്ജിദുൽ അഖ്സ സമുച്ചത്തിന് എട്ട് കവാടങ്ങളാണുള്ളത്. “ബാബുൽ അസ്ബാത്’എന്ന കവാടത്തിനരികെ വാഹനം നിർത്തി, അൽപ്പം കുത്തനെ നടക്കേണ്ടതുണ്ട്. ഭരണാധികാരിയായ “സുലൈമാൻ ഖാനൂനി’ നിർമിച്ച വിശാലമായ ചുറ്റുമതിൽ. ആ ചുറ്റുമതിലിലുള്ള ഒരു കവാടമാണ് ബാബുൽ അസ്ബാത്ത്. ആ കവാടം കഴിഞ്ഞ് അൽപ്പം മുന്നോട്ട് നടന്നാൽ മറ്റൊരു കവാടത്തിൽ എത്തും. അവിടെ “ജൂതപ്പട്ടാളം’ നിലയുറപ്പിച്ചിട്ടുണ്ട്. വലിയ തോക്കുധാരികളായ അനേകം പട്ടാളക്കാർ കവാടത്തിൽ നിൽക്കുന്നുണ്ട്. അതിനിടയിലൂടെ വേണം ഉള്ളിലേക്ക് പ്രവേശിക്കാൻ. ഞങ്ങളൊന്നിച്ച്, സംഘം ചേർന്ന് കവാടത്തിലെത്തി.

സൈന്യത്തിലൊരാൾ ചോദിച്ചു, “നിങ്ങൾ എവിടുത്തുകാരാണ്?’ ഇന്ത്യക്കാരാണ് എന്ന് മറുപടി പറഞ്ഞു. പിന്നീട് അവരുടെ അടുത്ത ചോദ്യം, “നിങ്ങൾ ഏത് വിഭാഗം ആളുകളാണ്?’ ഞങ്ങൾ മുസ്്ലിംകളാണെന്ന് മറുപടി പറഞ്ഞു. (ഒരിക്കൽ സുന്നിയാണോ, ഷിയയാണോ എന്നും ചോദിച്ചിട്ടുണ്ടായിരുന്നു.) സുന്നികളാണെന്ന് കൂടി മറുപടി പറഞ്ഞു. മുസ്്ലിംകൾ തന്നെയാണെന്ന് ഉറപ്പിക്കാൻ “സൂറത്തുൽ ഇഖ്്ലാസ്’ ഓതാൻ പറഞ്ഞു. ഞങ്ങൾ സൂറത്തുൽ ഇഖ്്ലാസ് ഓതിയപ്പോൾ, മുസ്്ലിംകളാണെന്ന് അവർ ഉറപ്പിക്കുകയും, ഉള്ളിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകുകയും ചെയ്തു. അമീറായ എന്നെ കവാടത്തിൽ നിർത്തിയിട്ട്, സംഘാംഗങ്ങളെ മുഴുവൻ ഉള്ളിലേക്ക് പ്രവേശിപ്പിക്കാൻ അവർ ആവശ്യപ്പെട്ടു. മുഴുവൻ ആളുകളും ഉള്ളിലേക്ക് പ്രവേശിക്കുന്നു. അതിനിടയിൽ “ഫലസ്തീനികളായ’ പലരും വരുന്നുണ്ട്. രേഖകൾ പരിശോധിക്കുന്നു. ചിലരെ അകത്തേക്ക് പ്രവേശിപ്പിക്കുന്നു. ചിലരെ തിരിച്ചയക്കുന്നു.
സുബ്ഹി നിസ്കാരത്തിന്റെ അൽപ്പം മുന്പായി ഗേറ്റുകൾ തുറക്കപ്പെടുകയും അവിടെ പരിശോധനക്ക് വേണ്ടി സൈന്യം സജീവമാകുകയും ചെയ്യും. ഇശാ നിസ്കാരവും കഴിഞ്ഞു കുറച്ചു സമയം ആയാൽ 10 മണിക്ക് ഗേറ്റുകൾ അടയ്ക്കും. ഗേറ്റ് അടയ്ക്കുന്ന സമയങ്ങളിൽ പള്ളിയുടെ ഉള്ളിൽ മുസ്്ലിംകളായ ഒരാൾക്കും പ്രവേശനമില്ല. പട്ടാളത്തിന്റെ സമ്പൂർണ നിയന്ത്രണത്തിലായിരിക്കും “മസ്ജിദുൽ അഖ്സ’ സമുച്ചയം. ഗേറ്റുകൾ തുറക്കുന്ന സമയത്ത് പള്ളിയിലെ നിസ്കാരത്തിനും മറ്റു കാര്യങ്ങൾക്കും നിയന്ത്രണം ഉണ്ടാകാറില്ല. പൂർണ സ്വാതന്ത്ര്യത്തോടു കൂടി ഇബാദത്തുകൾ നിർവഹിക്കാനും വിദേശികളായ സഞ്ചാരികൾക്കും അതിനു അവസരം ലഭിക്കുകയും ചെയ്യും.

പള്ളിയുടെ ഉള്ളിൽ ജൂതന്മാർക്കെതിരെ ശക്തമായ പ്രഭാഷണങ്ങളും പള്ളിയുടെ മുറ്റത്ത് അതി ശക്തമായ പ്രകടനങ്ങളും ചിലപ്പോൾ നടക്കാറുണ്ട്. പ്രലോഭനപരമായ രീതിയിൽ പ്രകടനങ്ങൾ നടക്കുമ്പോൾ വെടിവെപ്പും ചില സന്ദർഭങ്ങളിലൊക്കെ ഉണ്ടാകാറുണ്ട്. മുസ്്ലിംകളുടെ പുണ്യകേന്ദ്രങ്ങളിലൊന്നായ “മസ്ജിദുൽ അഖ്സ’ ജൂതന്മാരുടെ നിയന്ത്രണത്തിലാകുകയും എപ്പോഴും ആക്രമണങ്ങൾ ഉണ്ടായേക്കാം എന്ന ഭീതി നില നിൽക്കുകയും ചെയ്യുന്നത് പരിതാപകരമാണ്.

നിരവധി മുസ്്ലിംകളെ പള്ളിയിൽ വെച്ചും പരിസരങ്ങളിൽ വെച്ചും തീർത്തും അതിക്രമപരമായി ജൂതന്മാർ കൊന്നൊടുക്കിയിട്ടുണ്ട്. “ഉസ്മാനിയ്യാ ഖിലാഫത്തിൽ’ ബൈത്തുൽ മുഖദ്ദസും പരിസരവും സമൂലമായ പരിഷ്കരണങ്ങൾക്കും പുനർ നിർമാണത്തിനും വിധേയമാക്കിയിട്ടുണ്ട്. ഉസ്മാനിയാക്കളിൽ പത്താം ഖലീഫ “സുലൈമാൻ ഖാനൂനി’ യുടെ ഭരണത്തിൽ പള്ളിക്ക് വിശാലമായ ചുറ്റുമതിൽ പണിത് ശക്തിപ്പെടുത്തി, ആ വന്മതിലിൽ എട്ട് ഗേറ്റുകൾ സ്ഥാപിച്ചു. വിവിധ പേരുകളിൽ ഇന്നും അവ അറിയപ്പെടുന്നു.

ബാബുസ്സാഹിറ, ഖലീൽ, നബി ദാവൂദ്, അസ്ബാത്ത്, മഗാരിബ, റഹ്മത്ത്, ജദീദ്, ദിമശ്ഖ്. ഈ ഓരോ ഗേറ്റുകൾ സുപ്രധാനമായ ഓരോ ഭാഗത്തേക്കുള്ള പ്രവേശന കവാടങ്ങളാകുന്നു.
മസ്ജിദുൽ അഖ്സയുടെ പരിസരത്തുള്ള പർവതങ്ങളിലൊന്നാണ് “ജബലുസ്സൈത്തൂൻ’. ആ പർവതത്തിനു മുകളിൽ നിന്നാൽ മസ്ജിദുൽ ഖുദ്സ് സമുച്ചയം വളരെ നല്ല നിലയിൽ കാണാവുന്നതാണ്. ടൂറിസ്റ്റുകളായി എത്തുന്ന എല്ലാ വിഭാഗം ആളുകളും അവിടെ വരികയും വാഹനത്തിൽ നിന്നിറങ്ങി ഖുദ്സ് സമുച്ചയം വിശദമായി കാണുകയും ചെയ്യാറുണ്ട്. അവിടെ നിന്ന് മസ്ജിദുൽ അഖ്സയിലേക്ക് നോക്കുമ്പോൾ പള്ളിയുടെ മതിലിനു പുറത്ത് മൂന്ന് തട്ടുകളായി ശ്മശാനങ്ങൾ കാണാവുന്നതാണ്. ആദ്യം കാണുന്നത് ജൂതരുടേതും രണ്ടാമത് ക്രിസ്ത്യാനികളുടേതും അഖ്സ സമുച്ചയത്തിന്റെ മതിലിനോട് ചേർന്ന് അവസാനമായി കാണുന്നത് മുസ്്ലിംകളുടേതുമാണ്. മുസ്്ലിംകളുടെ മഖ്‌ബറ രണ്ട് ഭാഗമായി ഇപ്പോൾ മാറ്റിയിട്ടുണ്ട്.
സ്വഹാബിമാരും, മഹാന്മാരും അടങ്ങുന്ന പഴയ മഖ്‌ബറയും, ഇപ്പോൾ മരണപ്പെടുന്നവരെ മറവ് ചെയ്യാൻ പുതിയ ഭാഗവും.

സദ്ദാദ് ബ്നു ഔസ് (റ), ഉബാദത്ത് ബ്നു സ്വാമിത്ത് (റ) എന്നീ സ്വഹാബിമാരുടെ മഖ്‌ബറ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ബാബുൽ അസ്ബാത്തിലൂടെ പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ ഇടത് ഭാഗത്താണ് ഈ മഖ്‌ബറ ഉള്ളത്. ആ മഖ്‌ബറയിലേക്ക് കയറി അൽപ്പം മുന്നോട്ട് പോയാൽ ഈ രണ്ട് സ്വഹാബിമാരുടെയും ഖബ്റുകൾ പ്രത്യേകം അടയാളപ്പെടുത്തപ്പെട്ടതായി നമുക്ക് കാണാവുന്നതും സിയാറത് ചെയ്യാവുന്നതുമാണ്.

നിലവിലെ ഖുദ്സ് ഹറമിന്റെ വിസ്തൃതി ഒരു ലക്ഷത്തി നാൽപ്പത്തിനാലായിരം ചതുരശ്ര മീറ്ററാണ്. ഇപ്പോൾ മുസ്്ലിംകളുടെ അധീനതയിലുള്ളത് അഥവാ മുസ്്ലിംകൾക്ക് കൈകാര്യം ചെയ്യാൻ ജൂതന്മാർ അനുവദിച്ചുകൊടുത്തത് ഇതിലെ ആറിൽ ഒരു ഭാഗം മാത്രമാണ്. ബാക്കിയുള്ളതെല്ലാം ജൂതന്മാരുടെയും, ക്രിസ്ത്യാനികളുടെയും അധീനതയിലാണുള്ളത്.
ബൈത്തുൽ മുഖദ്ദസ്, ഖുബ്ബത്തു സഖ്റ, മഖ്‌ബറ, മദ്റസ, അനാഥാലയം തുടങ്ങിയവ ഇവിടെ നില കൊള്ളുന്നു. നിരവധി ഖുബ്ബകൾ ഖുദ്സിൽ ഉണ്ട്.
സ്വർണ നിറവും, സ്വർണത്തകിട് പാകിയതുമായ വലിയ ഖുബ്ബ പള്ളിയാണ് ഖുബ്ബത്തു സഖ്റാ.സഖ്റാ എന്നാൽ പാറക്കല്ല് എന്നാണ് അർഥം.

നബി(സ)യുടെ ആകാശാരോഹണം നടന്നത് ഈ പാറക്കല്ലിൽ നിന്നായിരുന്നു. “ബൈത്തുൽ മുഖദ്ദസ്’ വിശാലമായ ഖുദ്സ് ഹറം നാല് പാർട്ടുകളായി തിരിക്കപ്പെട്ടിട്ടുണ്ട്.ഒരു വിഭാഗം മുസ്്ലിംകൾക്ക്. ഒരു വിഭാഗം ക്രിസ്ത്യാനികൾക്ക്. ഒന്ന് ജൂതന്മാർക്ക്. മറ്റൊന്ന് ക്രിസ്ത്യാനികളിൽ പെട്ട ഓർത്തഡോക്സ്‌ വിഭാഗക്കാർക്ക്.
പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തായി മുറ്റത്താണ് ഈ പാറക്കല്ല് നിലവിലുള്ളത്. നബി(സ)യുടെ പാദസ്പർശനമേറ്റ വിശുദ്ധ പാറക്കല്ലാണത്. മുന്പ് കഴിഞ്ഞുപോയ സകല നബിമാരും അതിന്റെ അടുത്ത് സുജൂദ് ചെയ്തിട്ടുണ്ട്. പതിനെട്ട് മീറ്ററോളം നീളവും പതിമൂന്ന് മീറ്റർ വീതിയുമുള്ള വലിയ ഒരു പാറക്കെട്ടാണത്.
താഴ്ഭാഗത്തു നിന്ന് ഒന്നര മീറ്റർ വലിപ്പത്തിൽ മാത്രം ഇതിന്റെ ഒരു ഭാഗം ഉയർന്നു നിൽക്കുന്നുണ്ട്. പാറക്കെട്ടിന്റെ താഴെ ഭാഗത്തേക്ക്‌ പടികളിറങ്ങി പ്രവേശിക്കാനും നിസ്കരിക്കാനും സൗകര്യമുണ്ട്. രണ്ട് മിഹ്റാബുകൾ വലത്തും ഇടത്തുമായി കാണാം.

വലതു ഭാഗത്തെ മിഹ്റാബിനു മുന്നിലായി ഖിള്ർ നബി (അ) ഇരുന്ന ഒരു കരയുണ്ട്. വടക്കേ മൂലയിൽ കണ്ടുവരുന്ന ഒരു കെട്ടിനെ “ഇബ്്റാഹിം മഖാം’ എന്നാണ് പറഞ്ഞു വരുന്നത്.
മുസ്്ലിംകൾക്ക് മാത്രമുള്ള ഭാഗമാണ് എന്ന് ഒരു ഭാഗത്തെ കുറിച്ചു പറയുമ്പോഴും, പലപ്പോഴും മുസ്്ലിംകൾ അല്ലാത്തവരെയും പള്ളിയുടെ പരിസരങ്ങളിൽ കാണാറുണ്ട്. നിയമലംഘനം ജൂതന്മാരുടെ പതിവായതുകൊണ്ടു തന്നെ സൈന്യത്തിന്റെ അനുമതിയോട് കൂടി അന്യ മതസ്ഥരായ സന്ദർശകരും ഇതിലേക്ക് പ്രവേശിക്കാറുണ്ട്.

Latest