Connect with us

Religion

ഇ കെ ഹസന്‍ മുസ്‌ലിയാര്‍: ദിശ കാണിച്ച പണ്ഡിതന്‍

'അല്ലാഹുവിനു വേണ്ടി സ്നേഹിക്കുക, അല്ലാഹുവിനു വേണ്ടി കോപിക്കുക എന്നത് ഈമാനിന്റെ ഭാഗമാണെ'ന്ന തിരുവചനം ജീവിതത്തില്‍ അക്ഷരാര്‍ഥത്തില്‍ നിറവേറ്റിയിരുന്നു അദ്ദേഹം.

Published

|

Last Updated

ഒരു മതപണ്ഡിതന്റെ എല്ലാ വിശേഷണങ്ങളും മേളിച്ച വ്യക്തിത്വമായിരുന്നു മര്‍ഹൂം ഇ കെ ഹസന്‍ മുസ്ലിയാര്‍. മത വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ചറിഞ്ഞ പണ്ഡിതനും ഒന്നാന്തരം പ്രഭാഷകനും മികച്ച മുദര്‍രിസുമായിരുന്നു. ഖുര്‍ആനും ഹദീസും ഫിഖ്ഹും തസ്വവ്വുഫും തുടങ്ങി സര്‍വതിലും ആഴത്തില്‍ അറിവുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് വിഷയങ്ങള്‍ ബോധ്യപ്പെടുത്തികൊടുക്കാന്‍ അദ്ദേഹത്തിനുള്ള പ്രത്യേക കഴിവ് എടുത്തുപറയേണ്ടതാണ്. ‘അല്ലാഹുവിനു വേണ്ടി സ്നേഹിക്കുക, അല്ലാഹുവിനു വേണ്ടി കോപിക്കുക എന്നത് ഈമാനിന്റെ ഭാഗമാണെ’ന്ന തിരുവചനം ജീവിതത്തില്‍ അക്ഷരാര്‍ഥത്തില്‍ നിറവേറ്റിയിരുന്നു അദ്ദേഹം.

എല്ലാവരോടും സ്നേഹത്തോടെയും വിനയത്തോടെയുമാണ് പെരുമാറിയിരുന്നത്. പുത്തന്‍വാദികളോട് ശക്തമായ വെറുപ്പ് പ്രകടിപ്പിക്കുകയും അവര്‍ക്കെതിരില്‍ നന്നായി പോരാടുകയും ചെയ്തു. പുത്തന്‍വാദികള്‍ സുന്നികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചത് അറിഞ്ഞാല്‍ അതെവിടെയാണെങ്കിലും എത്ര ത്യാഗം സഹിച്ചും ഹസന്‍ മുസ്ലിയാര്‍ അവിടെ ഓടിയെത്തുമായിരുന്നു. സത്യം തുറന്നുപറയുന്നതില്‍ മുഖം നോക്കുന്ന സ്വഭാവക്കാരനായിരുന്നില്ല. പുളിക്കല്‍, കോഴിക്കോട് നഗരം, കുറ്റ്യാടി, നന്മണ്ട, എടവണ്ണ പോലുള്ള സ്ഥലങ്ങളില്‍ വഹാബികളുടെ അഴിഞ്ഞാട്ടം വ്യാപകമായ കാലത്താണ് ഹസന്‍ മുസ്ലിയാര്‍ സജീവമാകുന്നത്. കേരളത്തിലുടനീളം അദ്ദേഹത്തിന്റെ പടയോട്ടം തുടരുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി അവരുടെ ശക്തി ക്ഷയിക്കുകയും ചെയ്തു.

വഹാബി കേന്ദ്രമായ പുളിക്കലില്‍ സുന്നികളുടെ ഒരു സമ്മേളനം നടത്താന്‍ തീരുമാനിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ അനുമതി തന്നില്ല. പുത്തനാശയക്കാരുടെ ഏജന്റായ രാഷ്ട്രീയക്കാര്‍ പോലീസിനെ വിളിച്ച് ‘സുന്നികള്‍ക്ക് വഅ്ള് നടത്താന്‍ അനുമതി കൊടുക്കരുത്, കുഴപ്പമുണ്ടാകും’ എന്ന് പറഞ്ഞതിനാലാണ് മൈക്ക് പെര്‍മിറ്റ് കിട്ടാതിരുന്നത്. തുടര്‍ന്ന് കുടുക്കന്‍ മൊയ്തീന്‍ കുട്ടി ഹാജി എന്ന സുന്നി പ്രവര്‍ത്തകന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി ഹൈക്കോടതിയില്‍ പോയി മൈക്ക് പെര്‍മിറ്റ് നേടുകയും സുന്നത്ത് ജമാഅത്ത് വിശദീകരിച്ച് ഹസന്‍ മുസ്ലിയാര്‍ പുളിക്കലില്‍ ഗംഭീര പ്രസംഗം നടത്തുകയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ചെറുപ്പക്കാരായ പണ്ഡിതന്മാര്‍ക്ക് ബിദ്അത്തുകാരെ നേരിടാന്‍ ധൈര്യം പകര്‍ന്നത് ഹസന്‍ മുസ്ലിയാരുടെ പ്രവര്‍ത്തനങ്ങളായിരുന്നു.

പരിചയപ്പെട്ടതിന് ശേഷം ഞങ്ങള്‍ കണ്ടുമുട്ടുമ്പോഴെല്ലാം സുന്നത്ത് ജമാഅത്ത് സംസാരിക്കുകയും അക്കാലത്തെ പ്രധാന വിഷയമായ ബിദഇകള്‍ക്കെതിരെയുള്ള പോരാട്ടത്തിന് വേണ്ടിയുള്ള തെളിവുകള്‍ ശേഖരിക്കുകയും പങ്കുവെക്കുകയും ചെയ്തു. വാഴക്കാട് വെച്ച് ചേകന്നൂര്‍ മൗലവിയുമായുള്ള സംവാദത്തിന്റെ വിഷയനിര്‍ണയത്തിനായുള്ള യാത്രയില്‍ ഞാനും കൂടെയുണ്ടായിരുന്നു. ‘വാദപ്രതിവാദത്തില്‍ എതിര്‍കക്ഷികള്‍ എന്താണ് ചോദിക്കുകയെന്ന് നമുക്കറിയില്ലല്ലോ, അതിനാല്‍ നമുക്ക് പരാജയം സംഭവിച്ചാല്‍ എന്തുചെയ്യുമെന്ന്’ ഞാന്‍ ചോദിച്ചപ്പോള്‍ ‘നാം ശരിക്ക് വിശ്വസിക്കുന്നതും നമ്മുടെ മനസ്സിലുള്ളതും മാത്രമേ പറയാന്‍ പാടുള്ളൂ. അങ്ങനെ വന്നാല്‍ ഒരിക്കലും നാം പരാജയപ്പെടുകയില്ല’ എന്നാണ് അവിടുന്ന് മറുപടി പറഞ്ഞത്. ഈ ഉപദേശം സംവാദ വേദികളിലും ജീവിതത്തിലും എനിക്കേറെ ഗുണം ചെയ്തു. കൊട്ടപ്പുറം സംവാദത്തിന് പുറപ്പെടുന്ന വേളയില്‍ ഹസന്‍ മുസ്ലിയാരുടെ ഖബ്്ര്‍ സിയാറത്ത് ചെയ്താണ് യാത്ര തിരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ സംവാദങ്ങളിലൊന്നായിരുന്നു അത്. ഹസന്‍ മുസ്ലിയാരുടെ പൊരുത്തവും സഹായവും സംവാദ വേദിയില്‍ സുന്നികളുടെ വിജയത്തില്‍ തുണച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

സത്യം മറച്ചു വെക്കുക എന്ന അവസ്ഥ ഒരിക്കലും ഹസന്‍ മുസ്ലിയാര്‍ക്ക് ഉണ്ടായിരുന്നില്ല. കാന്തപുരത്തിനടുത്ത് ഒരു പ്രദേശത്ത് ജുമുഅ ആരംഭിക്കണമെന്ന ആവശ്യവുമായി ഒരു സമ്പന്നന്‍ ഹസന്‍ മുസ്ലിയാരെ സമീപിച്ചു. സാഹചര്യ തെളിവുകള്‍ മനസ്സിലാക്കി ഹസന്‍ മുസ്ലിയാര്‍ ജുമുഅക്ക് അനുമതി നല്‍കിയില്ല. ആ മുതലാളി പുത്തൂപ്പാടത്ത് ഹസന്‍ മുസ്ലിയാരുടെ വീട്ടിലെത്തുകയും അനുകൂല വിധി പറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഹസന്‍ മുസ്ലിയാര്‍ അതൊന്നും തീരെ ഗൗനിക്കാതെ യാത്ര പുറപ്പെടാനായി ഐക്കരപ്പടിയില്‍ ഒരു നിസ്‌കാര പള്ളിയിലെത്തി. അയാള്‍ പിറകെ വന്ന് വലിയൊരു തുക കൈയില്‍ നല്‍കി. വളരെ നിര്‍ബന്ധിച്ചിട്ടും അദ്ദേഹം അത് സ്വീകരിച്ചില്ല. പണം ഹസന്‍ മുസ്ലിയാരുടെ മുന്നില്‍ വെച്ച് അയാള്‍ അവിടുന്ന് പോകാന്‍ തുടങ്ങി. മഹാനവറുകള്‍ പറഞ്ഞു: ഞാന്‍ പണം വേണ്ടെന്ന് നിങ്ങളോട് പറഞ്ഞു. ഇവിടെ ഇത് വെച്ചുപോയാല്‍ നഷ്ടപ്പെടുമെന്ന് കരുതിയാണ് ഞാന്‍ ഇത് എടുത്തത്. പക്ഷേ, ഞാന്‍ എന്റെ വാദത്തില്‍ നിന്ന് മാറാന്‍ തയ്യാറല്ല. നിങ്ങള്‍ക്ക് വേണ്ടി, പണത്തിന് വേണ്ടി മതനിയമങ്ങള്‍ മാറ്റാന്‍ ഞാന്‍ തയ്യാറല്ല എന്ന് പറഞ്ഞ് പണം അയാള്‍ക്ക് തന്നെ തിരിച്ചു നല്‍കി.

ആരുടെ മുന്നിലും സത്യം തുറന്നു പറയാനുള്ള ധൈര്യം നല്‍കിയത് ഹസന്‍ മുസ്ലിയാരായിരുന്നു. അദ്ദേഹം ജീവിതത്തില്‍ ഭൗതികമായി ഒന്നും സമ്പാദിച്ചില്ല. സ്വന്തം ആവശ്യങ്ങള്‍ക്കായി പണം കരുതിവെക്കാറില്ലായിരുന്നു. പാലക്കാട് ജന്നത്തുല്‍ ഉലൂം കോളജ് ഹസന്‍ മുസ്ലിയാരുടെ ശ്രമഫലമായി ഉണ്ടായതാണ്. അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം കള്ളരേഖയുണ്ടാക്കി രാഷ്ട്രീയക്കാര്‍ അത് കൈവശപ്പെടുത്തുകയായിരുന്നു.

എസ് വൈ എസിന്റെ പ്രസിഡന്റായിരുന്ന പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങള്‍ വഫാത്തായതിന് ഉടനെ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരെ പ്രസിഡന്റായി തിരഞ്ഞെടുത്തു. പിന്നെയാണ് ജനറല്‍ ബോഡി കൂടിയത്. കൂട്ടത്തില്‍ ഏറെ തഴക്കവും പഴക്കവും ചെന്ന പണ്ഡിതന്മാരെല്ലാം ഉണ്ടായിരുന്നെങ്കിലും ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ചുമതല സദസ്സ് ബാപ്പു മുസ്ലിയാരെ അധികാരപ്പെടുത്തി. ബാപ്പു മുസ്ലിയാര്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു: ‘ഹസന്‍ മുസ്ലിയാര്‍, നിങ്ങള്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണം’. എല്ലാവരും അതിനു സമ്മതിച്ചു. രണ്ടാമതായി എന്നോട് ‘കാന്തപുരം, നിങ്ങള്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണം’- ഞാന്‍ പറഞ്ഞു: എനിക്ക് പരിചയം കുറവാണ്. വേറെ ഒരാളെ തിരഞ്ഞെടുക്കണം. ‘ചോദിക്കാതെ നിന്നില്‍ ഒരധികാരം ഏല്‍പ്പിച്ചാല്‍ റബ്ബില്‍ നിന്നുള്ള സഹായം ഉണ്ടാകും’ എന്ന ഹദീസ് ഓതി ബാപ്പു മുസ്ലിയാര്‍ പറഞ്ഞു: നിങ്ങള്‍ ഏറ്റെടുക്കണം. റബ്ബിന്റെ സഹായം ഉണ്ടാകും. ഹസന്‍ മുസ്ലിയാര്‍ പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായി എസ് വൈ എസ് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. സംഘടനയുടെ കെട്ടുറപ്പും ഭദ്രതയും ഉറപ്പുവരുത്താനുള്ള ഒട്ടേറെ പദ്ധതികള്‍ ഒരുമിച്ചാലോചിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനതലത്തിലെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ആദ്യത്തില്‍ ഞങ്ങള്‍ മംഗലാപുരം യേനപ്പോയ മൊയ്തീന്‍ കുഞ്ഞി സാഹിബിനെ പോയി കണ്ടു. അദ്ദേഹം പുറത്തുവന്ന് സ്വീകരിച്ചിരുത്തി അന്നത്തെ വലിയ സംഖ്യ അയ്യായിരം രൂപ ഞങ്ങള്‍ക്ക് സംഭാവന തന്നു. ആ ഭാഗത്ത് മറ്റു പലരെയും കണ്ട് സംഭാവന വാങ്ങി തിരിച്ചുപോരുമ്പോള്‍ കാറില്‍ വെച്ച് ഞാന്‍ ഹസന്‍ മുസ്ലിയാരോട് പറഞ്ഞു: ‘നമ്മുടെ പ്രവര്‍ത്തന ഫലമായി വലിയൊരു സ്ഥാപനം ഉണ്ടാക്കണം’. അങ്ങനെയാണ് മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ തുടക്കമുണ്ടാകുന്നത്. മരണം വരെ ഹസന്‍ മുസ്ലിയാര്‍ മര്‍കസിന്റെ പ്രധാന ഭാരവാഹിയായിത്തന്നെ പ്രവര്‍ത്തിച്ചു. സുന്നത്ത് ജമാഅത്തിന്റെ വിഷയത്തില്‍, പ്രത്യേകിച്ചും സംഘടനാ പ്രവര്‍ത്തനത്തിലും ബിദഇകള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിലും എനിക്ക് ദിശ നിര്‍ണയിച്ചു നല്‍കിയതില്‍ അദ്ദേഹത്തിന് ചെറുതല്ലാത്ത പങ്കുണ്ട്.

 

Latest