Kerala
ഇ കെ സമസ്തയുടെ മുഖപത്ര ചടങ്ങ്; വിട്ടുനിൽക്കാൻ കോൺഗ്രസ്സ് നേതാക്കൾക്ക് സമ്മർദമുണ്ടായി
വെളിപ്പെടുത്തിയത് ഗൾഫ് കൺവീനർ
കോഴിക്കോട് | ഇ കെ സമസ്ത വിഭാഗം മുഖപത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരിക്കാൻ മുസ്‌ലിം ലീഗിൽ നിന്ന് കടുത്ത സമ്മർദമുണ്ടായെന്ന സൂചന നൽകി കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ. ടിക്കറ്റും വിസയും നൽകിയശേഷം യു എ ഇയിലെത്തിയ മുരളീധരനെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയായിരുന്നു. പത്രത്തിന്റെ ഗൾഫ് ജന. കൺവീനർ അബ്ദുർറഹ്മാൻ തങ്ങളാണ് മുരളീധരൻ പറഞ്ഞ കാര്യം വെളിപ്പെടുത്തിയത്.
മുസ്്്ലിം ലീഗ് നേതാക്കളായ സ്വാദിഖലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും തീയതി വാങ്ങിയശേഷമാണ് സമസ്ത ഇ കെ വിഭാഗം അധ്യക്ഷൻ ജിഫ്്രി തങ്ങളുടെ തീയതി ഉദ്ഘാടനത്തിനായി വാങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ നേരത്തേ ക്ഷണിക്കുകയും അത് പ്രകാരം പ്രചാരണം നടത്തുകയും ചെയ്തു. ചെന്നിത്തലയുടെ പി എക്ക് വിസ വേണമെന്ന് ആവശ്യപ്പെട്ടതിനാൽ അതും നൽകി. എന്നാൽ, വിസയടിച്ചശേഷമാണ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചത്. വി ഡി സതീശനും പിന്മാറി.
ഇതോടെ പ്രതിപക്ഷത്ത് നിന്ന് മറ്റൊരാളെ പങ്കെടുപ്പിക്കാനുള്ള ശ്രമമാരംഭിച്ചു. തുടർന്നാണ് മുരളീധരനെ ക്ഷണിച്ചത്. അദ്ദേഹത്തിന് വിസയും ടിക്കറ്റും ഏർപ്പാടാക്കി. പക്ഷേ യു എ ഇയിലെത്തിയതിന് പിന്നാലെ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ ചെന്ന് കണ്ടപ്പോൾ പരിപാടിയിൽ പങ്കെടുക്കാതിരിക്കാൻ തനിക്ക് കനത്ത സമ്മർദമുണ്ടെന്ന് പറയുകയായിരുന്നു.
ആരാണ് സമ്മർദം ചെലുത്തുന്നതെന്ന് ചോദിച്ചപ്പോൾ അതിപ്പോൾ പറയാനാകില്ലെന്നായിരുന്നു മറുപടി. ചെറിയ ആളുകളല്ല, ഉയർന്നവർ തന്നെയാണെന്നും പറഞ്ഞു. താങ്കൾ യു ഡി എഫിന്റെ ഭാഗമാണ്. അതുകൊണ്ട് പരിപാടിയിൽ പങ്കെടുക്കരുതെന്നായിരുന്നു മുരളീധരനെ അവർ അറിയിച്ചത്.
എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാലിനെ വിളിച്ച് അനുമതി വാങ്ങിത്തന്നാൽ പങ്കെടുക്കാമെന്ന് മുരളീധരൻ അറിയിച്ചെങ്കിലും അതുപ്രകാരം ബന്ധപ്പെട്ടപ്പോൾ അദ്ദേഹവും അനുകൂലസമീപനം സ്വീകരിച്ചില്ല. കോൺഗ്രസ്സ് നേതാക്കളെ ലീഗുകാർ വിലക്കിയെന്നാണ് ഇ കെ വിഭാഗത്തിന്റെ ഗൾഫിലെ നേതാവായ അബ്ദുർറഹ്മാൻ തങ്ങളുടെ വെളിപ്പെടുത്തലിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.
പാർട്ടി സംസ്ഥാന നേതൃയോഗം കോഴിക്കോട്ട് നടക്കുന്നതിനാലാണ് ലീഗ് നേതാക്കൾ പങ്കെടുക്കാതിരുന്നതെന്നായിരുന്നു പാർട്ടി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ മനഃപൂർവം പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ് ഈ വെളിപ്പെടുത്തൽ.