Kerala
കാട്ടുമുയലിനെ കൊല്ലുന്നതു പോലെയാണ് എട്ട് പേരെ വെടിവച്ചു കൊന്നത്; സര്‍ക്കാറിനെതിരെ ഗ്രോ വാസു
'വ്യാജ ഏറ്റുമുട്ടല്‍ കേരള ജനതക്ക് അപമാനകരമായ സംഭവമാണ്.'

കുന്ദമംഗലം | സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗ്രോ വാസു. വ്യാജ ഏറ്റുമുട്ടല്‍ കേരള ജനതക്ക് അപമാനകരമായ സംഭവമാണ്. കാട്ടുമുയലിനെ കൊല്ലുന്നതു പോലെയാണ് എട്ട് പേരെ വെടിവച്ചു കൊന്നത്. പിണറായി സര്‍ക്കാറിന്റെ ഈ നടപടിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും വാസു പറഞ്ഞു.
ജയില്‍ മോചിതനായ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോവാദി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ റോഡില്‍ പ്രതിഷേധിച്ചതിനാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തിരുന്നത്. ഗതാഗതം തടഞ്ഞുവെന്നതടക്കം വാസുവിനെതിരായ ഒരു കുറ്റവും തെളിയിക്കാനായില്ലെന്ന് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി പി അബ്ദുല്‍ സത്താര്‍ വ്യക്തമാക്കി.
കേസില്‍ ഏഴ് സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ 45 ദിവസമായി കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കോടതിയില്‍ മുദ്രാവാക്യം വിളിച്ചതിനാല്‍ ഇന്ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പകരം ഓണ്‍ലൈനായാണ് കോടതി കേസ് പരിഗണിച്ചത്.