International
എട്ട് രാജ്യക്കാര്‍ക്കു ഇനി മുതല്‍ കുവൈത്ത് വിസ ഇല്ല
കുവൈത്ത് സിറ്റി | ആറു ഗവര്‍ണറേറ്റുകളിലെ റസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും സുഡാനീസ് പൗരത്വവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ലബനീസ് പൗരന്മാര്‍ക്കുള്ള വിസ സസ്‌പെന്‍ഡ് ചെയ്യാന്‍ കുവൈത്ത് തീരുമാനിച്ചിരുന്നു. ഇതോടെ സുരക്ഷാ അനുമതി ഇല്ലാതെ വിസ ലഭിക്കുന്നത് കുവൈത്ത് നിരോധിച്ച രാജ്യങ്ങളുടെ എണ്ണം എട്ടായി.
ലബനാന്‍, സിറിയ, ഇറാഖ്, ഇറാന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യമന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിസ വിലക്ക് നിലവില്‍ വന്നത്. സുഡാനിലെ ആഭ്യന്തര അസ്വസ്ഥത കളാണ് നടപടിക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, നിലവില്‍ കുവൈത്തില്‍ കഴിയുന്ന സുഡാന്‍ പൗരന്മാരെ തീരുമാനം ബാധിക്കില്ല. റസിഡന്‍സി സാധുത ഉള്ളവര്‍ക്ക് താമസരേഖ പുതുക്കുന്നതിന് തടസങ്ങളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.