Connect with us

Kerala

ഇ കെ സമസ്ത- ലീഗ് തര്‍ക്കം: ആരോടും മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് ഉമര്‍ ഫൈസി മുക്കം

പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചില്ലെന്ന് ജിഫ്രി തങ്ങളും നീതി പൂര്‍വമല്ല നേതാക്കളുടെ പ്രതികരണമെന്ന് സ്വാദിഖലി തങ്ങളും

Published

|

Last Updated

കോഴിക്കോട് / മലപ്പുറം | ഇ കെ സമസ്ത- മുസ്ലിം ലീഗ് പ്രശ്‌നത്തിന് സമവായമായില്ലെന്ന സൂചന നല്‍കി ഇരുവിഭാഗം നേതാക്കളുടെയും പരസ്യ പ്രസ്താവനകള്‍. ലീഗ് പ്രസിഡൻ്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ പ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിച്ചതിനെച്ചൊല്ലിയാണ് പുതിയ തര്‍ക്കം. സമസ്തക്കും ലീഗിനുമിടയിലെ എല്ലാ പ്രശ്‌നവും പരിഹരിച്ചില്ലെന്ന് ഇ കെ സമസ്ത ജോ. സെക്രട്ടറിയും മുശാവറ അംഗവുമായ ഉമര്‍ ഫൈസി മുക്കം മാധ്യമങ്ങളോട് പറഞ്ഞു.

ആരോടും ഖേദമൊന്നും പറയേണ്ട ആവശ്യമില്ല. മാപ്പൊന്നും പറഞ്ഞിട്ടില്ല. മാപ്പ് അല്ലാഹുവിനോട് മാത്രമേ പറയൂ. ഉണ്ടായ തെറ്റിദ്ധാരണകള്‍ ചര്‍ച്ച ചെയ്ത് ബോധ്യപ്പെടുത്തിയെന്നും ഉമര്‍ ഫൈസി പറഞ്ഞു.

പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചില്ലെന്ന് ഇ കെ സമസ്ത പ്രസിഡൻ്റ്  ജിഫ്രി തങ്ങളും വെളിപ്പെടുത്തി. ഇന്നലെ പാണക്കാട് കൂടിക്കാഴ്ചക്കെത്തിയ സമസ്ത നേതാക്കള്‍ക്കെതിരെ സ്വാദിഖലി തങ്ങളും രംഗത്തെത്തി. നീതി പൂര്‍വമല്ല നേതാക്കളുടെ പ്രതികരണമെന്നാണ് സ്വാദിഖലി തങ്ങളുടെ പ്രതികരണം.

പാണക്കാട്ടെത്തിയ ഉമര്‍ ഫൈസി മുക്കവും ഇ കെ വിഭാഗം യുവജന നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും സ്വാദിഖലി തങ്ങള്‍ക്കെതിരായ പരാര്‍മശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നാണ് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.

പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം ഹമീദ് ഫൈസി ഇന്നലെ മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രശ്‌നങ്ങള്‍ക്ക് സമവായമായെന്ന നിലയിലായിരുന്നു സംസാരിച്ചത്. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ നിജസ്ഥിതി സ്വാദിഖലി തങ്ങള്‍ക്ക് ബോധ്യമായെന്നായിരുന്നെന്നും പലതും ധാരണപ്പിശകുകളാണെന്നുമായിരുന്നു ഹമീദ് ഫൈസി അമ്പലക്കടവിൻ്റെ വിശദീകരണം.