Connect with us

ഫെഡറൽ

പോർഭൂമിയിൽ പതിനെട്ടടവും

തെലങ്കാന രാഷ്ട്ര സമിതി (ടി ആർ എസ്) എന്ന ഭാരതീയ രാഷ്ട്ര സമിതി(ബി ആർ എസ്)ക്ക് നേരിടേണ്ടി വന്ന വൻ ജനവിരുദ്ധ വികാരവും വികസനത്തിന്റെയും ക്ഷേമത്തിന്റെയും അസമത്വത്തിനെതിരെയുള്ള വിധിനിർണയവുമാണ്, മാസങ്ങൾക്ക് മുമ്പ് വരെ സംസ്ഥാനത്ത് എഴുതിത്തള്ളപ്പെട്ടിരുന്ന കോൺഗ്രസ്സിന് അട്ടിമറി വിജയം നൽകിയത്. മാസങ്ങൾക്ക് ശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സും ബി ആർ എസും ബി ജെ പിയും തമ്മിലാണ് മത്സരം. മെയ് മാസം നാലാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്.

Published

|

Last Updated

ദക്ഷിണേന്ത്യ ബി ജെ പിക്ക് ഇടംനൽകില്ലെന്ന് ഉറപ്പിച്ചത് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെയായിരുന്നു. കർണാടകയിലെ ഗംഭീര തിരിച്ചുവരവിന്റെ തനിയാവർത്തനമായിരുന്നു കോൺഗ്രസ്സിന് ഇവിടെ. തെലങ്കാന രാഷ്ട്ര സമിതി (ടി ആർ എസ്) എന്ന ഭാരതീയ രാഷ്ട്ര സമിതി(ബി ആർ എസ്)ക്ക് നേരിടേണ്ടി വന്ന വൻ ജനവിരുദ്ധ വികാരവും വികസനത്തിന്റെയും ക്ഷേമത്തിന്റെയും അസമത്വത്തിനെതിരെയുള്ള വിധിനിർണയവുമാണ്, മാസങ്ങൾക്ക് മുമ്പ് വരെ സംസ്ഥാനത്ത് എഴുതിത്തള്ളപ്പെട്ടിരുന്ന കോൺഗ്രസ്സിന് അട്ടിമറി വിജയം നൽകിയത്. മാസങ്ങൾക്ക് ശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സും ബി ആർ എസും ബി ജെ പിയും തമ്മിലാണ് മത്സരം. മെയ് മാസം നാലാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്.

അസമത്വത്തിനെതിരെ

17 ലോക്‌സഭാ സീറ്റുകളിൽ കഴിഞ്ഞ തവണ ബി ആർ എസ് ഒമ്പതെണ്ണം ജയിച്ചപ്പോൾ ബി ജെ പി മൂന്ന് സീറ്റുകൾ അധികം നേടി നാലെണ്ണം പിടിച്ചു. കോൺഗ്രസ്സ് മൂന്നെണ്ണത്തിൽ ജയിച്ചു. അസദുദ്ദീൻ ഉവൈസിയുടെ എ ഐ എം ഐ എം പതിവുപോലെ ഹൈദരാബാദ് നിലനിർത്തി. നിയമസഭയിലാകട്ടെ, കോൺഗ്രസ്സ് 45 സീറ്റുകൾ അധികം നേടി 64ലേക്ക് കുതിച്ചു. ഭരണകക്ഷിയായിരുന്ന ബി ആർ എസ് 49 എണ്ണം കുറഞ്ഞ് 39ലേക്ക് കൂപ്പുകുത്തി. ബി ജെ പി ഒന്നിൽ നിന്ന് എട്ടിലേക്കെത്തി. എ ഐ എം ഐ എം പതിവ് തെറ്റിക്കാതെ ഏഴെണ്ണം നിലനിർത്തി.

ബി ആർ എസ് നേതാവ് കെ ചന്ദ്രശേഖർറാവു(കെ ആർ എസ്)വിന്റെ ഭരണത്തിനേറ്റ കനത്ത അടിയായിരുന്നു ഈ തിരഞ്ഞെടുപ്പ് ഫലം. തെലങ്കാന രൂപവത്കരിക്കപ്പെട്ടതിന് ശേഷം ആദ്യമായി ബി ആർ എസ് സ്ഥാനഭ്രഷ്ടരാകുകയും കോൺഗ്രസ്സ് നടാടെ അധികാരത്തിലെത്തുകയും ചെയ്തു.
ഗ്രാമ- നഗര വിഭജനം തിരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമായിരുന്നു. കോൺഗ്രസ്സ് ഗ്രാമപ്രദേശങ്ങളിൽ തേരോട്ടം നടത്തിയപ്പോൾ തലസ്ഥാന ജില്ലകളായ ഹൈദരാബാദിലെയും രംഗറെഡ്ഢിയിയിലെയും 29 സറ്റുകളിൽ 20 എണ്ണവും ബി ആർ എസ് കൊണ്ടുപോയി. ഇവിടെ നിന്ന് കോൺഗ്രസ്സിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. 2014ലെ പ്രഥമ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ ജില്ലകളിൽ അന്നത്തെ ടി ആർ എസ് ഏറെ പിന്നാക്കമായിരുന്നു.

കെ ആർ എസിന്റെ നഗരകേന്ദ്രീകൃത വികസന പദ്ധതികളും മറ്റ് പരിപാടികളും വിജയിച്ചുവെന്ന് അർഥം. ഐ ടി ഹബായ ഹൈദരാബാദിന്റെ അടിസ്ഥാന പശ്ചാത്തല സൗകര്യം തന്നെ വലിയ മാറ്റങ്ങൾക്കാണ് വഴിവെച്ചത്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ, പ്രത്യേകിച്ച് സീമാന്ധ്രയുടെ ഉൾപ്രദേശങ്ങളിൽ നിന്ന് പരാതികൾ പ്രവഹിക്കുന്നുണ്ടായിരുന്നു.
തൊഴിൽ, കൃഷി, ജലസേചനം, ഒ ബി സി ഉപസംവരണം അടക്കമുള്ള വിഷയങ്ങളാണ് പ്രധാനമായും കത്തിയാളിയത്. ദേശീയ രാഷ്ട്രീയ രംഗത്ത് ചാമ്പ്യനാകുക എന്ന ലക്ഷ്യത്തോടെ, കോൺഗ്രസ്സിനെ മാറ്റിനിർത്തി പ്രാദേശിക, ബി ജെ പിയിതര കക്ഷികളുടെ കൂട്ടായ്മ രൂപപ്പെടുത്താൻ ഇടപെടൽ നടത്തുകയും പാർട്ടിയുടെ പേര് തന്നെ മാറ്റുകയും ചെയ്ത കെ സി ആറിന്റെ ആത്മവിശ്വാസം പക്ഷേ, സ്വന്തം കോട്ട കാക്കുന്നതിൽ പൊളിഞ്ഞു.

കർണാടകയിലെത് പോലെ ജനക്ഷേമ ഗ്യാരണ്ടികൾ പരമാവധി പ്രചരിപ്പിച്ചും ഗ്രാമങ്ങളിലേക്ക് എത്തിയുമാണ് കോൺഗ്രസ്സ് പ്രവർത്തിച്ചത്. ഭരണം തിരിച്ചുകിട്ടിയ കർണാടകയിൽ പ്രധാന വാഗ്ദാനങ്ങൾ നടപ്പാക്കിയതും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ഇതോടൊപ്പം സുനിൽ കനുഗോലുവെന്ന കോൺഗ്രസ്സിനകത്തെ നവമാധ്യമ ചാണക്യന്റെ പ്രവർത്തനവും കൂടിയായപ്പോൾ ഫലം മാറി. കെ സി ആറിന്റെ വായിലേക്ക് അയഥാർഥ നോട്ടുകൾ ഇടുന്ന രീതിയിൽ “കലേശ്വരം എ ടി എം’ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംവിധാനിച്ചതും ചെറിയ വീഴ്ചകൾ പോലും പെരുപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചണ്ഡപ്രചാരം നടത്തിയതും ഏതാനും ഉദാഹരണങ്ങളാണ്.

ഉവൈസിയും മുസ്‌ലിം വോട്ടും

ഓൾഡ് ഹൈദരാബാദ് നിലനിർത്താൻ മാത്രമാണ് ഉവൈസിയുടെ എ ഐ എം ഐ എമ്മിന് സാധിച്ചത്. ഒമ്പത് സീറ്റുകളിൽ മത്സരിച്ച് ഏഴെണ്ണം നേടി. ഹൈദരാബാദ് നഗരത്തിനപ്പുറമുള്ള മുസ്‌ലിം സാമാന്യത്തിലേക്ക് കടന്നുകയറാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേത് പോലെ ബി ജെ പിയെ അകറ്റിനിർത്താൻ മതേതര കക്ഷികളെയാണ് 12 .7 ശതമാനം വരുന്ന അവർ പിന്തുണച്ചതെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ്സിനും ബി ആർ എസിനും മുസ്‌ലിം വോട്ടുകൾ ലഭിച്ചെങ്കിലും നിയമസഭാ പ്രാതിനിധ്യം എ ഐ എം ഐ എമ്മിന്റെ സാമാജികരിൽ ഒതുങ്ങി. മുഹമ്മദ് ശബീർ അലി, കോൺഗ്രസ്സിന്റെ മുഹമ്മദ് അസ്ഹറുദ്ദീൻ അടക്കം പ്രമുഖർ പരാജയപ്പെട്ടു. പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെ വലിയ ചോദ്യങ്ങൾ ഇത് അവശേഷിപ്പിക്കുന്നുണ്ട്. വോട്ട് വേണം, പ്രാതിനിധ്യം നൽകില്ല എന്ന നിരാശ കലർന്ന പൊതുബോധം മതേതര പാർട്ടികളെ പ്രതി മുസ്‌ലിം സമൂഹത്തിൽ പടരാനും ഇത് ഇടയാക്കും.

ധ്രുവീകരണം ഉന്നമിട്ട്

ബി ജെ പിയുടെ നേട്ടവും ചെറുതായി കാണാനാകില്ല. വടക്കൻ തെലങ്കാനയിലാണ് താമര കൂടുതൽ വിരിഞ്ഞത്. 85 ശതമാനം വരുന്ന ഹിന്ദു സമുദായത്തിന്റെ മൊത്തക്കച്ചവടമാണ് ബി ജെ പി ആഗ്രഹിക്കുന്നതെങ്കിലും വിഭാഗീയ, ധ്രുവീകരണ രാഷ്ട്രീയം വിലപോകുന്നില്ല. ഏറ്റവുമൊടുവിൽ ആദിലാബാദിൽ ക്രിസ്ത്യൻ സ്‌കൂളിനും അധികൃതർക്കുമെതിരെ ഹനുമാൻ സേന നടത്തിയ ആക്രമണം ഇതോടൊപ്പം ചേർത്തുവായിക്കാം. വിതക്കുന്നത് ഹനുമാൻ സേനയാണെങ്കിലും കൊയ്യുന്നത് ബി ജെ പിയായിരിക്കും. ഹൈദരാബാദിലും ഇത്തരം കളികൾ നടക്കാറുണ്ട്. ദളിതുകളിലെ ഉപജാതിക്കാരെയും ഒ ബി സികളിലെ പ്രധാന ജാതികളെയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുമായി ബി ജെ പി മുന്നോട്ടുപോകുന്നുണ്ടെങ്കിലും അവരൊന്നും കൈയയച്ച് സഹായിക്കുന്നില്ലെന്നത് യാഥാർഥ്യം. എങ്കിലും കഴിഞ്ഞ നിയസമഭാ തിരഞ്ഞെടുപ്പിൽ ഏഴ് ശതമാനത്തിലേറെയും ലോക്‌സഭയിൽ ഒമ്പത് ശതമാനത്തിലേറെയും വോട്ടുകൾ സമാഹരിക്കാൻ സാധിച്ചത് പടിപടിയായ കയറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

ആകയാൽ, വിജയം ആവർത്തിക്കാനാണ് കോൺഗ്രസ്സിന്റെ ദൃഢനിശ്ചയം. മൂന്നിൽ നിന്ന് സീറ്റുകളുടെ എണ്ണം പത്തിലെത്തിയാലേ ജനങ്ങളുടെ വിശ്വാസം പാർട്ടിക്കുണ്ടെന്ന് കരുതാനാകൂ. ദക്ഷിണേന്ത്യയിൽ ബി ജെ പിയുടെ കടന്നുകയറ്റം കാര്യക്ഷമമായി പ്രതിരോധിക്കാനും ഇത് അത്യന്താപേക്ഷിതമാണ്. ബി ജെ പിയുമായി കൈകോർക്കില്ലെന്ന് ഉറപ്പിച്ച ബി ആർ എസിന്റെ തിരിച്ചുവരവിന് കഴിഞ്ഞ തവണത്തെ സീറ്റുകൾ നിലനിർത്തുകയെങ്കിലും വേണം. കദിയം ശ്രീഹരിയെ പോലുള്ള മുതിർന്ന നേതാക്കൾ പാർട്ടിയിൽ നിന്ന് കൊഴിയുന്നത് അത്തരം പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നുവോയെന്ന സന്ദേഹവുമുണ്ട്.

Latest