From the print
കേക്കിൽ ഇ കെ വിഭാഗം മുസ്്ലിം ലീഗ് പോര്
കേക്ക് മുറിച്ചതിനെയും കഴിച്ചതിനെയും ന്യായീകരിച്ച് ഇ കെ വിഭാഗത്തിലെ ലീഗിന്റെ ശബ്ദമായ അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രസംഗിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്
കോഴിക്കോട്| ക്രിസ്മസ് ദിനത്തിൽ മുസ്്ലിം ലീഗ് അധ്യക്ഷൻ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ കേക്ക് മുറിച്ചതിനെ ചൊല്ലി ഇ കെ വിഭാഗം-ലീഗ് പോര്. ഇ കെ വിഭാഗത്തിൽ തന്നെ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം നിലനിൽക്കെ സ്വാദിഖലി തങ്ങളെ ന്യായീകരിച്ച് ലീഗും രംഗത്തെത്തി. ക്രിസ്മസ് ദിനത്തിൽ കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കലുമൊത്താണ് സ്വാദിഖലി തങ്ങൾ കേക്ക് മുറിച്ചതും കഴിച്ചതും. ഡോ. എം കെ മുനീറും കൂടെയുണ്ടായിരുന്നു.
കേക്ക് മുറിച്ചതിനെയും കഴിച്ചതിനെയും ന്യായീകരിച്ച് ഇ കെ വിഭാഗത്തിലെ ലീഗിന്റെ ശബ്ദമായ അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രസംഗിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. സൗഹാർദപരമായി കേക്ക് മുറിക്കുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സൗഹൃദത്തിന്റെ പുറത്ത് ഒരു കേക്ക് കഴിച്ചു. ഒരു വലിയ കേക്ക് അല്ലേ, അത് മുറിക്കാതെ കഴിക്കാൻ പറ്റുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. “സമസ്ത’ യുടെ കീഴിലുള്ള നിരവധി മഹല്ലുകളുടെ ഖാസിയായ പാണക്കാട് സ്വാദിഖലി തങ്ങൾ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിച്ചതിനെ എതിർത്ത് ഇ കെ വിഭാഗത്തിലെ മറുചേരിരംഗത്ത് വന്നു.
സ്വാദിഖലി തങ്ങൾ കേക്ക് കഴിച്ചത് വലിയ തെറ്റാണെന്ന് ഇ കെ വിഭാഗത്തിലെ ലീഗ് വിരുദ്ധ പക്ഷ നേതാവായ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ആചാരപരമായിട്ടാണെങ്കിലും അല്ലെങ്കിലും ക്രിസ്മസ് കേക്ക് കഴിക്കുന്നത് തെറ്റാണ്. മലപ്പുറത്ത് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം സ്വാദിഖലി തങ്ങൾക്കതിരെ രംഗത്ത് വന്നത്. 2015ൽ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അബ്ദുർറബ്ബ് നിലവിളക്ക് കൊളുത്താതിരുന്നത് എന്തുകൊണ്ടാണ്? പൊട്ടുതൊട്ട മുസ്‌ലിം ലീഗ് മന്ത്രിയെ ഉമറലി ശിഹാബ് തങ്ങൾ തിരുത്തിയിട്ടുണ്ടെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. അമുസ്‌ലിംകളുമായി എല്ലാ വിധ സൗഹൃദങ്ങളും സ്‌നേഹവും ആകാം. എന്നാൽ മതപരമായ ആചാരങ്ങളിൽ അവരെ പിന്തുടരാൻ പാടില്ല. അത്തരം പ്രവൃത്തികളെ അനുകൂലിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.