From the print
തർക്കങ്ങൾക്കിടെ ഇ കെ വിഭാഗം മുശാവറ ഇന്ന്
രാവിലെ 11ന് ചേരുന്ന യോഗത്തിൽ തർക്ക വിഷയങ്ങൾ ചർച്ചയാവും
കോഴിക്കോട് | അഭിപ്രായ വ്യത്യാസങ്ങൾക്കിടെ ഇ കെ വിഭാഗം മുശാവറ യോഗം ഇന്ന്. ഫ്രാൻസിസ് റോഡിലെ ഓഫീസിൽ രാവിലെ 11ന് ചേരുന്ന യോഗത്തിൽ തർക്ക വിഷയങ്ങൾ ചർച്ചയാവും. ഇ കെ വിഭാഗം നടപടിക്ക് വിധേയനായ ഹകീം ഫൈസി അദൃശ്ശേരിയെ കോ-ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ സെക്രട്ടറിയായി സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വീണ്ടും തിരഞ്ഞെടുത്തത് മുതൽ ആരംഭിച്ച പുതിയ വിവാദം പല രൂപത്തിലായി കത്തിപ്പടരുന്നതിനിടെയാണ് ഇന്നത്തെ യോഗം. വിഷയങ്ങൾ മുശാവറ യോഗത്തിന് മുമ്പ് ഒത്തുതീർക്കണമെന്ന ആലോചനയുടെ ഭാഗമായി മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുൻകൈയെടുത്ത് കഴിഞ്ഞ ദിവസം മലപ്പുറത്ത് സമവായ ചർച്ച നടന്നെങ്കിലും ഒരു വിഭാഗം പങ്കെടുത്തിരുന്നില്ല.
യോഗത്തിനെത്തിയ ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂല പക്ഷം മറുവിഭാഗത്തിനെതിരായ ആരോപണങ്ങൾ രേഖാമൂലം നേതൃത്വത്തിന് കൈമാറുകയും ചെയ്തു. എന്നാൽ, സമവായ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് മറുവിഭാഗം നേരത്തേ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നാണ് വിവരം. സി ഐ സി അടക്കമുള്ള വിഷയങ്ങളിൽ “സമസ്ത’ അതാത് സമയങ്ങളിലെടുക്കുന്ന തീരുമാനം നടപ്പാക്കാൻ മാത്രമാണ് ഞങ്ങൾ ശ്രമിച്ചതെന്നും ഇനി “സമസ്ത’ യെടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ സന്നദ്ധമാണെന്നും രേഖാമൂലം ഈ വിഭാഗം നേതൃത്വത്തെ അറിയിക്കുകയായിരുന്നു. വിഷയത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾ ഇടപെട്ട് സമവായ ചർച്ച സംഘടിപ്പിച്ചതിനോടും അവർക്ക് വിയോജിപ്പില്ല. ലീഗ് “സമസ്ത’യുടെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്ന വാദത്തിന്റെ തുടർച്ചയാണിത്.
സമവായ ചർച്ചയിൽ ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കാത്തതിനെച്ചൊല്ലിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് സ്വാദിഖലി തങ്ങളും ജിഫ്‌രി തങ്ങളും രണ്ട് വിധത്തിലാണ് പ്രതികരിച്ചത്. ചർച്ചയിൽ പങ്കെടുക്കാതിരുന്നത് ധിക്കാരമാണെന്ന സ്വാദിഖലി തങ്ങളുടെ പരാമർശത്തെ അവർക്ക് ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണമാണെന്ന് ജിഫ്‌രി തങ്ങൾ തിരുത്തി. ഇന്ന് ചേരുന്ന മുശാവറയിൽ ഇരു വിഭാഗത്തിന്റെയും ആരോപണങ്ങൾക്കനുസരിച്ച് എന്തെങ്കിലും നടപടികൾ ഉണ്ടാകുമോയെന്നതാണ് ചോദ്യം. മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ഖാസി ഫൗണ്ടേഷനെ പരസ്യമായി തള്ളിപ്പറഞ്ഞ ഇ കെ വിഭാഗം സെക്രട്ടറി കൂടിയായ ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്നും പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി സരിന് വേണ്ടി സുപ്രഭാതം പത്രത്തിൽ പരസ്യം പ്രസിദ്ധീകരിച്ചത് ശരിയായ നടപടിയായില്ലെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും ലീഗ് അനുകൂല വിഭാഗം പ്രധാനമായും ആവശ്യമുന്നയിക്കും.
“സമസ്ത’യിൽ സമാന്തര സംഘടനയുണ്ടാക്കിയ ലീഗ് അനുകൂല പക്ഷത്തിനെതിരെ നടപടി വേണമെന്നതാണ് മറു വിഭാഗത്തിന്റെ ആവശ്യം. 40 അംഗ മുശാവറയിൽ സാധാരണഗതിയിൽ മുപ്പതോളം പേർ മാത്രമാണ് പങ്കെടുക്കാറുള്ളത്. ലീഗ് വിരുദ്ധ പക്ഷത്തിന്റെ താത്പര്യങ്ങളാണ് പൊതുവെ മുശാവറയിൽ മേൽക്കൈ നേടാറ്.