Saudi Arabia
എട്ട് മണിക്കൂര്‍ നീണ്ട ഉക്രൈന്‍ - യു എസ് ചര്‍ച്ചകള്‍ക്ക് ഉജ്ജ്വല പരിസമാപ്തി
റഷ്യയുമായുള്ള 30 ദിവസത്തെ വെടിനിര്‍ത്തലിന് ഉക്രെയ്ന്‍ സമ്മതിച്ചു

ജിദ്ദ| രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഉക്രൈന്‍ -യു.എസ് പ്രതിനിധികള്‍ ചൊവ്വാഴ്ച സഊദി അറേബ്യയില്‍ നടത്തിയ ചര്‍ച്ചകള്‍ വിജയം കണ്ടു.ചെങ്കടല്‍ തീരത്ത് എട്ട് മണിക്കൂറിലധികം നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മൂന്ന് വര്‍ഷത്തിലധികം നീണ്ട യുദ്ധത്തിന് താത്കാലിക ആശ്വാസം നല്‍കുന്നത്.
സഊദി അറേബ്യയുടെ ആഭിമുഖ്യത്തില്‍ ഉക്രൈനും -അമേരിക്കയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഉക്രെയ്‌നുമായി രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുന്നതും കൈവിന് ആയുധങ്ങള്‍ നല്‍കുന്നത് യുഎസ് പുനരാരംഭിക്കുമെന്നും വ്യക്തമാക്കി.ശാശ്വത സമാധാനത്തിലേക്കുള്ള പ്രക്രിയ ആരംഭിക്കേണ്ട സമയമാണിതെന്ന് ഇരുപക്ഷവും സമ്മതിച്ചതായി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.എട്ട് മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാന് ഇരുപക്ഷവും ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
അമേരിക്കയെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെയും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സിയും ഉക്രൈനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ, പ്രസിഡന്‍ഷ്യല്‍ ഓഫീസ് മേധാവി ആന്‍ഡ്രി യെര്‍മാക്ക് , പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവ്റ്റോവ്, സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് രാജകുമാരന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊസാദ് ബിന്‍ മുഹമ്മദ് അല്‍-ഐബാന്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
മുപ്പത് ദിവസത്തെ ഇടക്കാല വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള യുഎസ് നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഉക്രെയ്ന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത് കക്ഷികളുടെ പരസ്പര സമ്മതത്തോടെ നീട്ടാന്‍ കഴിമെന്നും റഷ്യയുടെ സ്വീകാര്യതയ്ക്കും നടപ്പിലാക്കലിനും വിധേയമായിരിക്കുമെന്നും സംയുക്ത ഉക്രെയ്ന്‍-യു.എസ് പ്രസ്താവനയില്‍ വ്യക്തമാക്കി.സമാധാന പ്രക്രിയയുടെ ഭാഗമായി വെടിനിര്‍ത്തല്‍ കാലയളവില്‍ , യുദ്ധത്തടവുകാരുടെ കൈമാറ്റം,തടവുകാരുടെ മോചനം, നിര്‍ബന്ധിതമായി കൈമാറ്റം ചെയ്യപ്പെട്ട ഉക്രേനിയന്‍ കുട്ടികളുടെ തിരിച്ചുവരവ് എന്നിവയുള്‍പ്പെടെയുള്ള മാനുഷിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു.
2022-ല്‍ റഷ്യയുടെ അധിനിവേശത്തോടെ ഉക്രൈനെതിരെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉക്രൈന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ നടന്ന യോഗത്തിലേക്ക് റഷ്യക്ക് ക്ഷണം ലഭിച്ചിരുന്നില്ല.നൂറുകണക്കിന് ഡ്രോണുകള്‍ ഉപയോഗിച്ച് മോസ്‌കോയിലും മറ്റ് പ്രദേശങ്ങളിലും നടത്തിയ ആക്രമങ്ങള്‍ ‘ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം’ എന്നാണ് ലോക രാജ്യങ്ങള്‍ വിശേഷിപ്പിച്ചത്. ഇത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ വ്യോമ, നാവിക വെടിനിര്‍ത്തലിനെ പ്രേരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോസ്‌കോയില്‍ ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ആക്രമണമാണിതെന്നും ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉക്രൈനിണ് നിന്നെത്തിയ 337 ഡ്രോണുകള്‍ നശിപ്പിച്ചതായി റഷ്യന്‍ സൈന്യം അറിയിച്ചു.ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് ഉക്രേനിയന്‍ – യുഎസ് ഉദ്യോഗസ്ഥരിര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശാശ്വത സമാധാനത്തിലേക്കുള്ള ഒരു പ്രക്രിയ ആരംഭിക്കേണ്ട സമയമാണിതെന്ന് ഇരുപക്ഷവും സമ്മതിച്ചതായി സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.വൈറ്റ് ഹൗസില്‍ വെച്ച് ലോക മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടന്ന ചര്‍ച്ച നടത്തുന്നതിനിടെ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സെലെന്‍സ്‌കിയുമായി വാക്കുതര്‍ക്കമുണ്ടായത് ഏറെ വിവാദമായിരുന്നു.ഇതേ തുടര്‍ന്ന് ഉക്രെയ്നുള്ള സഹായവും നിര്‍ത്തിവെച്ചിരുന്നു. ഇത് പുനഃ പുനഃസ്ഥാപിക്കുമെന്ന് യുഎസ് അറിയിച്ചു. യുഎസും ഉക്രെയ്നും ‘ഉക്രെയ്നിന്റെ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിനും ഉക്രെയ്നിന്റെ ദീര്‍ഘകാല അഭിവൃദ്ധിയും സുരക്ഷയും ഉറപ്പാക്കുന്നതിനും ഉക്രെയ്നിന്റെ കൈവശത്തിലുള്ള നിര്‍ണായക ധാതു വിഭവങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു സമഗ്ര കരാറില്‍ എത്രയും വേഗം തീരുമാനമെടുക്കുമെന്നും യുഎസ് ഇന്റലിജന്‍സ് പങ്കിടുന്നതോടപ്പം ഉക്രൈനുള്ള സുരക്ഷാ സഹായം പുനരാരംഭിക്കുകയാണെന്നും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സമാധാനത്തിലേക്കുള്ള അര്‍ത്ഥവത്തായ പുരോഗതി സാധ്യമാക്കിയതിന് പ്രസിഡന്റ് ട്രംപിനും യുഎസ് കോണ്‍ഗ്രസിനും അമേരിക്കന്‍ ജനതയ്ക്കും ഉക്രേനിയന്‍ ജനതയുടെ നന്ദി അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം കൈവരിക്കുന്നതിനുള്ള താക്കോല്‍ റഷ്യന്‍ പരസ്പര സഹകരണമാണെന്ന് അമേരിക്ക റഷ്യയെ അറിയിക്കുമെന്ന് യുഎസ് വ്യക്തമാക്കി. എത്രയും വേഗം’ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന് റഷ്യയുടെ അനുകൂല പ്രതികരണം അമേരിക്ക പ്രതീക്ഷിക്കുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. റഷ്യ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ എല്ലാ കക്ഷികള്‍ക്കും രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയുമെനും ഇത് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള യഥാര്‍ത്ഥ ചര്‍ച്ചകളാണിതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സഊദി അറേബ്യയിലെ ഉക്രെയ്ന്‍-യുഎസ് ചര്‍ച്ചകളുടെ പുരോഗതിയെക്കുറിച്ച് വാഷിംഗ്ടണില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുമെന്ന് റഷ്യ പ്രതീക്ഷിക്കുന്നതായി നേരത്തെ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.ഉക്രെയ്‌നിന്റെ ദീര്‍ഘകാല സുരക്ഷ നല്‍കുന്ന ഒരു നിലനില്‍ക്കുന്ന സമാധാനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ റഷ്യയില്‍ നിന്നുള്ള പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാന്‍ വാഷിംഗ്ടണ്‍ പ്രതിജ്ഞാബദ്ധമാണ്. അതേസമയം യൂറോപ്യന്‍ പങ്കാളികള്‍ സമാധാന പ്രക്രിയയില്‍ പങ്കാളികളാകണമെന്ന് ഉക്രേനിയന്‍ പ്രതിനിധി സംഘം ആവശ്യപ്പെട്ടു.’സമാധാനം കൈവരിക്കാന്‍ ഞങ്ങള്‍ എല്ലാം ചെയ്യാന്‍ തയ്യാറാണ്,’ ഉക്രെയ്ന്‍ പ്രസിഡന്‍സി ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രി യെര്‍മാക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാണ് രാജകുമാരന്റെ നിര്‍ദ്ദേശപ്രകാരം വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും സഹമന്ത്രിയും മന്ത്രിമാരുടെ കൗണ്‍സില്‍ അംഗവുമായ മുസൈദ് ബിന്‍ മുഹമ്മദ് അല്‍-ഐബാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍.
അമേരിക്കയെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെയും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സിയും, ഉക്രൈനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ ,പ്രസിഡന്‍ഷ്യല്‍ ഓഫീസ് മേധാവി ആന്‍ഡ്രി യെര്‍മാക്ക് , പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവ്റ്റോവ് എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
ചര്‍ച്ചകള്‍ക്ക് മുന്നോടിയായി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാണ് രാജകുമാരന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും കൂടികാഴ്ച്ചകള്‍ നടത്തിയിരുന്നു. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥരുമായി ഉക്രൈന്‍ സംഘം നടത്തുന്ന ചര്‍ച്ചകള്‍ക്കുള്ള തയ്യാറെടുപ്പിനായി തിങ്കളാഴ്ച വൈകുന്നേരം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി സഊദിയിലെത്തിയിരുന്നെങ്കിലും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നില്ല,
വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ‘മിസൈലുകള്‍, ഡ്രോണുകള്‍, ബോംബുകള്‍ എന്നിവയുമായി മാത്രമല്ല, മുഴുവന്‍ മേഖലകളിലും 30 ദിവസത്തേക്ക് പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ സ്ഥാപിക്കും’ സെലെന്‍സ്‌കി ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.’അമേരിക്ക ഇത് ചെയ്യാന്‍ റഷ്യയെ ബോധ്യപ്പെടുത്തണം.’ റഷ്യ സമ്മതിച്ചാല്‍ വെടിനിര്‍ത്തല്‍ ഉടന്‍ ആരംഭിക്കുമെന്നും ,’ഉക്രെയ്ന്‍ സമാധാനത്തിന് തയ്യാറാണ്. യുദ്ധം അവസാനിപ്പിക്കാനോ യുദ്ധം തുടരാനോ റഷ്യ സന്നദ്ധത കാണിക്കണം. പൂര്‍ണ്ണ സത്യത്തിനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഉക്രെയ്‌നിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം.ശാശ്വതമായ സമാധാനം ഞങ്ങള്‍ ആഗ്രഹിക്കുന്നു. ക്രിയാത്മകമായ കൂടിക്കാഴ്ചയ്ക്ക് നന്ദി. ഉക്രേനിയന്‍ പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആന്‍ഡ്രി യെര്‍മാക്ക് എക്സില്‍ കുറിച്ചു.