National
മൂന്നാഴ്ചക്കുള്ളില്‍ എട്ട് സാങ്കേതിക തകരാറുകള്‍; സ്‌പൈസ്‌ജെറ്റിന് ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്
സുരക്ഷിതവും വിശ്വസനീയവുമായ വിമാന സര്‍വീസ് സ്ഥാപിക്കുന്നതില്‍ സ്പൈസ് ജെറ്റ് പരാജയപ്പെട്ടുവെന്ന് ഡിജിസിഎ

ന്യൂഡല്‍ഹി | മൂന്നാഴ്ചക്കിടെ എട്ട് തവണ സ്‌പൈസ്‌ജെറ്റ് വിമാനങ്ങള്‍ വിവിധ തകരാറുകള്‍ക്ക് നിലത്തിറക്കേണ്ടി വന്ന സാഹചര്യത്തില്‍ കേന്ദ്ര വ്യോമയാന റെഗുലേറ്റര്‍, എയര്‍ലൈനിനോട് വിശദീകരണം തേടി. സുരക്ഷിതവും വിശ്വസനീയവുമായ വിമാന സര്‍വീസ് സ്ഥാപിക്കുന്നതില്‍ സ്പൈസ് ജെറ്റ് പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയ ഡിജിസിഎ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായരിുന്നു.
കാലാവസ്ഥാ റഡാര്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റിന്റെ ഒരു കാര്‍ഗോ വിമാനം ചൊവ്വാഴ്ച കൊല്‍ക്കത്തയിലേക്ക് തിരിച്ചതായി ഇന്ന് സ്പൈസ് ജെറ്റ് എയര്‍ലൈന്‍ അറിയിച്ചിരുന്നു. ചൈനയിലെ ചോങ്കിംഗ് നഗരത്തിലേക്കുള്ള വിമാനത്തിന്റെ കാലാവസ്ഥാ റഡാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പൈലറ്റ് ടേക്ക് ഓഫ് ചെയ്തതിന് ശേഷമാണ് അറിയുന്നത്. കഴിഞ്ഞ 18 ദിവസത്തിനിടെ സ്പൈസ് ജെറ്റ് വിമാനത്തില്‍ ഉണ്ടാകുന്ന എട്ടാമത്തെ സാങ്കേതിക തകരാറാണിത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന റെഗുലേറ്റര്‍ വിശദീകരണം തേടി നോട്ടീസ് നല്‍കിയത്.
Passenger safety is paramount. Even the smallest error hindering safety will be thoroughly investigated & course-corrected. https://t.co/UD1dJb05wS
— Jyotiraditya M. Scindia (@JM_Scindia) July 6, 2022
ഇന്ധന സൂചകത്തിലെ തകരാര്‍ കാരണം ചൊവ്വാഴ്ച സ്പൈസ് ജെറ്റിന്റെ ഡല്‍ഹി-ദുബായ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു. ഇന്നലെ തന്നെ പറക്കുന്നതിനിടെ വിന്‍ഡ്ഷീല്‍ഡിന് വിള്ളലുണ്ടായതിനെത്തുടര്‍ന്ന് മറ്റൊരു സ്‌പൈസ്‌ജെറ്റ് വിമാനം മുംബൈയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയിരുന്നു.
ജൂണ്‍ 19ന് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിന് തീപിടിച്ച് പട്‌ന-ഡല്‍ഹി വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ജൂലൈ രണ്ടിന് ക്യാബിനില്‍ പുക കണ്ടതിനെ തുടര്‍ന്ന് ജബല്‍പൂരില്‍ നിന്ന് പുറപ്പെട്ട വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചുവിളിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്‌പൈസ് ജെറ്റ് നഷ്ടത്തിലാണ്. 2018-19, 2019-20, 2020-21 വര്ഷങ്ങളില് യഥാക്രമം 316 കോടി, 934 കോടി, 998 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്.