Connect with us

From the print

ഇ കെ മുശാവറ: വാഗ്വാദം സ്ഥിരീകരിച്ച് നദ്വി; അച്ചടക്ക ലംഘനമെന്ന് ഉമര്‍ ഫൈസി

നടപടി ആവശ്യപ്പെട്ട് മുശാവറക്ക് കത്ത് നല്‍കും. ബഹാഉദ്ദീന്‍ നദ്വി വിശദീകരിച്ചത് മാധ്യമങ്ങളിലൂടെ.

Published

|

Last Updated

കോഴിക്കോട് | ഇ കെ വിഭാഗം മുശാവറ യോഗത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭിന്നതയുടെയും വാഗ്വാദത്തിന്റെയും വിവരങ്ങള്‍ മാധ്യമങ്ങളില്‍ വിശദീകരിച്ച മുശാവറ അംഗം ബഹാഉദ്ദീന്‍ നദ്വിയുടെ നടപടി അച്ചടക്ക ലംഘനമെന്ന് ഇ കെ വിഭാഗം സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. നദ്വിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉമര്‍ ഫൈസിയും പോഷക സംഘടനാ ഭാരവാഹികളും മുശാവറക്ക് കത്ത് നല്‍കുമെന്നാണ് വിവരം.

നദ്വി പറഞ്ഞത്
ഉമര്‍ ഫൈസിയെക്കുറിച്ചുള്ള ചര്‍ച്ച യോഗത്തില്‍ ഉണ്ടാകുമെന്നും ആ സമയത്ത് അദ്ദേഹം മാറിനില്‍ക്കണമെന്നും മുശാവറ യോഗത്തിന്റെ ആമുഖ ഭാഷണത്തില്‍ അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു. യോഗം സാധാരണ നടപടിക്രമങ്ങളുമായി മുന്നോട്ട് പോയി. ‘സമസ്ത’യുടെ കീഴ്ഘടകങ്ങളുടെ നേതാക്കളായ 25 പേര്‍ ഒപ്പുവെച്ച ഹരജി ചര്‍ച്ചക്ക് എടുക്കുന്നില്ലേയെന്ന് ഒന്നര മണിക്കൂറിന് ശേഷം താന്‍ ചോദിച്ചു. അതോടെ ഓഫീസ് മാനേജര്‍ ഹരജി വായിക്കാനെടുത്തു. ശേഷം സമാനമായ പല കത്തുകളും യോഗത്തില്‍ വായിച്ചു. വിഷയം ചര്‍ച്ചക്ക് എടുത്തപ്പോള്‍ ഉമര്‍ ഫൈസി മാറി നില്‍ക്കണമെന്ന് ജിഫ്രി തങ്ങള്‍ ആവര്‍ത്തിച്ചു. എന്നാല്‍, നിങ്ങള്‍ ചര്‍ച്ച ചെയ്തോളൂ, ഞാന്‍ ഇവിടെ തന്നെ ഇരുന്നുകൊള്ളാമെന്ന് ഉമര്‍ ഫൈസി മറുപടി നല്‍കി. പ്രസിഡന്റ് പറഞ്ഞ സ്ഥിതിക്ക് നിങ്ങള്‍ മാറിനില്‍ക്കുകയാണ് വേണ്ടതെന്ന് ഞാന്‍ പറഞ്ഞു.

എടവണ്ണപ്പാറയില്‍ ഖാസി ഫൗണ്ടേഷനെയും സ്വാദിഖലി തങ്ങളെയും വിമര്‍ശിച്ച് ഉമര്‍ ഫൈസി സംസാരിച്ചതിനെക്കുറിച്ച് ഞാന്‍ ഉന്നയിച്ചു. അപ്പോള്‍ നിങ്ങളാണ് കള്ളന്‍മാര്‍, ഇത് പ്രചരിപ്പിക്കുന്നത് നിങ്ങളാണെന്നും ഉമര്‍ ഫൈസി പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു, നിങ്ങളുടേത് എന്താണ് ഞാന്‍ കട്ടെടുത്തതെന്ന്. അപ്പോള്‍ നിങ്ങള്‍ കളവ് നടത്തിയെന്നല്ല കളവ് പറയുന്നവരെന്നാണ് ഉദ്ദേശിച്ചതെന്ന് ഉമര്‍ ഫൈസി മറുപടി നല്‍കി. ഈ ഇരിക്കുന്ന ആളുകള്‍ മുഴുവന്‍ കള്ളന്‍മാരാണെന്ന് പറയുമ്പോള്‍ ഞാനും അതില്‍ പെട്ടല്ലോ, അതുകൊണ്ട് ഇവിടെ ഇരിക്കുന്നില്ലായെന്ന് പറഞ്ഞ് അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ മുശാവറയില്‍ നിന്ന് ഇറങ്ങി.

ഉമര്‍ ഫൈസിയുടെ വിശദീകരണം
മുശാവറക്ക് ശേഷം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളെ കാണുകയും യോഗ തീരുമാനങ്ങള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍, മുശാവറയില്‍ കുഴപ്പങ്ങള്‍ നടന്നിട്ടുണ്ടെന്ന് വിശദീകരിച്ച് ബഹാഉദ്ദീന്‍ നദ്വി ചാനലില്‍ രംഗത്തെത്തുകയായിരുന്നു. അത് ‘സമസ്ത’യുടെ അച്ചടക്കത്തിനും അദ്ദേഹത്തിന്റെ സ്ഥാനത്തിനും യോജിച്ചതല്ല. യോഗത്തില്‍ പല ചര്‍ച്ചകളും നടന്നിട്ടുണ്ട്. അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ ഞാന്‍ തയ്യാറല്ല. എന്നാല്‍, നദ്വിയുടെ വീഡിയോയില്‍ തന്നെക്കുറിച്ചും കൂടാതെ, ‘സമസ്ത’ക്കും ജിഫ്രി തങ്ങള്‍ക്കും അപമാനമുണ്ടാക്കുന്ന തരത്തിലും വെളിപ്പെടുത്തല്‍ നടത്തിയത് ചട്ടവിരുദ്ധമാണ്. തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ്.

മുശാവറ യോഗത്തില്‍ കത്തുകളില്‍ കുറേയെണ്ണം വായിച്ചു. തന്നെക്കുറിച്ച് പരാതി ഉള്ളതുകൊണ്ട് സാധാരണ ഒരു മര്യാദ എന്ന നിലക്ക് യോഗ അധ്യക്ഷന്‍ തന്നോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. എനിക്ക് അതില്‍ അസ്വാരസ്യമൊന്നും തോന്നിയില്ല. എന്നാല്‍, കത്തുകളില്‍ പലതിലും കള്ളത്തരങ്ങള്‍ ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. നിങ്ങള്‍ക്ക് ശല്യമൊന്നും ചെയ്യാതെ ഞാന്‍ യോഗത്തില്‍ ഇരിക്കാമെന്നും തിരുത്തേണ്ടത് മറുപടി പറഞ്ഞ് തിരുത്താമെന്നും ഞാന്‍ മറുപടി നല്‍കി. കൂടാതെ, അംഗങ്ങളില്‍ ആര്‍ക്കെതിരെയെങ്കിലും പരാതി ഉന്നയിക്കപ്പെട്ടാല്‍ കീഴ്വഴക്കം ആ രീതിയിലാണെന്നും ഞാന്‍ പറഞ്ഞു. ഇത് കേട്ട സദസ്സിലുള്ളവരും ഈ അഭിപ്രായത്തോട് യോജിച്ചു.

സദസ്സിന് ഈ അഭിപ്രായം ഉണ്ടെങ്കില്‍ അദ്ദേഹം അവിടെ ഇരുന്നുകൊള്ളട്ടേയെന്ന് അധ്യക്ഷന്‍ ജിഫ്രി തങ്ങളും നിലപാടെടുത്തു. പിന്നീട് പരാതികള്‍ എടുത്ത് വായിക്കാന്‍ തുടങ്ങിയപ്പോള്‍ നിങ്ങളോട് അധ്യക്ഷന്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞില്ലേ, അത് കേള്‍ക്കുകയല്ലേ വേണ്ടതെന്ന് ബഹാഉദ്ദീന്‍ നദ്വി തന്നോട് ഗൗരവത്തിലും ശാസനാരൂപത്തിലും ചോദിച്ചു.
ഇതോടെ താനും നദ്വിയും തമ്മില്‍ ചില വാഗ്വാദങ്ങളുണ്ടായി. ഇതിനിടക്ക് തനിക്കെതിരെ കള്ളത്തരങ്ങള്‍ എഴുതിയ കത്തുകള്‍ ചില കള്ളന്‍മാര്‍ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്, അത് കേള്‍ക്കാനാണ് താന്‍ ഇവിടെ ഇരിക്കുന്നതെന്ന് മറുപടി നല്‍കി. ഇത് ഞാന്‍ മുശാവറ അംഗങ്ങളെ മുഴുവന്‍ കള്ളന്‍മാര്‍ എന്ന് വിളിച്ചുവെന്ന് പറഞ്ഞാണ് പ്രചരിപ്പിച്ചത്. താനും ആ കള്ളന്‍മാരില്‍ പെട്ടവനല്ലേ എന്ന് പറഞ്ഞ് ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയെന്നും നദ്വി പറഞ്ഞു. ബഹാഉദ്ദീനെ പോലും ഞാന്‍ കള്ളന്‍ എന്ന് പറയാറില്ല. എന്നിട്ടല്ലേ, മുശാവറയിലെ പണ്ഡിതന്മാരെ കള്ളന്മാര്‍ എന്ന് പറയുന്നത്? യോഗത്തിനിടയില്‍ നേതാക്കള്‍ ഇടയ്ക്ക് ഇറങ്ങിപ്പോകാറും വരാറുമുണ്ട്.

ആ തരത്തില്‍ ജിഫ്രി തങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോകുകയായിരുന്നു. കൂടുതല്‍ കത്തുകള്‍ ചര്‍ച്ച ചെയ്യാന്‍ സമയമില്ലെന്നും പത്ത് ദിവസം കഴിഞ്ഞ് മറ്റൊരു യോഗം ചേരാമെന്ന് പറയുക കൂടി ചെയ്താണ് ജിഫ്രി തങ്ങള്‍ യോഗത്തില്‍ നിന്ന് പോയത്.

 

Latest