From the print
ഇ കെ സമസ്ത: ഏറ്റുമുട്ടാന്‍ ഉറച്ച് ഇരു ഗ്രൂപ്പുകളും
നദ്വിയെ തള്ളി മുസ്തഫ മുണ്ടുപാറ. ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ലീഗ് പിന്തുണയോടെ വിമര്‍ശിച്ചത് ഇ കെ സമസ്തയില്‍ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചിരിക്കുന്നത്.
കോഴിക്കോട് | കേന്ദ്ര മുശാവറ അംഗവും മുതിര്‍ന്ന നേതാവുമായ ബഹാഉദ്ദീന്‍ നദ്വി സംഘടനാ നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്തെത്തിയതിനെ തുടര്‍ന്ന് ഇ കെ വിഭാഗത്തില്‍ പോര് കനക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധം ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ലീഗ് പിന്തുണയോടെ വിമര്‍ശിച്ചത് ഇ കെ സമസ്തയില്‍ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചിരിക്കുന്നത്. ബഹാഉദ്ദീന്‍ നദ്വിയുടെ പ്രതികരണത്തില്‍ ജിഫ്രി തങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടെന്നാണറിയുന്നത്. നദ്വിക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഇ കെ വിഭാഗത്തില്‍ ഒരു വിഭാഗം വാദിക്കുമ്പോള്‍ ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിനെ വിമര്‍ശിച്ച ഉമര്‍ ഫൈസി മുക്കത്തിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് മറുവിഭാഗം ചോദിക്കുന്നു. ഫലത്തില്‍ സംഘടനക്കകത്ത് ഇരുചേരിയും പോരാട്ട വീര്യത്തിലാണ്.
സുപ്രഭാതം എഡിറ്ററും പബ്ലിഷറുമായ ബഹാഉദ്ദീന്‍ നദ്വിയെ വിമര്‍ശിച്ച് പത്രത്തിന്റെ സി ഇ ഒ മുസ്തഫ മുണ്ടുപാറയും രംഗത്തെത്തി. സുപ്രഭാതത്തിലെഴുതിയ ലേഖനത്തിലാണ് പത്രത്തിന്റെ എഡിറ്ററെ തന്നെ അദ്ദേഹം തള്ളിപ്പറയുന്നത്. ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള ഇ കെ വിഭാഗം നേതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുസ്തഫ മുണ്ടുപാറ നദ്വിക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നാണ് സൂചന. സംഘടനാ പത്രത്തിന് നയവ്യതിയാനമില്ലെന്ന് അടിവരയിടുന്ന മുസ്തഫ മുണ്ടുപാറ, നയം തീരുമാനിച്ചത് ഹൈദരലി ശിഹാബ് തങ്ങളുള്‍പ്പെടെയുള്ള നേതാക്കളാണെന്ന് നദ്വിയെയും ലീഗിനെയും ഓര്‍മിപ്പിക്കുന്നു. അന്നെടുത്ത തീരുമാനത്തില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെന്നാണ് അദ്ദേഹം മറുപടി നല്‍കുന്നത്. സ്വാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളുടെ തീയതി നോക്കിയാണ് ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനം നിശ്ചയിച്ചത്. പാര്‍ട്ടി നേതൃയോഗമുണ്ടായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന വിശദീകരണത്തിനാണ് അദ്ദേഹം ഇതോടെ മുനയൊടിച്ചത്.
ഇടതുപക്ഷത്തിന്റെ പരസ്യം നല്‍കിയത് മുശാവറ തീരുമാനപ്രകാരമാണെന്നും മുസ്തഫ മുണ്ടുപാറ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളില്‍ സംഘടനയില്‍ ശക്തിപ്പെടാനിടയുള്ള പരസ്യപോരിന്റെ പ്രതിഫലനമായാണ് പരസ്പര വിഴുപ്പലക്കലിനെ വിലയിരുത്തപ്പെടുന്നത്. ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഉമര്‍ ഫൈസി മുക്കം ഉള്‍പ്പെടെയുള്ള നേതാക്കളോട് കടുത്ത എതിര്‍പ്പുള്ള ലീഗിലെ ഒരു വിഭാഗം ഒരുക്കിയ രാഷ്ട്രീയ കെണിയായാണ് ബഹാഉദ്ദീന്‍ നദ്വിയുടെ പ്രതികരണത്തെ വിലയിരുത്തുന്നത്.
ഏറ്റുമുട്ടല്‍ തുടര്‍ന്നാല്‍ ഇ കെ സമസ്തയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് അത് വഴിവെച്ചേക്കും. അതിനിടെ, ഉമര്‍ ഫൈസി മുക്കവും ഹമീദ് ഫൈസി അമ്പലക്കടവും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച സംഘടനയില്‍ ഒരു വിഭാഗം വിവാദമാക്കി. സംഘടനയിലെ ഹമീദ് ഫൈസിയുടെ എതിരാളികളാണ് ഇതിന് പിന്നിലെന്നാണ് ഒരു വിഭാഗം കരുതുന്നത്.