Connect with us

From the print

സ്വാദിഖലി തങ്ങളെ തള്ളി ഇ കെ വിഭാഗം; സലാമിനെതിരെ വീണ്ടും പരാതി നല്‍കും

കത്ത് നല്‍കാന്‍ നാലംഗസംഘം.

Published

|

Last Updated

കോഴിക്കോട് | പി എം എ സലാമിനെ ന്യായീകരിച്ച ലീഗ് പ്രസിഡന്റ് സ്വാദിഖലി തങ്ങളെ തള്ളി ഇ കെ വിഭാഗം. ജിഫ്രി തങ്ങള്‍ക്കെതിരല്ല സലാമിന്റെ പരാമര്‍ശമെന്ന സ്വാദിഖലി തങ്ങളുടെ പ്രസ്താവന അവഗണിച്ച് സലാമിനെതിരെ പരാതി നല്‍കാനാണ് തീരുമാനം. നാല് പേരടങ്ങുന്ന സംഘം സ്വാദിഖലി തങ്ങള്‍ക്ക് നേരിട്ട് കത്ത് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മുശാവറ യോഗം തീരുമാനിച്ചു.

ജിഫ്രി തങ്ങളെ സലാം അധിക്ഷേപിച്ച വിഷയത്തില്‍ നേരിട്ട് കത്ത് ലഭിച്ചില്ലെന്ന് സ്വാദിഖലി തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കുന്നത്. ഈ കത്ത് പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നതാണ് ഇ കെ മുശാവറയുടെ ആവശ്യം. ജിഫ്രി തങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ച പി എം എ സലാമിന്റെ പ്രസ്താവന ഉന്നത നേതാക്കളുടെ അറിവോടെയായിരുന്നുവെന്ന അഭിപ്രായം ചില അംഗങ്ങള്‍ പങ്കുവെച്ചു. സലാം സ്വമേധയാ നടത്തിയ പ്രസ്താവനയായിരുന്നുവെങ്കില്‍ സ്വാദിഖലി തങ്ങള്‍ അതിനെ തള്ളിപ്പറയാന്‍ തയ്യാറാകുമായിരുന്നു. തള്ളിപ്പറഞ്ഞില്ലെന്ന് മാത്രമല്ല, അദ്ദേഹം സലാമിനെ ന്യായീകരിക്കുകയും ചെയ്തു. ഇത് പ്രസിഡന്റായ ജിഫ്്രി തങ്ങളെ അധിക്ഷേപിച്ചതിന് തുല്യമാണ്. സലാമിന്റെ വിശദീകരണം പാര്‍ട്ടി അംഗീകരിച്ചുവെന്ന് കൂടി അദ്ദേഹം വ്യക്തമാക്കിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ലീഗിന്റെ ചരിത്രത്തില്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് തന്നെ ഇത്തരത്തില്‍ സംഘടനയുടെ പ്രസിഡന്റിനെതിരെ പരസ്യമായി രംഗത്ത് വരുന്നത് ഇതാദ്യമാണെന്നും ചിലര്‍ സൂചിപ്പിച്ചു.

സി ഐ സി വിഷയത്തില്‍ ലഭിച്ച കത്ത് മുശാവറ യോഗം തള്ളി. ഹകീം ഫൈസിയുടെ നിലപാടുകളില്‍ ബിദഈ അശയങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് യോഗം ആവര്‍ത്തിച്ചു. ഹകീം ഫൈസി ആദൃശ്ശേരിയുടെ ലേഖനങ്ങള്‍, പ്രസംഗങ്ങള്‍, ക്ലാസ്സുകള്‍, അദ്ദേഹം നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളിലെ ലൈബ്രറികള്‍, സിലബസ്സ് തുടങ്ങിയവ പരിശോധിച്ചു.

ആദൃശ്ശേരിയുടെ നിലപാടുകളില്‍ ബിദഈ ചിന്തകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് അദ്ദേഹം നേതൃത്വം നല്‍കുന്നതോ പങ്കാളിത്തം ഉള്ളതോ ആയ വിദ്യാഭ്യാസ സംവിധാനങ്ങളുമായി ബന്ധമില്ലെന്ന് പ്രഖ്യാപിച്ചതെന്നും മുശാവറ യോഗം വ്യക്തമാക്കി. പ്രവര്‍ത്തകരോ പ്രസ്ഥാനബന്ധുക്കളോ അനാവശ്യ ചര്‍ച്ചകളിലോ തെറ്റിദ്ധാരണകളിലോ അകപ്പെട്ടു പോകരുതെന്നും യോഗം ആവശ്യപ്പെട്ടു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എം ടി അബ്ദുല്ല മുസ്‌ലിയാര്‍, പി പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, യു എം അബ്ദുര്‍റഹിമാന്‍ മുസ്‌ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം സംബന്ധിച്ചു.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest